പെണ്‍സുഹൃത്ത് വിളിച്ചതിനു പിന്നാലെ വീടു വിട്ടിറങ്ങി; ഒന്നര വര്‍ഷത്തിനുശേഷം മൃതദേഹം വനത്തില്‍; ഹേമചന്ദ്രനെ വയനാട്ടിലും മൈസൂരിലും എത്തിച്ചു മര്‍ദിച്ചു കൊന്നെന്നു വിവരം; മുഖ്യപ്രതി നൗഷാദ് വിദേശത്തേക്കു മുങ്ങി

ഒന്നര വര്‍ഷം മുന്‍പ് കോഴിക്കോട് നിന്ന് കാണാതായ വയനാട് സ്വദേശി ഹേമചന്ദ്രനെ കൊന്ന് കുഴിച്ചുമൂടി. തമിഴ്നാട് ചേരമ്പാടിയിലെ ഉള്‍വനത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. 2024 മാര്‍ച്ച് 20ന് കോഴിക്കോട് മായനാട്ടെ വാടക വീട്ടില്‍ നിന്നും ഇറങ്ങിയ ഹേമചന്ദ്രനെ പിന്നീട് വീട്ടുകാര്‍ കണ്ടിട്ടില്ല. കേസില്‍ ബത്തേരി സ്വദേശികളായ ജ്യോതിഷ്, അജേഷ് എന്നിവരാണ് അറസ്റ്റിലായത്. മുഖ്യപ്രതി നൗഷാദ് വിദേശത്താണ്.
സാമ്പത്തിക ഇടപാടുകളാണ് ഹേമചന്ദ്രന്‍റെ കൊലപാതകത്തിന് കാരണമെന്നാണ് വിവരം. പണം കടം വാങ്ങി മറ്റുള്ളവര്‍ക്ക് മറിച്ചു നല്‍കുന്നയാളാണ് മരിച്ച ഹേമചന്ദ്രന്‍. പലരുമായി ഹേമചന്ദ്രന് സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. പെണ്‍സുഹൃത്തിന്‍റെ ഫോണ്‍ വന്നതിന് പിന്നാലെയാണ് ഹേമചന്ദ്രന്‍ വീട്ടില്‍ നിന്നും ഇറങ്ങുന്നത്. ഹേമചന്ദ്രന് പണം കടം നല്‍കിയ സംഘം പെണ്‍സുഹൃത്തിനെ ഉപയോഗിച്ച് വിളിച്ചു വരുത്തി തട്ടികൊണ്ടു പോവുകയായിരുന്നു. തരാനുള്ള പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും വയനാട്, മൈസൂര്‍ അടക്കം കൊണ്ടു പോയി മര്‍ദ്ദിക്കുകയുമായിരുന്നു.

ഹേമചന്ദ്രനെ കാണാതായി രണ്ടാഴ്ചയ്ക്കുള്ളില്‍ കൊലപാതകം നടന്നെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ചേരമ്പാടി വനത്തില്‍ നിന്നും കണ്ടെത്തിയ മൃതദേഹം അഴുകിയ നിലയിലായിരുന്നില്ല. നാലടി താഴ്ചയില്‍ ചതുപ്പില്‍ കുഴിച്ചിട്ട മൃതദേഹത്തിന്‍റെ മുഖം തിരിച്ചറിയാന്‍ പറ്റുന്ന തരത്തിലായിരുന്നു എന്നാണ് വിവരം. പ്രതികളിലൊരാളെ സ്ഥലത്ത് എത്തിച്ചാണ് പൊലീസ് മൃതദേഹം പുറത്തെടുത്തത്. വിളിച്ചു കൊണ്ടുപോയ സ്ത്രീയുമായി ബന്ധപ്പെട്ട ഫോണ്‍ സംഭാഷണം, മറ്റു സാമ്പത്തിക കേസുകള്‍ എന്നിവ വഴിയാണ് പൊലീസ് കേസില്‍ തുമ്പുണ്ടാക്കിയത്. പുറത്തെടുത്ത മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ഊട്ടി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.