KeralaNEWS

ഏക സിവില്‍കോഡില്‍ ലീഗ് നേതൃത്വത്തില്‍ മുസ്ലിം സംഘടനകളുടെ യോഗം; നിരീക്ഷിച്ച് സിപിഎമ്മും കോണ്‍ഗ്രസും

കോഴിക്കോട്: രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പാക്കുന്നതിനെതിരെ പ്രക്ഷോഭ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിന് മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച യോഗം ചേരും.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ മുസ്ലിം മതസംഘടനകളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം രാവിലെ 10-ന് കോഴിക്കോട്ടാണ് ചേരുന്നത്. എ.പി. വിഭാഗം സുന്നി പ്രതിനിധികളടക്കം യോഗത്തില്‍ പങ്കെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ മുസ്ലിം ലീഗുമായും ഇ.കെ.വിഭാഗം സുന്നികളുമായും ഐക്യത്തിന് സന്നദ്ധത അറിയിച്ചിരിക്കുന്ന ഘട്ടത്തില്‍ നടക്കുന്ന യോഗത്തിന് ഏറെ രാഷ്ട്രീയ പ്രധാന്യവുമുണ്ട്. അതുകൊണ്ടുതന്നെ സിപിഎമ്മും കോണ്‍ഗ്രസും യോഗത്തെ നിരീക്ഷിച്ചുവരികയാണ്.

Signature-ad

പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ സിപിഎം മേല്‍ക്കൈ നേടിയത് രാഷ്ട്രീയമായി ക്ഷീണംചെയ്ത പശ്ചാത്തലത്തില്‍ ഏക സിവില്‍കോഡിനെതിരായ പ്രതിഷേധം ഏറെ പ്രധാന്യത്തോടെയാണ് ലീഗ് എടുത്തിരിക്കുന്നത്. ഏക സിവില്‍കോഡ് നടപ്പാക്കുമെന്ന് സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവന നടത്തിയതിന് പിന്നാലെ തന്നെ ലീഗ് അടിയന്തര യോഗങ്ങള്‍ വിളിച്ചുചേര്‍ത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് മുസ്ലിം സംഘടനകളെ ഒരുമിപ്പിച്ച് പ്രക്ഷോഭ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്. ഒപ്പം, കാന്തപുരത്തിന്റെ ഐക്യ ആഹ്വാനത്തിന് സമസ്തയും പച്ചക്കൊടി കാണിച്ചതോടെ സംഘടനകളെ ഒരുമിച്ച് കൊണ്ടുവരാനുള്ള വേദി ഏക സിവില്‍കോഡിലൂടെ ലീഗിന് ലഭിച്ചിരിക്കുകയാണ്.

സുന്നി വിഭാഗങ്ങള്‍ തമ്മിലുള്ള ഐക്യം യാഥാര്‍ഥ്യമാകുകയും അതിനുശേഷം എ.പി. വിഭാഗത്തിന്റെ രഷ്ട്രീയ നിലപാടില്‍ മാറ്റമുണ്ടാകുകയും ചെയ്താല്‍ അത് എല്‍.ഡി.എഫിനുണ്ടാക്കുന്ന നഷ്ടം ചെറുതാവില്ല. ഈ അപകടം തിരിച്ചറിഞ്ഞാണ് ഏക സിവില്‍കോഡിനെതിരെ നടത്തുന്ന പ്രക്ഷോഭത്തിന് ലീഗിനെ അടക്കം സിപിഎം ക്ഷണിച്ചിരിക്കുന്നത്. കൂടാതെ ഇന്നത്തെ ലീഗ് യോഗത്തില്‍ പങ്കെടുക്കുന്ന ഇരു സുന്നിവിഭാഗങ്ങളേയും സിപിഎം ക്ഷണിക്കും.

അതേസമയം, സിപിഎമ്മിനൊപ്പം പ്രക്ഷോഭത്തിനിറങ്ങുന്നതിനോട് സമസ്തയിലെ ഒരു വിഭാഗം എതിര്‍പ്പ് പരസ്യമായി പ്രകടിപ്പിച്ച് രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. ക്ഷണം സംബന്ധിച്ച് ലീഗിലും ഭിന്നാഭിപ്രായങ്ങളുണ്ട്. സിപിഎമ്മിന്റെ ക്ഷണം രാഷ്ട്രീയ മുതലെടുപ്പാണെന്ന് ആരോപിച്ച് എം.കെ. മുനീറടക്കമുള്ള ചില നേതാക്കള്‍ പൂര്‍ണ്ണമായും തള്ളുമ്പോള്‍ പി.കെ. കുഞ്ഞാലിക്കുട്ടിയടക്കമുള്ളവര്‍ ക്ഷണം തള്ളിയിട്ടില്ല.

മുസ്ലിം ലീഗിനെ വിളിക്കേണ്ടത് ഇങ്ങനെയല്ലെന്നായിരുന്നു സി.പി.എം. ക്ഷണം സംബന്ധിച്ച് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാമിന്റെ പ്രതികരണം. ഔദ്യോഗികമായി ക്ഷണിക്കുമ്പോള്‍ മറുപടിപറയാമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു പാര്‍ട്ടി ഒറ്റയ്ക്കുള്ള പ്രതിഷേധമല്ല, സംഘടിത പ്രക്ഷോഭമാണ് വേണ്ടതെന്നായിരുന്നു മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പ്രതികരണം.

അതേസമയം, ഏക സിവില്‍കോഡില്‍ കോണ്‍ഗ്രസ് ഇതുവരെ കൃത്യമായ നിലപാട് പ്രഖ്യാപിക്കാത്തതില്‍ ലീഗിനും സമസ്തയ്ക്കും എതിര്‍പ്പുണ്ട്. എന്നാല്‍, കേരളത്തില്‍ പ്രക്ഷോഭം രാഷ്ട്രീയമായി ഏറ്റെടുക്കാന്‍ സി.പി.എം. തീരുമാനിച്ചതിനുപിന്നാലെ സമരാസൂത്രണത്തിലേക്ക് കോണ്‍ഗ്രസും നീങ്ങിയിട്ടുണ്ട്.

ഏക സിവില്‍കോഡിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിന് നിലപാടില്ലെന്ന ആരോപണം സി.പി.എം. ഉന്നയിക്കുന്നതിനെ പ്രതിരോധിക്കേണ്ട ബാധ്യതകൂടി കോണ്‍ഗ്രസിന് മുമ്പിലുണ്ട്. അതിനാല്‍, സമരപരിപാടികള്‍ക്കും പ്രചാരണരീതികള്‍ക്കും രൂപംനല്‍കാന്‍ ബുധനാഴ്ച കെ.പി.സി.സി. നേതൃയോഗം ചേരാന്‍ തീരുമാനിച്ചു.

ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള സാഹചര്യമോ അടിയന്തര ആവശ്യമോ നിലവിലില്ലെന്ന് കഴിഞ്ഞ നിയമകമ്മിഷന്റെ നിലപാടില്‍നിന്ന് മാറേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് ദേശീയതലത്തില്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്. ഇതാണ് സി.പി.എമ്മിന്റെയും നിലപാട്. ഹിമാചല്‍പ്രദേശിലെ മന്ത്രി വിക്രമാദിത്യ സിങ് ഏക സിവില്‍കോഡിന് പിന്തുണ പ്രഖ്യാപിച്ചതാണ് കോണ്‍ഗ്രസിനെ കുഴക്കുന്നത്. ഇതാണ് സി.പി.എം. ആയുധമാക്കുന്നതും. എന്നാല്‍, ലീഗിനെയടക്കം ഉന്നമിട്ട് യു.ഡി.എഫില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള നീക്കംകൂടി സി.പി.എം. നടത്തുന്നുണ്ടെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.

ഏക സിവില്‍കോഡിനെതിരേ എ.ഐ.സി.സി.ക്കും കെ.പി.സി.സി.ക്കും വ്യക്തവും ശക്തവുമായ നിലപാടാണുള്ളതെന്ന് പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞു. ഇത് ബി.ജെ.പി.യുടെ ഒരു തിരഞ്ഞെടുപ്പ് കോഡാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

Back to top button
error: