KeralaNEWS

‘കട്ടന്‍ ചായയും പരിപ്പു വടയും’ സാഡിസ്റ്റ് ചിന്താഗതി: മന്ത്ര രാധാകൃഷ്ണന്‍

കൊച്ചി: കമ്യൂണിസ്റ്റുകാര്‍ക്ക് കട്ടന്‍ ചായയും പരിപ്പു വടയും മതി എന്നത് ഒരു സാഡിസ്റ്റ് ചിന്താഗതിയാണെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍. വാക്കും പ്രവൃത്തിയും ഒന്നായിരിക്കുക അതാണ് പ്രധാനമെന്നും കമ്യൂണസത്തേക്കാള്‍ മികച്ച ഒരു പ്രത്യയശാസ്ത്രം ലോകത്ത് വേറെയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍ക്കും നൂറു ശതമാനം കമ്യൂണിസ്റ്റാകാന്‍ സാധിക്കില്ലെന്നും ‘ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസി’ന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി.

”എല്ലാ മനുഷ്യരും തുല്യരും മെച്ചപ്പെട്ട ജീവിതം നയിക്കുന്നതുമായ ഒരു ലോക ക്രമത്തെക്കുറിച്ചുള്ള സങ്കല്‍പ്പമാണ് കമ്യൂണിസം. അവിടെ സ്വതന്ത്രരും സ്വയം പര്യാപ്തരുമായി എല്ലാവരും ജീവിക്കുന്നു. ചൂഷണമില്ലാത്ത ഒരു സമൂഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാടാണ് കമ്യൂണിസം. ആ ലക്ഷ്യം കൈവരിക്കാന്‍ സമയമെടുക്കും.

Signature-ad

കമ്യൂണിസ്റ്റുകാര്‍ ലളിത ജീവിതം നയിക്കേണ്ടവരാണെന്ന പൊതു ധാരണ സമൂഹത്തിലുണ്ട്. കട്ടന്‍ ചായയ്ക്കും പരിപ്പു വടയ്ക്കുമപ്പുറം അവര്‍ പോകരുതെന്ന് ഇപ്പോഴും പലരും വിശ്വസിക്കുന്നു. 1930ല്‍ മിക്ക കേരളീയര്‍ക്കും ഒരു ജോഡി വസ്ത്രം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇന്നതല്ല സ്ഥിതി. കാലത്തിനനുസരിച്ച് കമ്യൂണിസ്റ്റുകള്‍ക്കും മാറ്റമുണ്ടായിട്ടുണ്ട് ” – അദ്ദേഹം പറഞ്ഞു.

‘ഞാന്‍ കുട്ടിക്കാലം മുതല്‍ അത്യാഗ്രഹമില്ലാതെ വളര്‍ന്നു വന്ന ആളാണ്. എനിക്ക് കിട്ടിയതില്‍ ഞാന്‍ സംതൃപ്തനാണ്. അസമത്വത്തിന്റേയും ചൂഷണത്തിന്റെയും അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ എന്റെ കുടുംബം കമ്യൂണിസത്തിലാണ് വിശ്വസിച്ചത്. പാര്‍ട്ടി സാമൂഹിക തിന്മകള്‍ക്കെതിരെ പോരാടി. സ്വാഭാവികമായും അതു ഞങ്ങളെ പ്രചോദിപ്പിച്ചു. അതിന്റെ ആശയങ്ങള്‍ ഉള്‍ക്കൊണ്ടു. ലോകത്തെ മാറ്റിമറിച്ച പ്രത്യയശാസ്ത്രമാണ് കമ്യൂണിസം” – കമ്യൂണിസ്റ്റാകാന്‍ പ്രേരിപ്പിച്ച ഘടങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി.

”കമ്പ്യൂട്ടര്‍, ട്രാക്ടര്‍ വിഷയങ്ങളിലെ പ്രതിഷേധം ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം, മാറ്റങ്ങളുമായി പൊരുത്തപ്പെടുന്നതില്‍ പരാജയപ്പെട്ടതായി വിലയിരുത്തലുകളുണ്ട്. തിരിഞ്ഞു നോക്കുമ്പോള്‍ അത് തെറ്റായിപ്പോയെന്നു മനസിലാക്കേണ്ടി വരും. അതെല്ലാം സ്വയം തിരുത്തിയാണ് പാര്‍ട്ടി മുന്നോട്ടു പോകുന്നത്. കാലത്തിനനുസരിച്ച് സാമൂഹിക വ്യവസ്ഥിതികളും മാറി. പണ്ടത്തെ പോലെയല്ല. അന്ന് തൊഴില്‍ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ഭൂരിപക്ഷത്തിന്റെ ആശങ്കകള്‍ക്കൊപ്പമാണ് പാര്‍ട്ടി നിന്നത്. അതാണ് അക്കാലത്ത് അതിനെയെല്ലാം എതിര്‍ക്കാന്‍ നേതൃത്വത്തെ പ്രേരിപ്പിച്ചത്. അന്ന് അതു ശരിയായ കാഴ്ചപ്പാടായിരുന്നു” -രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

Back to top button
error: