KeralaNEWS

വയനാട്ടിൽ 20.85% പേര്‍ ഏതെങ്കിലും ഒരു ഗുരുതര രോഗം വരാൻ സാധ്യതയുള്ള റിസ്‌ക് ഫാക്ടര്‍ ഗ്രൂപ്പില്‍, സമ്പൂർണ ജീവിതശൈലീ രോഗ സ്‌ക്രീനിംഗ് പൂർത്തിയാക്കി

  • സംസ്ഥാനത്തു പരിശോധിച്ചത് 55 ലക്ഷം പേരെ

തിരുവനന്തപുരം: സംസ്ഥാനത്ത് ജീവിത ശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ ‘അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ എന്ന കാമ്പയിന്റെ ഭാഗമായി വയനാട് ജില്ല ജീവിതശൈലീ രോഗ സ്‌ക്രീനിംഗ് പൂര്‍ത്തിയാക്കി. ജില്ലയില്‍ 30 വയസിന് മുകളിലുള്ള 4,38,581 പേരിൽ 4,30,318 പേരുടയും സ്‌ക്രീനിംഗ് നടത്തി. സംസ്ഥാനത്തിന് പുറത്തുള്ളവരും താത്പര്യമില്ലാത്തവരും ഒഴികെയുള്ള എല്ലാവരുടേയും വീടുകളിലെത്തി സ്‌ക്രീനിംഗ് നടത്തി. ഈ നേട്ടം കൈവരിക്കാനായി പ്രവര്‍ത്തിച്ച എല്ലാ ആരോഗ്യ പ്രവര്‍ത്തകരേയും പഞ്ചായത്തുകളേയും മന്ത്രി വീണ ജോർജ് അഭിനന്ദിച്ചു.

വയനാട് ജില്ലയില്‍ 20.85 ശതമാനം പേര്‍ (89,753) ഏതെങ്കിലും ഒരു ഗുരുതര രോഗം വരാൻ സാധ്യതയുള്ള റിസ്‌ക് ഫാക്ടര്‍ ഗ്രൂപ്പില്‍ വന്നിട്ടുണ്ട്. 11.80 ശതമാനം പേര്‍ക്ക് (50,805) രക്താതിമര്‍ദ്ദവും, 6.59 ശതമാനം പേര്‍ക്ക് (28,366) പ്രമേഹവും, 3.16 ശതമാനം പേര്‍ക്ക് (13,620) ഇവ രണ്ടും ഉള്ളതായി കണ്ടെത്തി. 6.18 ശതമാനം പേര്‍ക്ക് (26,604) കാന്‍സര്‍ സംശയിക്കുന്നുണ്ട്. ഇവരെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കി ആവശ്യമുള്ളവര്‍ക്ക് സൗജന്യ രോഗ നിര്‍ണയവും ചികിത്സയും ലഭ്യമാക്കും.

Signature-ad

സംസ്ഥാന വ്യാപകമായി 55 ലക്ഷത്തിലധികം പേരെ (55,89,592) വീട്ടിലെത്തി ജീവിതശൈലീ രോഗ നിര്‍ണയ സ്‌ക്രീനിംഗ് നടത്തി. 19.13 ശതമാനം പേര്‍ (10,69,753) ഏതെങ്കിലും ഒരു ഗുരുതര രോഗം വരുന്നതിനുള്ള റിസ്‌ക് ഫാക്ടര്‍ ഗ്രൂപ്പില്‍ വന്നിട്ടുണ്ട്. ഇവരെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുകയാണ്. 10.83 ശതമാനം പേര്‍ക്ക് (6,05,407) രക്താതിമര്‍ദ്ദവും, 8.79 ശതമാനം പേര്‍ക്ക് (4,91,401) പ്രമേഹവും, 3.79 ശതമാനം പേര്‍ക്ക് (2,11,962) ഇവ രണ്ടും ഉള്ളതായി കണ്ടെത്തി. ഇവരില്‍ ആവശ്യമുള്ളവര്‍ക്ക് സൗജന്യ രോഗ നിര്‍ണയവും ചികിത്സയും ലഭ്യമാക്കി വരുന്നു.

ഇ ഹെല്‍ത്ത് രൂപകല്പ്പന ചെയ്ത ശൈലി ആപ്പിന്റെ സഹായത്തോടെ ആരോഗ്യ പ്രവര്‍ത്തകര്‍ നേരിട്ട് വീട്ടിലെത്തിയാണ് സ്‌ക്രീനിംഗ് നടത്തുന്നത്. ജീവിതശൈലീ രോഗങ്ങളും കാന്‍സറും നേരത്തേ തന്നെ കണ്ടുപിടിച്ച് ചികിത്സിക്കുന്നത് വഴി രോഗം സങ്കീര്‍ണമാകാതെ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുന്നു. ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും സ്‌ക്രീനിംഗ് നടന്നു വരുന്നു. കൂടാതെ എല്ലാവര്‍ക്കും കാന്‍സര്‍ ചികിത്സ ഉറപ്പ് വരുത്തുന്നതിന് കാന്‍സര്‍ ഗ്രിഡിന്റെ മാപ്പിംഗ് എല്ലാ ജില്ലകളിലും നടന്നു വരികയാണ്.

Back to top button
error: