KeralaNEWS

കോരുത്തോട് ഉരുൾപൊട്ടൽ;പശുത്തൊഴുത്ത് ഉൾപ്പെടെ ഒലിച്ചുപോയി

മുണ്ടക്കയം: തിങ്കളാഴ്ച മുതല്‍  പെയ്തിറങ്ങിയ അതിശക്തമായ മഴയിൽ കോട്ടയം ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ വ്യാപക നാശനഷ്ടങ്ങൾ.കോരുത്തോട് കോസടി ഭാഗത്ത് വനത്തില്‍നിന്ന് ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 ഓടെ ഉണ്ടായ ഉരുള്‍പൊട്ടലിൽ  കോസടി മണ്ഡപത്തില്‍ കുട്ടിയച്ചന്‍റെ പശുത്തൊഴുത്ത് ഒലിച്ചു പോയി.പശുക്കൾ ഉൾപ്പെടെയാണ് ഒലിച്ചുപോയത്.

കനത്ത മഴയിൽ തോടുകളിലും ആറുകളിലുമെല്ലാം ജലനിരപ്പ് ഉയര്‍ന്നു.
പുല്ലകയാറ്റിലും മണിമലയാറ്റിലും ജലനിരപ്പുയര്‍ന്നതോടെ കൂട്ടിക്കല്‍ ചപ്പാത്തും മുണ്ടക്കയം കോസ് വേയും കരകവിഞ്ഞൊഴുകുന്ന സാഹചര്യത്തിലാണ്. കൂട്ടിക്കല്‍, മുണ്ടക്കയം, കോരുത്തോട്, കൊക്കയാര്‍, പെരുവന്താനം പഞ്ചായത്തുകളിലെല്ലാം ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്.

ചിലയിടങ്ങളില്‍ റോഡിന്‍റെയും വീടുകളുടെയും സംരക്ഷണഭിത്തി തകര്‍ന്നു.മണിമലയാറ്റില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ മുണ്ടക്കയത്തിന് സമീപത്തുള്ള സ്കൂളുകള്‍ക്ക് ഇന്നലെ ഉച്ചകഴിഞ്ഞ് അവധി നല്‍കി. ഉച്ചയ്ക്ക് ശേഷം മഴയ്ക്ക് നേരിയ ശമനമുണ്ടായിരുന്നെങ്കിലും വൈകുന്നേരം നാലോടെ വീണ്ടും മഴ ശക്തിപ്രാപിച്ചു. രാത്രിയിലും ശക്തമായ മഴയായിരുന്നു ഈ‌ ഭാഗങ്ങളിൽ ഉണ്ടായത്. അടിയന്തര സാഹചര്യം നേരിടുവാൻ വിവിധ വകുപ്പുകള്‍ സുരക്ഷാക്രമീകരണങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്.

 കനത്ത മഴയില്‍ മൂക്കൻപെട്ടി, അറയാഞ്ഞിലിമണ്ണ്, ഓരുങ്കല്‍കടവ് പാലങ്ങളും കണമലയില്‍ ഗതാഗതമില്ലാത്ത പഴയ കോസ്‌വേ പാലവും മണിക്കൂറുകളോളം വെള്ളത്തിനടിയിലായി. മണിപ്പുഴ പത്തായക്കുഴി പാലത്തിന്‍റെ ഒരു ഭാഗം വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന് ഒലിച്ചുപോയി.

ഏയ്ഞ്ചല്‍വാലി പാലത്തില്‍ വെള്ളം കയറുന്ന സ്ഥിതിയിലെത്തിയിരുന്നു. മേഖലയില്‍ മണിമലയാറും അഴുത, പമ്ബ, നദികളും തോടുകളും കര കവിഞ്ഞൊഴുകി. പൊരിയന്മല ഭാഗത്ത് റോഡിന്‍റെ കോണ്‍ക്രീറ്റ് സംരക്ഷണഭിത്തി വീടിന്‍റെ സമീപത്തേക്ക് ഇടിഞ്ഞുവീണു. മുക്കൂട്ടുതറയിലെ പഴക്കം ചെന്ന ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടത്തില്‍നിന്നു കോണ്‍ക്രീറ്റ് കഷണങ്ങള്‍ അടര്‍ന്നുവീണ് അപകടമുണ്ടായെങ്കിലും ആര്‍ക്കും പരിക്കില്ല.

മണിമല പഴയിടം പാലത്തില്‍ വെള്ളം കയറിയതോടെ അക്കരെ ഇക്കരെ കടക്കാനാവാതെ നാട്ടുകാര്‍ വലഞ്ഞു. തുടര്‍ന്ന് കാഞ്ഞിരപ്പള്ളി – ചേനപ്പാടി വഴിയും മണിമല – പഴയിടം റോഡു വഴിയുമാണ് യാത്രക്കാര്‍ സഞ്ചരിച്ചത്.

Back to top button
error: