ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പ് കമ്പനി ഓഹരികളുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ സഭാനടപടികള്‍ തടസ്സപ്പെടുത്തിയതോടെ ലോക്സഭ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 വരെ നിര്‍ത്തിവച്ചു. അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങള്‍ സഭ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് രാജ്യസഭാ നടപടികളും ഉച്ചയ്ക്ക് 12 വരെ നിര്‍ത്തി. ഉച്ചയ്ക്ക് 12 ന് വീണ്ടും ലോക്‌സഭ ചേര്‍ന്ന് നന്ദിപ്രമേയ ചര്‍ച്ചകളുമായി നടപടി തുടര്‍ന്നെങ്കിലും പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭാ നടപടികള്‍ ഉച്ചയ്ക്ക് രണ്ടു മണി വരെ വീണ്ടും നിര്‍ത്തിവച്ചു
അതേസമയം, ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പ് ഓഹരികള്‍ ചൊവ്വാഴ്ച മികച്ച തിരിച്ചുവരവിന്റെ സൂചനകളാണ് കാട്ടിയത്. ഹിഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇടിഞ്ഞ അദാനി ഓഹരികളില്‍ പലതും ചൊവ്വാഴ്ച മടങ്ങിവരവിന്റെ പാതയിലായി. ഗ്രൂപ്പ് ഓഹരികളില്‍ അദാനി എന്റര്‍പ്രൈസസ് ആദ്യ ട്രേഡിങ് സെഷനില്‍ 20 ശതമാനം അപ്പര്‍ സര്‍ക്യുട്ട് പരിധിയില്‍ മികച്ച നേട്ടത്തിലായി. വിപണികളില്‍ ലിസ്റ്റ് ചെയ്ത പത്ത് അദാനി ഓഹരികളില്‍ രണ്ടെണ്ണം ഒഴികെ മറ്റെല്ലാം മുന്നേറ്റം കാട്ടി.
അദാനി ഗ്രീന്‍ എനര്‍ജി, അദാനി പോര്‍ട്ട്‌സ്, അദാനി ട്രാന്‍സ്മിഷന്‍ എന്നീ മൂന്ന് പ്രധാന കമ്പനികളുടെ 110 കോടി ഡോളര്‍ വായ്പ 2024 സെപ്തംബര്‍ മാസത്തെ തിരിച്ചടവ് കാലാവധിക്ക് മുന്‍പു തന്നെ അദാനി ഗ്രൂപ്പ് പ്രമോട്ടര്‍മാര്‍ മുന്‍കൂറായി അടയ്ക്കുമെന്ന പ്രഖ്യാപനമാണ് ഓഹരി വില മുന്നേറിയതിന് കാരണമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍.
രാവിലെ ലോക്‌സഭ സമ്മേളിച്ചതിന് തൊട്ടുപിന്നാലെ, കോണ്‍ഗ്രസ്, ഭാരത രാഷ്ട്ര സമിതി എന്നിവരടക്കമുള്ള പ്രതിപക്ഷ അംഗങ്ങളാണ് അദാനി ഗ്രൂപ്പിനെതിരായ പ്രതിഷേധവുമായി രംഗത്തുവന്നത്. പാര്‍ലമെന്റ് നടപടികളില്‍ സഹകരിക്കാന്‍ സ്പീക്കര്‍ ഓം ബിര്‍ള അഭ്യര്‍ത്ഥിച്ചെങ്കിലും നടുത്തളത്തിലിറങ്ങി ചില പ്രതിപക്ഷ അംഗങ്ങള്‍ ബഹളം തുടര്‍ന്നതോടെയാണ് 12 മണിവരെ ലോക്‌സഭ നിര്‍ത്തിവച്ചത്.