CrimeNEWS

രഹസ്യ കാമുകി ചതിച്ചു: കോഴിക്കോടു നിന്ന്   കാണാതായ ഹേമചന്ദ്രനെ കൊന്ന് മൃതദേഹം നീലഗിരി വനത്തിൽ കുഴിച്ചിട്ടു, 2 പേർ അറസ്റ്റിൽ

    കോഴിക്കോടു നിന്ന് 2024 ഏപ്രില്‍ 1  മുതൽ  കാണാതായ ഹേമചന്ദ്രൻ എന്ന 53 കാരന്റെ മൃതദേഹം തമിഴ്‌നാട് അതിര്‍ത്തിയിലെ വനത്തിൽ  കണ്ടെത്തി. വയനാട് ബത്തേരി പുറാല വിനോദ് ഭവനില്‍ കുഞ്ഞിക്കണ്ണന്റെ മകനാണ്  ഹേമചന്ദ്രൻ. കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപമുള്ള  വാടകവീട്ടില്‍നിന്ന് ടൗണിലേയ്ക്ക്  പോയ ഹേമചന്ദ്രനെ കാണാനില്ലെന്ന് കഴിഞ്ഞ വർഷം ഭാര്യ സുഭിഷ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

പക്ഷേ കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനില്‍ എത്തിയ മോഷണ കേസ് പ്രതിയില്‍ നിന്നാണ് ഹേമചന്ദ്രന്‍ തിരോധാനത്തിലെ സുപ്രധാന സൂചന ലഭിക്കുന്നത്. ഇതോടെ പൊലീസ് ഊർജിതമായി. മെഡിക്കല്‍ കോളജ്  ഇന്‍സ്പെക്ടര്‍ പി.കെ ജിജീഷ് ഒരു മാസം കേസിന് പിന്നാലെ നടന്നു. മോഷണ കേസ് പ്രതിയില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചിലരെ കസ്റ്റഡിയിലെടുത്തതോടെ  ഞെട്ടിക്കുന്ന വിവരം പുറത്തുവന്നു.

Signature-ad

റിയല്‍ എസ്റ്റേറ്റ്, സ്വകാര്യ ചിട്ടി, റെന്റ് എ കാര്‍ തുടങ്ങിയ ഇടപാടുകള്‍ നടത്തിവന്ന ഹേമചന്ദ്രന്‍ പണം കടം വാങ്ങി മറ്റുള്ളവര്‍ക്ക് മറിച്ചു നല്‍കുന്നയാളാണ്. പലരുമായും ഇയാൾക്ക്  സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു. രഹസ്യ കാമുകിയുടെ ഫോണ്‍ വന്നതിന് പിന്നാലെയാണ് ഹേമചന്ദ്രന്‍ വീട്ടില്‍ നിന്നും ഇറങ്ങുന്നത്. ഹേമചന്ദ്രന് പണം കടം നല്‍കിയ സംഘം യുവതിയെ ഉപയോഗിച്ച് വിളിച്ചു വരുത്തി തട്ടികൊണ്ടു പോവുകയായിരുന്നു.  തുടർന്ന് ഈ സംഘം പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും വയനാട്, മൈസൂര്‍ അടക്കം കൊണ്ടു പോയി മര്‍ദ്ദിക്കുകയും ചെയ്തു. മര്‍ദ്ദനമേറ്റ് ഹേമചന്ദ്രന്‍ മരണപ്പെടുകയും പിന്നാലെ തമിഴ്നാട് ചേരമ്പാടിയിലെ വനത്തിലെത്തിച്ച് കുഴിച്ചിടുകയുമായിരുന്നു. പൊലീസ് നീലഗിരിയിലെ ചേരമ്പാടി കാപ്പിക്കാട്ടെ വനത്തില്‍നിന്ന് ശനിയാഴ്ച പകല്‍ മൃതദേഹം കണ്ടെത്തി.

തറനിരപ്പിന് നാലടിയോളം താഴ്ചയില്‍ മറവുചെയ്ത മൃതദേഹം കുനിഞ്ഞിരിക്കുന്ന നിലയിലാണ് കണ്ടെത്തിയത്.  കാര്യമായി അഴുകാത്ത നിലയിലായിരുന്നു ഇത്. പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം ഊട്ടിയിലേക്ക് കൊണ്ടുപോയി.

മൃതദേഹം ഒളിപ്പിക്കാനും തുടര്‍ന്ന് അന്വേഷണം വഴിതെറ്റിക്കാനും ശ്രമിച്ച സുല്‍ത്താന്‍ബത്തേരി സ്വദേശികളായ  ജ്യോതിഷ് കുമാര്‍,  ബി.എസ്. അജേഷ് എന്നിവർ  അറസ്റ്റിലായി. മുഖ്യപ്രതി നൗഷാദ് ഗള്‍ഫിലാണ്. ഇയാൾക്കായി പൊലീസ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കി.

കേരള, തമിഴ്‌നാട് പൊലീസിന്റെ നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുത്തത്. ഒന്നേകാല്‍ വര്‍ഷം മുന്‍പ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഹേമചന്ദ്രനെ വനത്തിലെ ചതുപ്പില്‍നിന്ന് മണ്ണുനീക്കി പുറത്തെടുക്കുന്ന നിമിഷംവരെ, പ്രതികളില്‍നിന്ന് ലഭിച്ച മൊഴി സത്യമല്ലാതാകുമോ എന്ന ആശങ്കയായിരുന്നു അന്വേഷണ സംഘത്തിന്. ശനിയാഴ്ച ഉച്ചയ്ക്ക്, പ്രതി അജീഷ് എന്ന അപ്പു ചൂണ്ടിക്കാണിച്ച സ്ഥലത്ത് മണ്ണുമാന്തി ഉപയോഗിച്ച് കിടങ്ങെടുത്തപ്പോള്‍ കാര്യമായി അഴുകാത്ത മൃതദേഹമാണ് പോലീസ് കണ്ടത്. ഈ വനഭൂമിയിലെ തണുപ്പാണത്രേ ഇതിനു കാരണം. പ്രധാന റോഡില്‍നിന്ന് ഒരു കിലോമീറ്ററോളം മാറി വനത്തിനുള്ളില്‍ നാലടിയോളം താഴ്ചയിലാണ് മൃതദേഹം ഉണ്ടായിരുന്നത്.

Back to top button
error: