CrimeNEWS

സിപിഎമ്മുകാര്‍ വെട്ടിയ ബിജെപിക്കാരന് 1.5 ലക്ഷം; ആലപ്പുഴയില്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ രഹസ്യചര്‍ച്ച

ആലപ്പുഴ: സിപിഎം പ്രവര്‍ത്തകര്‍ ചേര്‍ന്ന് ബിജെപി പ്രവര്‍ത്തകനെ വെട്ടിയ കേസ് പണം നല്‍കി ഒത്തുതീര്‍പ്പാക്കാന്‍ ഇരു പാര്‍ട്ടികളുടെയും പ്രാദേശിക നേതാക്കള്‍ രഹസ്യ ചര്‍ച്ച നടത്തി. വെട്ടേറ്റയാള്‍ക്ക് നഷ്ടപരിഹാരമായി 1.5 ലക്ഷം രൂപ പാര്‍ട്ടി ഫണ്ടില്‍ നിന്ന് നല്‍കാന്‍ ധാരണയായെന്നാണ് വിവരം.

സിപിഎം മുല്ലയ്ക്കല്‍ ലോക്കല്‍ കമ്മിറ്റി അംഗം ഉള്‍പ്പെടെ നാലുപേര്‍ പ്രതികളായ കേസിന്റെ വിചാരണ കഴിഞ്ഞയാഴ്ച നടക്കേണ്ടതായിരുന്നു. എന്നാല്‍, ‘ഒത്തുതീര്‍പ്പ്’ ആകാത്തതിനാല്‍ വാദിയെക്കൊണ്ട് അവധി അപേക്ഷ നല്‍കി. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഉള്‍പ്പെടെ മൂന്നുപേര്‍ ചര്‍ച്ചയില്‍ പങ്കെടുത്തെന്നാണ് വിവരം. 50,000 രൂപ മുന്‍കൂറായി നല്‍കാമെന്നും കേസ് പിന്‍വലിക്കുമ്പോള്‍ ബാക്കി നല്‍കാമെന്നും ധാരണയായി. സിപിഎം ജില്ല, ഏരിയ നേതൃത്വങ്ങള്‍ അറിയാതെയായിരുന്നു ഒത്തുതീര്‍പ്പ് നീക്കം. ബിജെപി നേതൃത്വവും ഇക്കാര്യം അറിഞ്ഞിരുന്നില്ല. വാര്‍ത്ത പുറത്തുവന്നതോടെ രണ്ട് പാര്‍ട്ടികളുടെയും ജില്ലാ നേതൃത്വങ്ങള്‍ അന്വേഷണം തുടങ്ങി.

Signature-ad

2019 ജനുവരിയില്‍ വിളഞ്ഞൂരില്‍ സിപിഎം, ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ പല തവണ സംഘര്‍ഷമുണ്ടായിരുന്നു. ഇതിനിടെയാണ് ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റത്. ഇയാളുടെ കൈവിരല്‍ അറ്റുപോയി. ആലപ്പുഴ ഏരിയ കമ്മിറ്റി പരിധിയിലെ ലോക്കല്‍ കമ്മിറ്റികളില്‍ ഈയിടെ നടത്തിയ പുനഃക്രമീകരണങ്ങളാണ് രഹസ്യചര്‍ച്ചയുടെ വിവരം പുറത്തുവരാന്‍ കാരണം. പാര്‍ട്ടി ഫണ്ടില്‍ നിന്ന് നഷ്ടപരിഹാരം നല്‍കുന്നതില്‍ എതിര്‍പ്പുള്ളവര്‍ പ്രാദേശിക നേതൃത്വത്തിലുണ്ട്.

 

Back to top button
error: