CrimeNEWS

റെയില്‍വേ സ്‌റ്റേഷനിലെ വീപ്പയ്ക്കുള്ളില്‍ മൃതദേഹം; കൊല്ലപ്പെട്ടത് യു.പി. സ്വദേശിനി, ബിഹാര്‍ സ്വദേശികള്‍ കസ്റ്റഡിയില്‍

ബംഗളൂരു: ബൈയ്യപ്പനഹള്ളി റെയില്‍വേസ്റ്റേഷനില്‍ പ്ലാസ്റ്റിക് വീപ്പയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞതായി റെയില്‍വേ പോലീസ്. സംഭവത്തില്‍ മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. ഉത്തര്‍പ്രദേശ് സ്വദേശിനിയുടേതാണ് മൃതദേഹം. പിടിയിലായവര്‍ ബിഹാര്‍ സ്വദേശികളാണ്. ഇവര്‍ക്കുപുറമേ കുറ്റകൃത്യത്തില്‍ പങ്കുള്ള മറ്റു രണ്ടുപേരെക്കുറിച്ചുള്ള വിവരങ്ങളും ലഭിച്ചിട്ടുണ്ട്.

മുമ്പുനടന്ന കൊലപാതകങ്ങളുമായി ഈ കൊലപാതകത്തിന് ബന്ധമില്ലെന്നും പോലീസ് അറിയിച്ചു. എന്നാല്‍, ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. തിങ്കളാഴ്ച രാത്രി എട്ടോടെയാണ് 30 വയസ്സിനടുത്തുള്ള യുവതിയുടെ മൃതദേഹം റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തിയത്.മൂന്നംഗസംഘം ഓട്ടോയിലെത്തി റെയില്‍വേ സ്റ്റേഷനില്‍ മൃതദേഹമടങ്ങിയ വീപ്പ ഉപേക്ഷിക്കുന്ന സി.സി. ടി.വി. ദൃശ്യങ്ങള്‍ റെയിവേ പോലീസിന് ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.

Signature-ad

ജനുവരി നാലിന് യശ്വന്തപുര റെയില്‍വേ സ്റ്റേഷനിലും പ്ലാസ്റ്റിക് വീപ്പയില്‍ മൃതദേഹം കണ്ടെത്തിയിരുന്നു. എന്നാല്‍, പ്രദേശത്തെ സി.സി.ടി.വി. ക്യാമറ പ്രവര്‍ത്തിക്കാതിരുന്നതിനാല്‍ ദൃശ്യങ്ങള്‍ ലഭിച്ചില്ല. രണ്ടുമാസം കഴിഞ്ഞിട്ടും കേസില്‍ തുമ്പുണ്ടായിട്ടില്ല.

ഡിസംബര്‍ ആറിന് മറ്റൊരു യുവതിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ ബെംഗാര്‍പേട്ട് – ബൈയ്യപ്പനഹള്ളി തീവണ്ടിയിലെ കോച്ചില്‍ കണ്ടെത്തിയ സംഭവത്തിലും സി.സി.ടി.വി. ദൃശ്യങ്ങള്‍ ലഭിച്ചിരുന്നില്ല. പലയിടങ്ങളിലും റെയില്‍വേ പോലീസിന്റെ നിരീക്ഷണമെത്തുന്നില്ലെന്നും ആരോപണമുണ്ട്.

Back to top button
error: