Movie

കൊട്ടാരക്കര ശ്രീധരൻ നായർ ‘മരയ്ക്കാ’റായി അഭിനയിച്ച ‘കുഞ്ഞാലി മരയ്ക്കാർ’ തീയേറ്ററുകളിലെത്തിയത് 1967 ജനുവരി 12 ന്

സിനിമ ഓർമ്മ

പ്രിയദർശന്റെ ‘കുഞ്ഞാലി മരയ്ക്കാ’റിന് മുൻപ് കൊട്ടാരക്കര ശ്രീധരൻ നായർ മരയ്ക്കാർ ആയി അഭിനയിച്ച മറ്റൊരു ‘കുഞ്ഞാലി മരയ്ക്കാർ’ പ്രേക്ഷകർക്കു മുന്നിലെത്തിയിരുന്നു, 1967 ജനുവരി 12ന്.  പതിനാറാം നൂറ്റാണ്ടിലെ ഇന്ത്യയിലെ ആദ്യ നാവിക സൈന്യാധിപന്റെ സാഹസ ജീവിതം പകർത്തിയ ചിത്രം ചന്ദ്രതാര പിക്‌ചേഴ്‌സിന്റെ ബാനറിൽ ടികെ പരീക്കുട്ടിയാണ് 56 വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ചത്.

Signature-ad

ചന്ദ്രതാരയുടെ തന്നെ തച്ചോളി ഒതേനൻ (1964) സംവിധാനം ചെയ്‌ത തഞ്ചാവൂർ സ്വദേശി എസ്.എസ് രാജൻ സംവിധാനം. തച്ചോളി ഒതേനന് തിരക്കഥ എഴുതിയ കെ പത്മനാഭൻ നായരാണ് ‘കുഞ്ഞാലി മരയ്ക്കാറി’ന്റെയും രചന.

സാമൂതിരിയുടെ വാഴ്‌ചയിൽ, ഇട പ്രഭുക്കന്മാരുടെ സ്പർധകളിലും കുടിപ്പകകളിലും അന്യാധീനത്തിലായ കേരളത്തിന്റെ ദയനീയ മുഖം ആവിഷ്‌ക്കരിക്കുവാൻ സിനിമയ്ക്ക് കഴിഞ്ഞു എന്നാണ് വിലയിരുത്തപ്പെടുന്നത്. മുഹമ്മദ് എന്ന മരയ്ക്കാർ സാമൂതിരിയോട് ചേർന്ന് പോർച്ചുഗീസ് സൈന്യത്തെ നേരിടുന്ന കഥയിൽ പക്ഷെ കടൽ യുദ്ധ ദൃശ്യങ്ങൾ തീർത്തും ദുർബ്ബലമായിരുന്നു. പീരങ്കിപ്പടയെ നേരിടാൻ കൊതുമ്പു തോണികളിലെ അമ്പെയ്ത്തുകാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നായിരുന്ന വിമർശനം. ആ രംഗം തീരെ നിരാശപ്പെടുത്തി എന്ന് ആക്ഷേപം ഉയർന്നിരുന്നു അന്ന്. സായിപ്പിനെ മുഖമടച്ചാട്ടുന്ന മരയ്ക്കാറായി കൊട്ടാരക്കര നിറഞ്ഞാടി എന്നതാണ് പ്ലസ് പോയിന്റ്.

പി ഭാസ്‌ക്കരൻ- ബിഎ ചിദംബരനാഥ് ടീമിന്റെ 6 ഗാനങ്ങളുണ്ടായിരുന്നു. ജയചന്ദ്രന്റെ ആദ്യ ഗാനം റെക്കോഡ് ചെയ്യുന്നത് ഈ ചിത്രത്തിന് വേണ്ടിയാണ്. പക്ഷേ ‘കളിത്തോഴനി’ലെ മഞ്ഞലയിൽ മുങ്ങിത്തോർത്തി എന്ന ഗാനമാണ് ആദ്യം പുറത്തു വന്നത്.

സമ്പാദകൻ: സുനിൽ കെ ചെറിയാൻ

Back to top button
error: