KeralaNEWS

മലയാളി കുടിക്കുന്നത് ഹൈഡ്രജന്‍ പെറോക്സൈഡ് കലർന്ന ‘വിഷപ്പാല്‍’, ‘ശബരി’, മേന്മ’ എന്നീ പേരുകളിലെത്തുന്ന ഈ പാല്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകുന്നു

   മലയാളിയുടെ അടുക്കളയിലേക്ക് ‘വിഷപ്പാല്‍’ എത്തുന്നത് ആകര്‍ഷകമായ കമ്മീഷന്‍ വാഗ്ദാനം ചെയ്ത്. കഴിഞ്ഞ ദിവസം  തമിഴ്നാട്ടില്‍ നിന്ന് കൊണ്ടുവന്ന ഹൈഡ്രജന്‍ പെറോക്സൈഡ് കലര്‍ത്തിയ പാല്‍ ആര്യങ്കാവില്‍ പിടികൂടിയതിന് പിന്നാലെയാണ് ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. ടാങ്കര്‍ ലോറിയില്‍ കൊണ്ടുവന്ന 15,300 ലിറ്റര്‍ പാലാണ് ആര്യങ്കാവ് ചെക്പോസ്റ്റിന് സമീപം മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

പ്രാഥമിക പരിശോധനയില്‍ പാലില്‍ മായം കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. ഹൈഡ്രജന്‍ പെറോക്സൈഡ് ആണ് പാലില്‍ കലര്‍ത്തിയിരുന്നത്. ക്ഷീരമന്ത്രി ജെ. ചിഞ്ചുറാണിയുടെ നിര്‍ദേശ പ്രകാരമാണ് അതിര്‍ത്തിയില്‍ പരിശോധന നടത്തിയത്. പാല്‍ പന്തളം ഇടപ്പോണ്‍ ഐരാണിക്കുടിയിലുള്ള അഗ്രിസോഫ്ട് ഡയറി ആന്‍ഡ് അഗ്രോ പ്രൊഡ്യൂസിങ് കംപനിയിലേക്ക് കൊണ്ടു വന്നതാണെന്ന് ലോറിയിലുണ്ടായിരുന്ന ജീവനക്കാര്‍ മൊഴി നല്‍കി.

Signature-ad

ശബരി എന്ന പേരില്‍ പാലും പാലുല്‍പന്നങ്ങളും വിതരണം ചെയ്യുന്ന ഈ കംപനി പ്രവര്‍ത്തിക്കുന്ന ഇടപ്പോണ്‍ നൂറനാട് റോഡില്‍ ഐരാണിക്കുടിയിലാണ്. കടകളിലൂടെയുളള വിപണനത്തിന് പുറമേ നേരിട്ടും വീടുകളില്‍ ഇവരുടെ ഏജന്റുമാര്‍ പാല്‍ എത്തിക്കുന്നു. ആകര്‍ഷകമായ കമ്മീഷനാണ് ഇവർ നൽകുന്നത്. മില്‍മ പാക്കറ്റ് പാലിന് ചെറുകിട വ്യാപാരികള്‍ക്ക് കമ്മീഷന്‍ നല്‍കുന്നത് ഒരു രൂപയില്‍ താഴെയാണ്. എന്നാല്‍ മൂന്നു രൂപ വരെ ലഭിക്കും ശബരി പാലിന്. അതിനാല്‍  വ്യാപാരികള്‍ ഈ പാല്‍ വില്‍ക്കാന്‍ കൂടുതൽ ഉത്സാഹം കാണിക്കും.

മുന്‍പ് മില്‍മയ്ക്ക് ബദലായി ‘മേന്മ’ എന്ന പേരിലാണ് കംപനി പാല്‍ ഇറക്കിയിരുന്നത്. നിയമ പ്രശ്നങ്ങൾ ഉണ്ടായതോടെയാണ് ശബരി എന്ന പേരിലേക്ക് മാറ്റിയത്. വീടുകളില്‍ പാല്‍ നേരിട്ട് വിതരണം ചെയ്യുന്ന രീതിയും ഇവര്‍ക്കുണ്ട്. ഇതിനായി ഏജന്റുമാരുണ്ട്. ജീപ്പിലും പിക്കപ് വാനിലുമായി പാല്‍ വീട്ടുമുറ്റത്ത് എത്തിച്ച് അളന്ന് വിതരണം ചെയ്യുകയാണ് ചെയ്യുന്നത്. വീട്ടുപടിക്കല്‍ പാല്‍ എത്തുമെന്നതിനാല്‍ പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ ഇത് വ്യാപകമായി വിതരണം ചെയ്തിരുന്നു. പന്തളം ഫാമിലെ പശുവിന്‍ പാല്‍ എന്ന ലേബലിലായിരുന്നു വില്‍പന. പരിശുദ്ധിയുടെ പാല്‍രുചി എന്ന പരസ്യവാചകം കൂടി നൽകിയതോടെ വന്‍ തോതിലാണ് വിഷപാല്‍ വിറ്റതായാണ് വിവരം.

Back to top button
error: