
ഇന്നാണ് മഹാശിവരാത്രി ദിവസം. സനാതനധര്‍മ വിശ്വാസപ്രകാരം പ്രത്യേക പ്രാധാന്യമുള്ള ദിവസം കൂടിയാണിത്. ഈ ദിവസം ശിവനെ ആരാധിക്കുന്നവര്‍ക്ക് പ്രാര്‍ത്ഥിച്ച കാര്യങ്ങളെല്ലാം നടക്കുമെന്നാണ് വിശ്വാസം. ഭക്തര്‍ വ്രതം അനുഷ്ഠിച്ച് ക്ഷേത്രത്തിലെത്തി ശിവന് പഴവും പൂക്കളും കൂവളവും സമര്‍പ്പിക്കുന്നു. ശിവലിംഗത്തില്‍ പാലും വെള്ളവും അര്‍പ്പിക്കുകയും ചെയ്യുന്നു. ഇന്നത്തെ ദിവസം രാജ്യത്തുടനീളമുള്ള എല്ലാ ശിവക്ഷേത്രങ്ങളിലും ഭക്തജനങ്ങളുടെ തിരക്കുണ്ടാവും.
ഈ ദിവസം പ്രത്യേക പൂജകളുണ്ടാകും. ശിവരാത്രി വ്രതം എടുക്കുന്നവര്‍ ശരിയായ രീതിയില്‍ വേണം ചെയ്യാന്‍. അല്ലായെന്നുണ്ടെങ്കില്‍ വിപരീത ഫലമാകും ഉണ്ടാവുക. അതിനാല്‍, ശിവരാത്രി ദിവസം ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തുമായ കാര്യങ്ങള്‍ അറിയാം.

മഹാശിവരാത്രി ദിനത്തില്‍ കറുപ്പും നീലയും നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ പാടില്ല. അബദ്ധത്തില്‍ പോലും ഇങ്ങനെ ചെയ്യാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
- ചുവപ്പ്, മഞ്ഞ അല്ലെങ്കില്‍ പച്ച നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് ശുഭകരമാണ്.
- മഹാശിവരാത്രി വ്രതം എടുക്കുന്നവര്‍ ഭക്ഷണം കഴിക്കാന്‍ പാടില്ല. ഉപവാസം ചെയ്യണം. പലരും ഒരു നേരം ഭക്ഷണം കഴിച്ചുകൊണ്ടാണ് വ്രതമെടുക്കുന്നത്. എന്നാല്‍ ഇതല്ല ശരിയായ രീതി. ഈ ദിവസം ഭക്ഷണത്തിന് പകരം പാലോ പഴങ്ങളോ മാത്രം കഴിക്കുക. സൂര്യാസ്തമയത്തിന് ശേഷം ഭക്ഷണം കഴിക്കാനേ പാടില്ല.
- മഹാശിവരാത്രി ദിവസം രാവിലെ ഉണര്‍ന്നശേഷം കുളിച്ച് പൂജ നടത്തുക. ഈ ദിവസം ഉറങ്ങാതിരുന്ന് വ്രതമെടുക്കുന്നവര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ ലഭിക്കും.
- ഈ ദിവസം ആരുമായും വഴക്കുണ്ടാക്കരുത്. അധിക്ഷേപകരമായ വാക്കുകള്‍ ഉച്ചരിക്കരുത്.
- വ്രതമെടുക്കുന്നവര്‍ ഈ ദിവസം ബ്രഹ്‌മചര്യം പാലിക്കണം.
- രാത്രി ഉറക്കമിളയ്ക്കുന്നവര്‍ ക്ഷേത്രങ്ങളില്‍ പോയി പൂജകളില്‍ പങ്കെടുത്ത് പ്രാര്‍ത്ഥിക്കുന്നത് നല്ലതാണ്.