ന്യൂഡല്‍ഹി: ക്രിസ്മസ് ആശംസകള്‍ നേരുന്നതും ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതും ഇസ്ലാമിക വിരുദ്ധമെന്ന് പറഞ്ഞ വിവാദ ഇസ്ലാമിക പ്രഭാഷകന്‍ സക്കീര്‍ നായിക്കിനെതിരേ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം. ‘ഹാപ്പി ക്രിസ്മസ് സക്കീര്‍ നായിക്’ എന്ന് ആശംസകള്‍ നേര്‍ന്നാണ് പലരും തിരിച്ചടിച്ചത്. മറ്റു മതക്കാരുടെ ആഘോഷങ്ങള്‍ക്ക് ആശംസകള്‍ നേരുന്നത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് ചിലര്‍ കുറിച്ചു. ഒട്ടേറെ മലയാളികളും സക്കീറിനു മറുപടി നല്‍കിയിട്ടുണ്ട്. സംഭവം വിവാദമായതോടെ സക്കീര്‍ കുറിപ്പ് പിന്‍വലിച്ചു.
ഫെയ്‌സ്ബുക്കിലൂടെയാണ് സക്കീര്‍ നായിക്ക് വിവാദ പരാമര്‍ശം നടത്തിയത്. ‘മുസ്ലിം അല്ലാത്തവരുടെ ആഘോഷങ്ങള്‍ അനുകരിക്കുന്നത് ഇസ്ലാമില്‍ അനുവദനീയമല്ല. പതിവ് ആരാധനാക്രമത്തില്‍ മാറ്റം വരുത്തുന്നത് അനുവദനീയമല്ല. ആഘോഷങ്ങളുടെ ഭാഗമായി വിരുന്ന് നല്‍കുന്നതും സമ്മാനങ്ങള്‍ വാങ്ങുന്നതും അനുവദനീയമല്ല’ എന്നായിരുന്നു സക്കീറിന്റെ പരാമര്‍ശം.