കൊച്ചി: ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തില്‍ പോളിയസ്റ്റര്‍ പട്ടുകള്‍ സമര്‍പ്പിക്കുന്നത് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് നിരോധിച്ചു. നിരോധനം ഇന്നലെ പ്രാബല്യത്തിലായി. കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലും നിരോധനം ഉടനുണ്ടാകും. ക്ഷേത്രം കൗണ്ടറിലും ഇനി കോട്ടണ്‍ പട്ടുകളാണ് ലഭ്യമാകുക.
പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ചെറുതും വലുതുമായ ആയിരക്കണക്കിന് ചുവപ്പുപട്ടുകളാണ് മാസംതോറും രണ്ട് ക്ഷേത്രങ്ങളിലേക്കും സമര്‍പ്പണ വഴിപാടായി എത്തുന്നത്. ചോറ്റാനിക്കര പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് നിരോധനം. ക്ഷേത്രപരിസരത്തെ കടകള്‍ക്കും നോട്ടീസും നല്‍കി.
സമര്‍പ്പിച്ച പട്ടുകള്‍ കുഴിച്ചുമൂടുകയാണ് ചെയ്തിരുന്നത്. മൂടിയവ ഉള്‍പ്പെടെ ചോറ്റാനിക്കര ക്ഷേത്രവളപ്പില്‍നിന്ന് ഒരുലോഡ് പട്ടുകള്‍ രണ്ടാഴ്ചമുമ്പ് സംസ്‌കരിക്കാനായി പഞ്ചായത്ത് ഏറ്റെടുത്തു. കൊടുങ്ങല്ലൂരും കെട്ടുകണക്കിന് സ്റ്റോക്കുണ്ട്. ലേലത്തില്‍വച്ചാല്‍ ഇവ വാങ്ങാനും ആളില്ല. രണ്ട് ക്ഷേത്രവളപ്പുകളിലെ മണ്ണിലും മരങ്ങളിലും വര്‍ഷങ്ങളായി സിന്തറ്റിക് പട്ടുകള്‍ ജീര്‍ണ്ണിക്കാതെ നിറഞ്ഞുകിടക്കുകയാണ്. പ്‌ളാസ്റ്റിക് സ്വര്‍ണ്ണനൂലുകളും മറ്റ് അലങ്കാരങ്ങളും നിറഞ്ഞ സിന്തറ്റിക് പട്ടുകള്‍ക്ക് വിലയും കുറവാണ്.
പട്ടുസാരികളും പ്രശ്‌നം
ഭഗവതിമാര്‍ക്ക് ചാര്‍ത്താന്‍ സമര്‍പ്പിക്കുന്ന പട്ടുസാരികളില്‍ നല്ലൊരുഭാഗം യഥാര്‍ത്ഥ പട്ടല്ല. ചാര്‍ത്തിയ പട്ടുസാരികള്‍ ലേലത്തില്‍ പോകുമെന്നതിനാല്‍ ബോര്‍ഡിന് വലിയ തലവേദനയില്ല.
പതിനായിരങ്ങള്‍ വിലയുള്ള ഓരോസാരിയും വിദഗ്ദ്ധര്‍ മൂല്യം നിശ്ചയിച്ചാണ് ലേലംചെയ്യുന്നത്. പട്ടുസാരികളും യഥാര്‍ത്ഥമായിരിക്കണമെന്ന നിര്‍ദ്ദേശവും ബോര്‍ഡ് പരിഗണിക്കും.
പട്ട് സമര്‍പ്പണം
വിവാഹതടസ്സം മാറാനും അഭീഷ്ടസിദ്ധിക്കുമായാണ് ഭഗവതിമാര്‍ക്ക് പട്ടുംതാലിയും പട്ടുമാത്രമായും സമര്‍പ്പിക്കുന്നത്. ചോറ്റാനിക്കരയില്‍ ആഗസ്റ്റില്‍മാത്രം അയ്യായിരത്തിലേറെ പട്ട് സമര്‍പ്പണം രസീതാക്കിയിട്ടുണ്ട്. ക്ഷേത്രകൗണ്ടറില്‍ ചെറിയപട്ടിന് 40രൂപയും വലുതി?ന് 120രൂപയുമാണ് നിരക്ക്. കൊടുങ്ങല്ലൂരി?ല്‍ 35രൂപയും.
പ്‌ളാസ്റ്റിക് ഒഴിവാക്കും
പൂജാസാമഗ്രികള്‍ ഏറെയും പ്‌ളാസ്റ്റിക് കവറുകളിലാണ് വരുന്നത്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍നിന്ന് പ്‌ളാസ്റ്റിക് പരമാവധി ഒഴിവാക്കണമെന്നാണ് നയം. ക്ഷേത്രങ്ങള്‍ക്ക് സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കും.