KeralaNEWS

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു; വിടവാങ്ങിയത് കോണ്‍ഗ്രസിലെ സൗമ്യമുഖം

തിരുവനന്തപുരം: കെപിസിസി മുന്‍ പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തെന്നല ബാലകൃഷ്ണ പിള്ള (95) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭൗതികദേഹം തിരുവനന്തപുരം നെട്ടയം മുക്കോലയിലെ വസതിയിലേക്ക് കൊണ്ടുപോകും. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്‌കാരം നാളെ ഉച്ചയ്ക്ക് തൈക്കാട് ശാന്തി കവാടത്തില്‍.

മൂന്നു തവണ രാജ്യസഭാ എംപി, രണ്ടു തവണ നിയമസഭാംഗം, രണ്ടു തവണ കെപിസിസി പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ച തെന്നല ബാലകൃഷ്ണപിള്ള കൊല്ലം ജില്ലയിലെ ശൂരനാട് സ്വദേശിയാണ്. മികച്ച സഹകാരിയായിരുന്നു. സൗമ്യനും മിതഭാഷിയും കളങ്കമേല്‍ക്കാത്ത രാഷ്ട്രീയ ജിവിതത്തിനുടമയുമായ തെന്നല ഗ്രൂപ്പുകള്‍ക്കതീതനായ കോണ്‍ഗ്രസുകാരനായാണ് അറിയപ്പെടുന്നത്.

Signature-ad

1931 മാര്‍ച്ച് 11ന് ശൂരനാട് തെന്നല വീട്ടില്‍ എന്‍ ഗോവിന്ദപ്പിള്ളയുടേയും ഈശ്വരിയമ്മയുടേയും പുത്രനായി ജനിച്ചു. തിരുവനന്തപുരം എംജി കോളജില്‍നിന്ന് ബി.എസ്സി നേടി. ശൂരനാട് വാര്‍ഡ് കമ്മറ്റിയംഗമായി രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങി. ബ്ലോക്ക് കമ്മറ്റി അധ്യക്ഷനും കൊല്ലം ഡിസിസി ട്രഷററുമായിരുന്ന തെന്നല 1972 മുതല്‍ അഞ്ചുവര്‍ഷത്തോളം കൊല്ലം ഡിസിസി അധ്യക്ഷനുമായി പ്രവര്‍ത്തിച്ചു. ദീര്‍ഘകാലം കെപിസിസി സെക്രട്ടറിയായിരുന്ന അദ്ദേഹം 1998 ലും 2004ലും കെപിസിസി അധ്യക്ഷനുമായി. ഒരിക്കല്‍പോലും മത്സരത്തിലൂടെയല്ല പാര്‍ട്ടി സ്ഥാനങ്ങളിലെത്തിയത്. അടൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച് 1977ലും 1982ലും നിയമസഭയിലെത്തി. 1967, 80, 87 വര്‍ഷങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടു. 1991ലും 1992ലും 2003ലും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഭാര്യ: സതീദേവി. മകള്‍: നീത.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: