NEWS

സഭാ തര്‍ക്കം: മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ വീണ്ടും ചര്‍ച്ച നടത്തി

യാക്കോബായ-ഓര്‍ത്തഡോക്സ് സഭാ തര്‍ക്കവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിധ്യത്തില്‍ മൂന്നാംഘട്ട ചര്‍ച്ച നടത്തി. ഇരുവിഭാഗങ്ങള്‍ തമ്മില്‍ തുടര്‍ ചര്‍ച്ചകള്‍ നടത്തി പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. അതിന് അവര്‍ തന്നെ മുന്‍കൈ എടുക്കണം. സംഘര്‍ഷങ്ങളും രക്തച്ചൊരിച്ചിലും ഒരിക്കലും ഉണ്ടാകരുതെന്നാണ് സര്‍ക്കാരിന്‍റെ താല്പര്യം. ആത്മീയാചര്യര്‍ ഇക്കാര്യങ്ങള്‍ മനസ്സിലാക്കുന്നവരാണ്. സ്ഥിതിഗതിയില്‍ വലിയ പുരോഗതി ഉണ്ടായതില്‍ ഇരുവിഭാഗങ്ങളെയും അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

യോജിപ്പിന്‍റെ മേഖലകള്‍ കണ്ടെത്താനുള്ള ചര്‍ച്ചയാണ് നടന്നത്. പരസ്പരം സംസാരിച്ച് പ്രശ്നപരിഹാരത്തിന് മുന്‍കൈ എടുക്കാനുള്ള മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥനയോട് യോഗത്തില്‍ പൊതുവെ അനുകൂല പ്രതികരണമാണ് ഉണ്ടായത്. പ്രശ്നം പരിഹരിക്കുന്നതിന് ആദ്യഘട്ടത്തില്‍ ഇരുസഭകളുമായി മുഖ്യമന്ത്രി പ്രത്യേകം ചര്‍ച്ച നടത്തിയിരുന്നു. രണ്ടാംഘട്ടമായി രണ്ടുകൂട്ടരെയും ഒന്നിച്ചിരുത്തിയും ചര്‍ച്ച നടത്തി.

Signature-ad

ഓര്‍ത്തഡോക്സ് സഭയില്‍ നിന്ന് സുന്നഹദോസ് സെക്രട്ടറി ഡോ. യുഹാനോന്‍ മാര്‍ ദിയസ്കോറസ്, ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, ഡോ. തോമസ് മാര്‍ അത്തനാസിയോസ് എന്നിവരും  യാക്കോബായ സഭയില്‍ നിന്ന് മെട്രോപ്പൊലിറ്റന്‍ ട്രസ്റ്റി ഡോ. ജോസഫ് മാര്‍ ഗ്രിഗോറിയോസ്, സുന്നഹദോസ് സെക്രട്ടറി ഡോ. തോമസ് മാര്‍ തിമോത്തിയോസ്, ഡോ. കുര്യാക്കോസ് മാര്‍ തെയോഫിലോസ്, ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, ആഭ്യന്തര സെക്രട്ടറി സഞ്ജയ് കൗള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Back to top button
error: