പത്തനംതിട്ട: വീട്ടുടമയില്‍ നിന്ന് 500 രൂപയും വാങ്ങി മടങ്ങിയ അതിഥിത്തൊഴിലാളി 5 മണിക്കൂറില്‍ തിരികെയെത്തി വീട്ടില്‍ ഒറ്റയ്ക്കായിരുന്ന വീട്ടമ്മയുടെ സ്വര്‍ണ മാല പൊട്ടിച്ചെടുത്ത് കടന്നു. പ്രതിയെ 3 മണിക്കൂറിനുള്ളില്‍ കുടുക്കി പോലീസ്. ഐത്തല മങ്കുഴി ജംക്ഷന്‍ ഒറ്റത്തൈക്കല്‍ മോളിയാമ്മ തോമസിന്റെ (88) മൂന്നര പവന്റെ മാലയാണ് നഷ്ടപ്പെട്ടത്. ബിഹാര്‍ സ്വദേശി ഗഗനദേവ് താക്കൂറാണ് (39) പിടിയിലായത്.
ഇന്നലെ 2 നാണ് സംഭവം. മകന്‍ മോഹന്‍ തോമസിനൊപ്പമാണ് മോളിയാമ്മ താമസിക്കുന്നത്. ഐത്തല പള്ളിയില്‍ വിവാഹത്തില്‍ സംബന്ധിക്കാന്‍ മകനും ഭാര്യയും പോയിരിക്കുകയായിരുന്നു. വീടിന്റെ പൂമഖത്ത് നില്‍ക്കുമ്പോള്‍ അപരിചിതനെത്തി മോളിയാമ്മയുടെ കഴുത്തില്‍ കുത്തിപ്പിടിച്ച് മാല പൊട്ടിച്ചെടുക്കുകയായിരുന്നു. പിടിവലിയില്‍ കണ്ണട മുറ്റത്തു വീണു. മകനും ഭാര്യയും മടങ്ങിയെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. പിന്നാലെ പോലീസ് അന്വേഷണം ആരംഭിച്ചു.
അസാധാരണമായി ആരെങ്കിലും വീട്ടിലെത്തിയിരുന്നോയെന്ന എസ്‌ഐ ശ്രീഗോവിന്ദിന്റെ ചോദ്യമാണ് പ്രതിയിലേക്കെത്തിച്ചത്. പള്ളിയില്‍ കൂലിപ്പണി ചെയ്യുന്ന ഗഗനദേവ് രാവിലെ വീട്ടിലെത്തി 500 രൂപ വാങ്ങിയിരുന്നെന്ന് ഐത്തല പള്ളിയിലെ ട്രസ്റ്റി കൂടിയായ മോഹന്‍ അറിയിച്ചു.
പിജെടി ജംക്ഷന് സമീപത്തെ ലോഡ്ജില്‍ താമസിക്കുന്ന ഗഗനദേവിനെ കണ്ടെത്തി ചോദ്യം ചെയ്തപ്പോള്‍ ആദ്യം കുറ്റം നിഷേധിച്ചെങ്കിലും പിന്നീട് സത്യം തുറന്നു പറഞ്ഞു. ലോഡ്ജിനു സമീപം കുഴിച്ചിട്ടിരുന്ന മാല ഇയാള്‍ തന്നെ മണ്ണിനടിയില്‍ നിന്നെടുത്ത് പോലീസിനു കൈമാറി. മോഹന്‍ തോമസ് ഭാര്യയും പള്ളിയില്‍ കല്യാണത്തിനെത്തുമെന്ന് ഇയാള്‍ അറിഞ്ഞിരുന്നു. ഇതു കണക്കാക്കിയായിരുന്നു മോഷണം.