തൃശൂര്‍: മദ്ഹബയില്‍ ശുശ്രൂഷയ്ക്ക് കയറിയതിന് 11 വയസുകാരനെ വികാരി മര്‍ദിച്ചതായി പരാതി. കുന്നംകുളം കിഴക്കെ പുത്തന്‍പള്ളി വികാരിക്കെതിരെയാണ് കുടുംബം പരാതി നല്‍കിയത്. ഇടവകാംഗം ചുങ്കത്ത് ബ്രിജിയുടെ മകന് ബ്രിനിത്തിനെ മര്‍ദിച്ചതായാണ് പരാതി.
വികാരി ഫാ. ടി.സി.ജേക്കബ്, കൈസ്ഥാനീയന് അഡ്വ.പ്രിനു, മാണി ജേക്കബ് എന്നിവര്‍ക്കെതിരെയാണ് ആരോപണം. മര്‍ദനമേറ്റ ബ്രിനിത്ത് കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. മര്‍ദനത്തെ തുടര്‍ന്ന് സഹോദരന് ഛര്‍ദിച്ചതായി സഹോദരി ബ്രിഫിയ പറഞ്ഞു. കുന്നംകുളം പോലീസ് മദ്ഹബയില്നിന്ന് സഹോദരനെ വലിച്ചിഴച്ച് കൊണ്ടുപോയി എന്നും സഹോദരി പറഞ്ഞു.
പള്ളിക്കമ്മിറ്റിയുടെ ക്രമക്കേടുകള്‍ ചോദ്യം ചെയ്തത് മൂലം ഒറ്റപ്പെടുത്തുന്നുവെന്നും ആത്മീയ കാര്യങ്ങള്‍ നിഷേധിക്കുന്നുവെന്നും ബ്രിഫിയ ആരോപിച്ചു.
എന്നാല്‍, ആരോപണം നിഷേധിച്ച് പള്ളിക്കമ്മിറ്റി രംഗത്തെത്തി. കുട്ടിയെ പള്ളിയില്‍ വച്ച് മര്‍ദിച്ചുവെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് അഡ്വ.പ്രിനു പി.വര്‍ക്കി പറഞ്ഞു. പള്ളിക്കെതിരേ നിരന്തരം തെറ്റായ പരാതി ഉന്നയിക്കുകയാണ് ബ്രിജിയും കുടുംബവും. CWCയ്ക്ക് പോലും അംഗങ്ങള്‍ക്കെതിരെ പരാതി നല്കി. ഈ സാഹചര്യത്തില്‍ മദ്ഹബയില്‍ കയറുന്നതിന് കുട്ടിയെ വികാരി വിലക്കി. ഇന്ന് ബോധപൂര്‍വം പ്രശ്നം സൃഷ്ടിക്കാനാണ് ഇരുവരും വന്നത്. കുര്‍ബാന തടസപ്പെടുത്തിയതിന് ഇവര്‍ക്കെതിരേ പരാതി നല്‍കിയെന്നും അഡ്വ.പ്രിനു പറഞ്ഞു.