ഏതു കേസാ? ചോദ്യവുമായി രാഹുല്‍, പറയാമെന്ന് പോലീസ്; തൊട്ടു പിന്നാലെ ഫോണ്‍ കസ്റ്റഡിയില്‍; രാഹുലിനെ അറസ്റ്റ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് പോലീസ്

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ സ്വകാര്യ ഹോട്ടലിൽനിന്ന് അർധരാത്രി അറസ്റ്റു ചെയ്യുന്ന ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. 2002 എന്ന നമ്പറുള്ള മുറിയുടെ വാതിലിൽ പൊലീസ് മുട്ടുന്നതു മുതൽ രാഹുലിനെ കസ്റ്റഡിയിലെടുക്കുന്നതു വരെയാണ് ദൃശ്യത്തിലുള്ളത്. വനിതാ പൊലീസും സംഘത്തിലുണ്ട്. ഏതാനും നിമിഷം കഴിഞ്ഞ് രാഹുൽ കതകു തുറന്നു. ഒരു കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുക്കുകയാണെന്ന് പൊലീസ് അറിയിക്കുമ്പോൾ ഏത് കേസാണെന്ന് രാഹുൽ ചോദിക്കുന്നുണ്ട്. പറയാം എന്നാണ് പൊലീസിന്റെ മറുപടി.
എതിർപ്പുകളില്ലാതെ രാഹുൽ പൊലീസിന്റെ നിർദേശങ്ങൾ അനുസരിച്ചു. വസ്ത്രങ്ങൾ ഉണ്ടെങ്കിൽ എടുക്കാൻ പൊലീസ് നിർദേശിച്ചു. രാഹുലിനെതിരെ യുവതി നൽകിയ പീഡന പരാതിയിലായിരുന്നു അറസ്റ്റ്. രാഹുലിനെ കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്. ജാമ്യാപേക്ഷയിൽ നാളെ വാദം കേൾക്കും. അതിനിടെ, പാലക്കാട് ഫ്ലാറ്റ് വാങ്ങിക്കാൻ പരാതിക്കാരിയോട് രാഹുൽ ആവശ്യപ്പെടുന്ന ചാറ്റുകൾ പുറത്തുവന്നു. ഒരുമിച്ച് താമസിക്കാൻ ഫ്ലാറ്റ് വാങ്ങാനാണ് രാഹുൽ യുവതിയോട് ആവശ്യപ്പെട്ടത്. രാഹുലിന്റെ കയ്യില്‍ കാശില്ലെന്നും പറഞ്ഞു.
ഒരുമിച്ച് താമസിച്ചാൽ എല്ലാവരും അറിയില്ലേ എന്നു ചോദിച്ചപ്പോൾ അതിനെന്താ ഒരുമിച്ച് ജീവിക്കേണ്ടവരല്ലേ എന്നായിരുന്നു മറുപടിയെന്ന് യുവതിയുടെ മൊഴിയിലുണ്ട്. 2 ബിഎച്ച്കെ ഫ്ലാറ്റ് പോരെന്നും 3 ബിഎച്ച്കെ ഫ്ലാറ്റ് വേണമെന്നും രാഹുൽ ആവശ്യപ്പെട്ടു. 1.14 കോടിരൂപ കയ്യിൽ ഇല്ലാത്തതിനാൽ ഫ്ലാറ്റ് വാങ്ങാൻ കഴിഞ്ഞില്ലെന്നും യുവതിയുടെ മൊഴിയിലുണ്ട്.






