കാട്ടിലൂടെ യാത്ര ചെയ്യുമ്പോൾ കാട്ടാനയെ നേരിൽ കാണാൻ പലരും ആകാംക്ഷയോടെ നോക്കാറുണ്ട്. പക്ഷേ യാത്ര ചെയ്യുന്ന വാഹനത്തിനു മുന്നിലെത്തി ആന ചിന്നം വിളിച്ചാലോ…? ആരും ഭയന്നു വിറച്ചു പോകും. ഭീതിജനകമായ അങ്ങനെയൊരു സന്ദർഭത്തിന് ഇന്നലെ രാവിലെ പത്തനംതിട്ട-ഗവി റൂട്ടിലെ റോഡിൽ രണ്ട് കെ.എസ്.ആർ.ടി.സി ബസുകളിലെ യാത്രക്കാർ സാക്ഷ്യം വഹിച്ചു. വ്യാഴാഴ്ച രാവിലെ ഗവിക്കും മൂഴിയാറിനും ഇടയിൽ കള്ളിപ്പാറയിലാണ് കെ.എസ്.ആർ.ടി.സി ബസുകൾക്ക് മുന്നിൽ കാട്ടാന വന്നു പെട്ടത്.
പത്തനംതിട്ടയിൽ നിന്ന് ഗവി വഴി കുമളിക്കുള്ള കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസാണ് കാനന പാതയിൽ വളവ് തിരിഞ്ഞ് വരവേ ആദ്യം ആനയ്ക്ക് മുന്നിലെത്തി ബ്രേക്കിട്ടു നിർത്തേണ്ടി വന്നത്. ഈ സമയത്ത് ആന മര്യാദയോടെ തിരിഞ്ഞുനടന്നു. പക്ഷേ തൊട്ടടുത്ത വളവിൽ കുമളിയിൽ നിന്ന് ഗവി വഴി പത്തനംതിട്ടക്കുള്ള ബസും പെട്ടെന്ന് ആനയ്ക്ക് മുന്നിലേക്കെത്തി. ആനയുടെ പത്തുവാര അകലെ ബസ് പെട്ടെന്ന് ബ്രേക്കിട്ടു. രണ്ട് ബസ്സുകൾക്ക് ഇടയിൽപ്പെട്ട് ആന അൽപനേരം നിശ്ചലമായി നിന്നു. പിന്നീട് കുമളിയിൽ നിന്ന് വന്ന ബസിനു മുന്നിലേക്ക് പാഞ്ഞടുത്തു. ബസിനു തൊട്ടടുത്തെത്തി ചിന്നംവിളിച്ചു. ബസ് യാത്രക്കാരും ഡ്രൈവറും പരിഭ്രാന്തരായി. പിന്നാലെ പിന്തിരിഞ്ഞ് നടന്ന ആന ഇരുബസുകളുടെയും നടുവിൽ നിലയുറപ്പിച്ചു.
രണ്ടു ഭാഗത്തുനിന്നും കെ.എസ്.ആർ.ടി.സി. ബസുകൾ പിന്നിലേക്ക് നീക്കി. ഒരു വശത്ത് കൊക്കയും മറുവശത്ത് കുത്തനെയുള്ള കയറ്റവുമായതുകൊണ്ട് പെട്ടെന്ന് റോഡിൽ നിന്ന് മാറാനാവാതെ ആന അവിടെത്തന്നെ നിന്നു. പിന്നീട് അൽപ്പദൂരം റോഡിലൂടെ നടന്ന് ചെറുകയറ്റം കയറി കാട്ടിലേക്ക് മറഞ്ഞു. അതിനു ശേഷമാണ് രണ്ട് ബസുകളും കടന്നുപോയത്.