ക്ഷണിച്ചു വരുത്തി അടിവാങ്ങി! ഇറാനെ വീഴ്ത്തിയ ചാര സുന്ദരി; കാതറിന്‍ പെരസ് ഖമേനിയുടെ വെബ്‌സൈറ്റിലെ എഴുത്തുകാരി; ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ബന്ധം സ്ഥാപിച്ച് അടുക്കള രഹസ്യംവരെ ചോര്‍ത്തി; നീക്കങ്ങളെല്ലാം കിറുകൃത്യം; കടുത്ത ഇറാന്‍ വിരോധി ആക്കിയത് യെമനിലെ താമസം
അമേരിക്കയുടെ ഇറാഖ് ഇടപെടലിനെക്കുറിച്ചു യെമന്‍ ഒബ്‌സര്‍വറില്‍ വിമര്‍ശന ലേഖനം എഴുതിയതോടെയാണ് ഇവര്‍ ഇസ്ലാമിക ഭരണകൂടത്തിന്റെ ശ്രദ്ധയിലെത്തുന്നത്. ഇതിനുശേഷം ഇവര്‍ നിരവധി തവണ ഇറാനിയന്‍ സ്‌റ്റേറ്റ് ടെലിവിഷനില്‍ ചര്‍ച്ചകളിലേക്കു ക്ഷണിക്കപ്പെട്ടു

ടെഹ്‌റാന്‍: ഇറാന്റെ സൈനിക- ആണവ മേഖലകളില്‍ കാര്യമായ പ്രഹരമേല്‍പ്പിച്ച ഓപ്പറേഷന്‍ റൈസിംഗ് ലയണിനു (Operation Rising Lion) പിന്നിലെ ചാര വനിതയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ട് ഇസ്രയേല്‍. ഫ്രഞ്ച് മാധ്യമപ്രവര്‍ത്തക കാതറിന്‍ പെരസ് ഷക്ദം (Catherine Perez Shakdarm) ആണ് മൊസാദിന്റെ ഏജന്റായി പ്രവര്‍ത്തിച്ചത്. അതിനായി അവര്‍ മതംമാറി. ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖമേനിയുടെ വെബ്‌സൈറ്റില്‍ ബ്ലോഗറുമായി.
ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്റെ നീക്കങ്ങള്‍ നിഗൂഢവും അതീവരഹസ്യവുമാണ്. ഇറാന്റെ ആണവകേന്ദ്രങ്ങളെയും ആണവ ശാസ്ത്രജ്ഞരെയും കമാന്‍ഡര്‍മാരെയും വകവരുത്താന്‍ ഇറാനില്‍ നുഴഞ്ഞുകയറി മൊസാദിന് വിവരങ്ങള്‍ നല്‍കിയത് ഫ്രഞ്ചുകാരിയായ മാധ്യമപ്രവര്‍ത്തക കാതറിന്‍ പെരസ് ഷക്ദം ആണ്. പശ്ചിമേഷ്യന്‍ , ഇസ്ലാമിക കാര്യങ്ങള്‍ വൈദഗ്ധ്യമുള്ള പൊളിറ്റിക്കല്‍ റിപ്പോര്‍ട്ടറാണ് കാതറിന്‍. ഫ്രാന്‍സിലെ ജൂത കുടുംബത്തില്‍ ജനിച്ച കാതറിന്‍ സൈക്കോളജിയില്‍ ലണ്ടന്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടി.

പിന്നാലെ ധനകാര്യത്തിലും ആശയവിനിമയത്തിലും ബിരുദാനന്തരബിരുദം നേടി. ലണ്ടനില്‍ പഠിക്കുമ്പോള്‍ യെമനില്‍ നിന്നുള്ള സുന്നി മുസ്ലിമുമായി പ്രണയത്തിലാവുകയും വിവാഹത്തിനായി ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യുകയും ചെയ്തു. പിന്നീട് ഷിയ ഇസ്ലാം വിശ്വാസത്തിലേക്ക് മാറി. ടെഹ്‌റാന്‍, ടൈംസ്, യെമന്‍ പോസ്റ്റ്, ദ് ഗാര്‍ഡിയന്‍, എന്നിവടങ്ങളിലെ ജോലിക്ക് ശേഷം ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖമേനിയുടെ വെബ്‌സൈറ്റായ ‘ഖമനി ഡോട്ട് ഐ.ആറില്‍’ ബ്ലോഗറായി.
2017ല്‍ ഇറാനിലെത്തിയ കാതറിന്‍ രാഷ്ട്രീയ നേതാവും അന്നത്തെ സ്ഥാനാര്‍ഥിയുമായ ഇബ്രാഹിം റൈസിയുമായി ചങ്ങാത്തം കൂടി. പിന്നെ റൈസി വഴി ഇറാനിലെ പല നേതാക്കളിലേക്കും ഉന്നത ഉദ്യോഗസ്ഥരിലേക്കും ആ സൗഹൃദം സ്ഥാപിച്ചു. ആദ്യം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഭാര്യമാരുമായി ചങ്ങാത്തം കൂടിയ കാതറിന്‍ അവരുടെ വിശ്വാസം നേടി, വീടുകളിലെ നിത്യസന്ദര്‍ശകയായി, എന്തിന് സുരക്ഷ കര്‍ശനമായ സ്ഥലങ്ങളില്‍ വരെ അനായസം കയറിക്കൂടി.
ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തതും ആകര്‍ഷകമായ വ്യക്തിത്വവും കാതറിന്റെ വിശ്വാസ്യതകൂട്ടി. ഓരോ സ്ഥലങ്ങളിലും എത്തിയപ്പോഴും അവര്‍ അതീവരഹസ്യമായി ഫോട്ടോ എടുക്കുകയും വിവരം നേരിട്ട് മൊസാദിന് കൈമാറുകയും ചെയ്തു. ഇറാന്‍ കാര്യങ്ങള്‍ മനസിലാക്കിയപ്പോഴേക്കും കാതറിന്‍ ദൗത്യംപൂര്‍ത്തിയാക്കി ഇറാന്‍ വിട്ടിരുന്നു. ഇപ്പോള്‍ കാതറിന്‍ എവിടെയെന്ന് ആര്‍ക്കും അറിയില്ല.
ഖമേനി പങ്കെടുത്ത സ്വകാര്യ ചടങ്ങിലേക്കു ക്ഷണിക്കപ്പെട്ടതിനു പിന്നാലെയാണ് സുപ്രീം ലീഡറുമായി അടുക്കാനുള്ള അവസരം ഒരുങ്ങിയത്. അമേരിക്കയുടെ ഇറാഖ് ഇടപെടലിനെക്കുറിച്ചു യെമന്‍ ഒബ്‌സര്‍വറില്‍ വിമര്‍ശന ലേഖനം എഴുതിയതോടെയാണ് ഇവര്‍ ഇസ്ലാമിക ഭരണകൂടത്തിന്റെ ശ്രദ്ധയിലെത്തുന്നത്. ഇതിനുശേഷം ഇവര്‍ നിരവധി തവണ ഇറാനിയന്‍ സ്‌റ്റേറ്റ് ടെലിവിഷനില്‍ ചര്‍ച്ചകളിലേക്കു ക്ഷണിക്കപ്പെട്ടു. അതിലൂടെയാണ് ഇവര്‍ ഇറാനിലെ പ്രമുഖരുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായി അടുപ്പമുണ്ടാക്കിയത്. ഇറാനിലേക്ക് ഇവരെ ക്ഷണിക്കുകയും ചെയ്തു. കാതറിന്‍ യെമനില്‍ മാത്രമല്ല, പാശ്ചാത്യ രാജ്യങ്ങളിലേക്കും ആശയങ്ങള്‍ ‘പമ്പ്’ ചെയ്യുന്നതിനു ഗുണകരമാകുമെന്നു വിശ്വസിച്ചാണ് ഈ നീക്കം ഇറാന്‍ നടത്തിയത്.
എന്നാല്‍, കാതറിന്റെ തീരുമാനത്തിനു പിന്നില്‍ മറ്റൊരു ‘കലിപ്പു’കൂടിയുണ്ടായിരുന്നു. 2009ല്‍ ആണ് ഇവര്‍ യെമനി പൗരനെ വിവാഹം കഴിച്ച് അവിടേക്ക് എത്തിയത്. ഇവര്‍ക്കു രണ്ടു കുട്ടികളുമുണ്ടായി. ഇതിനുശേഷം ബന്ധം വേര്‍പിരിഞ്ഞു. യെമനില്‍ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ സ്വാധീനം വര്‍ധിക്കുന്നതും തന്റെ കുട്ടികളുടെ ‘സ്വത്വം’തന്നെ ഇല്ലാതാകുന്നു എന്നതും ഇവരെ അസ്വസ്ഥയാക്കി. ഇസ്ലാമിലേക്കു മതം മാറിയെങ്കിലും ഹിജാബ് അടക്കമുള്ളവ ധരിക്കുന്നതിനോടും ഇവര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. യെമനെ തീവ്ര ഇസ്ലാമിക വത്കരണത്തിലേക്കു നയിക്കുന്നതില്‍ ഇറാനു പങ്കുണ്ടെന്നും ഇവര്‍ ഉറച്ചു വിശ്വസിച്ചു.