അമരാവതി: ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും തെലുഗു ദേശം പാര്‍ട്ടി (ടിഡിപി) അധ്യക്ഷനുമായ ചന്ദ്രബാബു നായിഡു അറസ്റ്റില്‍. അഴിമതിക്കേസില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്. ശനിയാഴ്ച രാവിലെ ആറു മണിയോടെയാണ് നന്ത്യല്‍ പൊലീസിലെ സിഐഡി വിഭാഗമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നൈപുണ്യ വികസന പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ് അറസ്റ്റെന്ന് നന്ത്യാല്‍ ഡിഐജി രഘുറാമി റെഡ്ഡി അറിയിച്ചു.
ടിഡിപിയുടെ യുട്യൂബ് ചാനലിന്റെ സംപ്രേക്ഷണവും പൊലീസ് തടഞ്ഞു. നന്ത്യാല്‍ ഡിഐജിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം പൊലീസ് പുലര്‍ച്ചെ മൂന്നു മണിയോടെ നായിഡുവിനെതിരെ അറസ്റ്റ് വാറന്റുമായി എത്തിയത്. നഗരത്തിലെ ടൗണ്‍ ഹാളില്‍ ഒരു പരിപാടിക്കു ശേഷം തന്റെ കാരവനില്‍ വിശ്രമിക്കുകയായിരുന്നു നായിഡു. ആറുമണിയാകാതെ അദ്ദേഹത്തെ വിളിക്കാനാവില്ലെന്ന് സുരക്ഷാ ചുമതലയുള്ള എസ്പിജി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതേത്തുടര്‍ന്നാണ് ആറുമണിയോടെ അറസ്റ്റ് ഉണ്ടായത്.
സംഭവസ്ഥലത്തുണ്ടായിരുന്ന ടിഡിപി പ്രവര്‍ത്തകര്‍ കനത്ത പ്രതിഷേധം ഉയര്‍ത്തിയെങ്കിലും പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. എഫ്‌ഐആറില്‍ നായിഡുവിന്റെ പേരില്ലെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ പ്രതിഷേധം അറിയിച്ചു. അറസ്റ്റിനെ തുടര്‍ന്ന് വലിയ കൂട്ടം പ്രവര്‍ത്തകര്‍ പ്രദേശത്ത് തടിച്ചുകൂടി. വന്‍ പൊലീസ് സംഘവും നന്ത്യാലില്‍ ക്യാംപ് ചെയ്യുന്നുണ്ട്.
താന്‍ ആക്രമിക്കപ്പെടാമെന്നും അറസ്റ്റ് ചെയ്യപ്പെടാമെന്നും രണ്ടു ദിവസം മുന്‍പ് ചന്ദ്രബാബു നായിഡു അണികളോട് പറഞ്ഞതിന് പിന്നാലെയാണ് സംഭവം. 372 കോടിയുടെ അഴിമതി ആരോപണമുയര്‍ന്ന കേസില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. നായിഡുവിന്റെ മകന്‍ നാരാ ലോകേഷും പൊലീസ് കസ്റ്റഡിയിലാണ്. ഈസ്റ്റ് ഗോദാവരി ജില്ലയില്‍ പാര്‍ട്ടി പരിപാടിക്ക് എത്തിയതിനിടെയാണ് ലോകേഷിനെ കസ്റ്റഡിയില്‍ എടുക്കുന്നത്. നാരാ ലോകേഷും പൊലീസും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായി. നായിഡുവിനെ മെഡിക്കല്‍ പരിശോധനകള്‍ക്കു ശേഷം വിജയവാഡയിലേക്ക് മാറ്റും.