Breaking NewsKeralaLead NewsNEWSNewsthen Specialpolitics

സതീശന്‍ പറഞ്ഞ ഗംഭീര പ്രഖ്യാപനം ഇതോ? ജനുവരി പകുതിയോടെ നിയമസഭാ സ്ഥാനാര്‍ഥികള്‍ വരും; കെ. മുരളീധരന്‍ ഗുരുവായൂരില്‍; വി.എം. സുധീരന്‍ അടക്കമുള്ള മുതിര്‍ന്നവര്‍ വീണ്ടും അങ്കത്തട്ടിലേക്ക്; അന്വേഷണ കമ്മീഷന്‍ ശിപാര്‍ശകള്‍ നടപ്പാക്കി തെറ്റുതിരുത്തും

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ വമ്പന്‍ വിജയത്തിനു പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ തയാറെടുപ്പുകളിലേക്കു കടക്കാന്‍ കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പു സമയത്തെ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ ഒഴിവാക്കി മൂന്നുമാസം മുമ്പുതന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. നിലവിലെ വിവരങ്ങള്‍ അനുസരിച്ച് ജനുവരി പകുതിയോടെയെങ്കിലും കേരളത്തില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ അവതരിപ്പിക്കും. ഇവരെ മുന്നില്‍നിര്‍ത്തിയുള്ള പ്രചാരണങ്ങള്‍ക്കും തുടക്കിമിടും.

 

Signature-ad

ജനുവരിയില്‍ ഗംഭീര പ്രഖ്യാപനമുണ്ടാകുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നല്‍കുന്ന സൂചനയും ഇതിലേക്കാണു വിരല്‍ ചൂണ്ടുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തിലടക്കം സതീശന്‍ എടുത്ത കര്‍ക്കശ നിലപാടുകള്‍ പാര്‍ട്ടിക്കു ഗുണം ചെയ്തതോടെ സ്ഥാനാര്‍ഥി നിര്‍ണയത്തിലും അദ്ദേഹത്തിനു മേല്‍ക്കൈയുണ്ട്.

 

2021ലെ തെരഞ്ഞെടുപ്പു പരാജയത്തിനു പിന്നാലെ കോണ്‍ഗ്രസിന്റെ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ പാലിക്കാനാണ് ശ്രമം. ആറുമാസം മുമ്പേ സ്ഥാനാര്‍ഥികളെ കണ്ടെത്തി പ്രചാരണം ആരംഭിക്കണമെന്നാണു കമ്മീഷന്‍ നിര്‍ദേശമെങ്കിലും മൂന്നുമാസം മുമ്പെങ്കിലും നടപ്പാക്കാനാണു നീക്കം. തദ്ദേശ തെരഞ്ഞെടുപ്പില്‍ സാമുദായിക സമവാക്യങ്ങള്‍ അനുസരിച്ചു മേയര്‍മാരെ കണ്ടെത്തുന്നതിനു പിന്നാലെ നിയമസഭകളിലേക്കുള്ള ചര്‍ച്ചകളും ആരംഭിക്കും.

 

കെ.സി. വേണുഗോപാല്‍, വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല എന്നിവരുടെ നേതൃത്വത്തിലായിരിക്കും നീക്കങ്ങള്‍. നിലവില്‍ സ്ഥാനങ്ങളൊന്നും ഇല്ലാത്ത കെ. മുരളീധരനെ ഗുരുവായൂര്‍ സീറ്റില്‍ മത്സരിപ്പിക്കും. സിറ്റിംഗ് സീറ്റുകളില്‍ അതാത് ആളുകളെത്തന്നെ മത്സരിപ്പിക്കും. കുന്നംകുളത്തെ സീറ്റ് തവനൂരില്‍ ലീഗുമായി വച്ചുമാറാനും നീക്കമുണ്ട്. തവനൂരില്‍ കഴിഞ്ഞവട്ടം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.കെ. ഫിറോസ് ആണു മത്സരിച്ചു പരാജയപ്പെട്ടത്. ഇൗ സീറ്റ് തിരിച്ചെടുത്ത ശേഷം 19 ശതമാനത്തിലധികം മുസ്ലിംകളുള്ള കുന്നംകുളം പകരം നല്‍കും. മലപ്പുറത്തു ലീഗിന്റെ അപ്രമാദിത്വം അവസാനിപ്പിക്കാനും ഇതിലൂടെ കഴിയുമെന്നു വിലയിരുത്തുന്നു.

 

കഴിഞ്ഞവട്ടം രമ്യ ഹരിദാസ് മത്സരിച്ച ചേലക്കരയില്‍ ഇക്കുറി കെ.വി. ദാസനാണ് സാധ്യത. ഒല്ലൂരില്‍ ടോള്‍ വിഷയത്തിലടക്കം ശക്തമായ ഇടപെടല്‍ നടത്തിയ കെപിസിസി സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്തിനെ ഇറക്കും. ഷാജിക്കു രമേശ് ചെന്നിത്തലയുടെ ശക്തമായ പിന്തുണയുണ്ട്. കഴിഞ്ഞ വട്ടം മത്സരിച്ച മുന്‍ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിനെ എവിടെ മത്സരിപ്പിക്കുമെന്ന ആശങ്കയുണ്ട്.

 

തൃശൂരില്‍ രാജന്‍ പല്ലന് സാധ്യത പറയുന്നുണ്ടെങ്കിലും കോര്‍പറേഷന്‍ മേയറായി ക്രിസ്ത്യാനിക്ക് അവസരം നല്‍കിയാല്‍ നിലവിലെ തൃശൂര്‍ യുഡിഎഫ് കണ്‍വീനര്‍ ടി.വി. ചന്ദ്ര മോഹന്‍ എന്നിവര്‍ക്കു സാധ്യതയുണ്ട്. ഈ സീറ്റിലേക്കു നിലവിലെ ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റും നോട്ടമിടുന്നു. മണലൂരില്‍ വി.എം. സുധീരനെയും ടി.എന്‍. പ്രതാപനെയും പരിഗണിക്കുന്നുണ്ട്. രമ്യ ഹരിദാസിനു നാട്ടികയില്‍ നോട്ടമുണ്ടെങ്കിലും കോഴിക്കോടുള്ള സീറ്റിലേക്കും പരിഗണിക്കുന്നു. ആറുമുതല്‍ എട്ടു സീറ്റുകള്‍വരെ ലക്ഷ്യമിട്ടാണ് തൃശൂരില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം.

 

നിലവില്‍ മേയര്‍ തെരഞ്ഞെടുപ്പിലെ വമ്പന്‍ വിജയത്തിനു പിന്നാലെ ലാലൂരില്‍നിന്നു ജയിച്ച ലാലി ജെയിംസിനെ തന്നെയാകും പരിഗണിക്കുക. ഡെപ്യൂട്ടി മേയറായി നായര്‍ സമുദായത്തില്‍നിന്നുള്ള എ. പ്രസാദിനെയും പരിഗണിക്കുന്നു. അങ്ങനെ വന്നാല്‍ തൃശൂര്‍ നിയമസഭാ സീറ്റിലേക്കു നായര്‍ സമുദായത്തില്‍നിന്നുള്ള ടി.വി. ചന്ദ്രമോഹനുതന്നെ നറുക്കുവീഴും. ശ്യാമള മുരളീധരന്‍, സുബി ബാബു, ഷീന ചന്ദ്രന്‍ എന്നിവരില്‍ ഒരാളെ മേയര്‍ ആക്കിയാല്‍ ഡെപ്യൂട്ടി മേയറായി ബൈജു വര്‍ഗീസിനാണു സാധ്യത. അഡ്വ. വില്ലി ജിജോയുടെ പേര് തൃശൂര്‍ അതിരൂപത നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും കോര്‍പറേഷന്‍ സീറ്റ് നിര്‍ണയം നടത്തിയ തേറമ്പില്‍ രാമകൃഷ്ണന്‍ അടക്കമുള്ളവര്‍ക്ക് താത്പര്യമില്ല. ശ്യാമള മുരളീധരന്റെ പേരാണു തേറമ്പില്‍ നല്‍കിയത്. മാത്രമല്ല, തൃശൂരിലെ കോണ്‍ഗ്രസിന്റെ വിജയത്തില്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ക്കു വലിയ പങ്കില്ലെന്ന വിലയിരുത്തലുമുണ്ട്. ഇത് സുരേഷ് ഗോപിയുടെ വിജയത്തിലൂടെ വ്യക്തമായതുമാണ്.

 

Back to top button
error: