തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിക്ക് മർദ്ദനമേറ്റതായി വാർത്ത.എന്നാൽ ഇത് തള്ളിയ സ്വാമി സന്ദീപാനന്ദ ഗിരി തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങളിൽ ഒന്നുമാത്രമാണ് ഇതെന്ന് പറഞ്ഞു.
‘സ്വാമിയെ ആരോ തല്ലിച്ചതച്ചു എന്ന് കേൾക്കുന്നുണ്ടല്ലോ? ഉള്ളതാണോ സ്വാമി? ഒരു മറുപടി പ്രതീക്ഷിക്കുന്നു’ എന്ന ഫേസ്ബുക്ക് കമന്റ് പങ്ക് വച്ചു കൊണ്ടായിരുന്നു സ്വാമിയുടെ മറുപടി. കമന്റിന് സന്ദീപാനന്ദ ഗിരി കൃത്യ മറുപടി നൽകുന്നുമുണ്ട്. ‘ഇത് ഊപിയല്ല, സ്വാമിയുടെ ദേഹത്ത് കൈവെച്ചവന്റെ മുട്ടുകാൽ മലയാളികൾ തല്ലിയൊടിക്കും. അത് കട്ടായം’ എന്നാണ് സന്ദീപാനന്ദ ഗിരി മറുപടി നൽകുന്നത്. സന്ദീപാനന്ദ ഗിരി തന്നെയാണ് ഇതിന്റെ സ്‌ക്രീൻ ഷോട്ട് തന്റെ ഫേസ്‌ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.
അതേസമയം, സ്വാമി സന്ദീപാനന്ദ ഗിരിയുടെ കുണ്ടമൺകടവിലെ ആശ്രമം കത്തിച്ച കേസിൽ ബി.ജെ.പി പ്രവർത്തകനും മൂന്നാം പ്രതിയുമായ ശബരി എസ്.നായർക്ക് കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു. തിരുവനന്തപുരം നാലാം അഡി. സെഷൻസ് കോടതി ജഡ്ജി എസ്.രാധാകൃഷ്ണന്റേതാണ് ഉത്തരവ്. ഉപാധികളോടെയാണ് ജാമ്യം. സമാനമായ കേസുകളിൽ അകപ്പെടാനോ സമൂഹത്തിൽ ഭീകരാന്തരീഷം സൃഷ്ടിക്കുവാനോ പാടില്ലെന്ന് ഉത്തരവിൽ പറയുന്നു. ഇതോടെ, കേസിൽ പിടിയിലായ മുഴുവൻ പ്രതികൾക്കും ജാമ്യം ലഭിച്ചു.