Breaking NewsKeralaLead NewsNEWSNewsthen Specialpolitics

‘രാഹുലിന് വടകരയില്‍ ഫ്‌ളാറ്റ് ഉള്ളതായി ആര്‍ക്കെങ്കിലും അറിവുണ്ടോ? ഷാഫിയോട് ചോദിച്ച് പറഞ്ഞാലും മതി’; യുവതിയുടെ പരാതിയിലെ വാചകത്തില്‍ കയറിപ്പിടിച്ച് പി. സരിന്‍; ‘ലൈംഗിക കുറ്റവാളി കിടക്ക് അകത്ത്’ എന്ന് കാര്‍ഡ്

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പരിഹാസവുമായി സിപിഎം നേതാവ് പി. സരിന്‍. അമ്പലക്കള്ളന്‍മാര്‍ കടക്ക് പുറത്ത് എന്ന യുഡിഎഫ് പ്രചാരണ കാര്‍ഡ് മാറ്റി നന്ദി കേരളം ടീം യുഡിഎഫ് ‘ലൈംഗിക കുറ്റവാളി കിടക്ക് അകത്ത്’ എന്ന പോസ്റ്ററുമായിട്ടാണ് സരിന്‍ എത്തിയത്.

ഷാഫി പറമ്പില്‍ എംപിയെയും ഉന്നംവെച്ച് പി. സരിന്‍ രംഗത്തെത്തി. രാഹുലിനെതിരായ പരാതിയില്‍ യുവതി വടകരയിലെ ഒരു ഫ്ളാറ്റിനെ കുറിച്ച് പറയുന്നുണ്ട്. വടകരയില്‍ ഫ്ളാറ്റ് ഉണ്ടെന്നും അവിടേയ്ക്ക് ചെല്ലാനും രാഹുല്‍ ആവശ്യപ്പെട്ടതായാണ് പരാതിക്കാരി പറയുന്നത്. രാഹുലിന് വടകരയില്‍ ഫ്ളാറ്റുള്ളതായി ആര്‍ക്കെങ്കിലും അറിവുണ്ടോ എന്ന് സരിന്‍ ചോദിക്കുന്നു. സ്ഥലം എംപിയായ ഷാഫി പറമ്പിലിനോട് ചോദിച്ച് ആരെങ്കിലും അറിയിച്ചാല്‍ മതി. കൃത്യമായ മറുപടിയില്ലെങ്കില്‍ പിന്നെ ചോദിക്കാന്‍ വരുന്നത് കേരള പൊലീസായിരിക്കുമെന്നും സരിന്‍ പറഞ്ഞു.

Signature-ad

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാ പീഡനക്കേസില്‍ സാമ്പത്തിക ചൂഷണത്തിന് കൂടുതല്‍ തെളിവുകളും പുറത്തുവന്നു. രാഹുലും പരാതിക്കാരിയും തമ്മിലുള്ള ചാറ്റ് വിവരങ്ങളാണു പുറത്തെത്തിയത്. ഫ്‌ലാറ്റ് വാങ്ങുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചാറ്റിലുള്ളത്. 2 ബിഎച്ച്‌കെ പോരേയെന്ന് യുവതി ചാറ്റില്‍ ചോദിക്കുന്നത്. എന്നാല്‍ 3ബിഎച്ച്‌കെതന്നെ വേണമെന്ന് രാഹുല്‍ പറയുന്നു. പാലക്കാട് ഫ്‌ലാറ്റിനായി 1.14 കോടി രൂപ രാഹുല്‍ ആവശ്യപ്പെട്ടിരുന്നു എന്നാണ് യുവതി മൊഴി നല്‍കിയത്.

1.14 കോടി രൂപയുടെ ഫ്‌ലാറ്റ് വാങ്ങാന്‍ ആവശ്യപ്പെട്ടു എന്നാണ് യുവതിയുടെ മൊഴി. ഇരുവരും ഒന്നിച്ച് പോയി കണ്ടു എന്നും പരാതിയിലുണ്ടായിരുന്നു. പാലക്കാട് ഫ്‌ലാറ്റ് വാങ്ങി നല്‍കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു എന്ന മൊഴി തെളിയിക്കുന്ന വിവരങ്ങളാണ് ചാറ്റിലുള്ളത്. പാലക്കാടാണ് ഇനി തന്റെ കര്‍മരംഗം. അതിനാല്‍ പാലക്കാട് ഫ്‌ലാറ്റ് വാങ്ങണമെന്നാണ് രാഹുല്‍ പറയുന്നത്.

വാങ്ങുമ്പോള്‍ മൂന്ന് മുറിയുള്ളത് വാങ്ങണം നല്ല സ്‌പേസ് ഉണ്ട് എന്നാണ് രാഹുല്‍ യുവതിയോട് പറയുന്നത്. വില വിവരം സംബന്ധിച്ചും ചര്‍ച്ചയുണ്ട്. ഫ്‌ലാറ്റിന്റെ ആളുകള്‍ നല്‍കിയ വിവരങ്ങള്‍ യുവതി ചാറ്റിലൂടെ രാഹുലിന് കൈമാറുന്നുണ്ട്. നഗരഭാഗത്തായിതിനാല്‍ ഫ്‌ലാറ്റ് പെട്ടന്ന് വിറ്റുപോയേക്കാമെന്നാണ് യുവതി പറയുന്നത്. എന്നാല്‍ ഫ്‌ലാറ്റിന്റെ ആളുകളെ കാണുന്നുണ്ടെന്നും വിലയിലടക്കം സംസാരിക്കാം എന്നുമാണ് രാഹുല്‍ നല്‍കുന്ന മറുപടി.

വിവിധ കാരണങ്ങള്‍ പറഞ്ഞ് തുക തട്ടിയതായാണ് അതിജീവിത നല്‍കിയ മൊഴി. ചെരുപ്പ് വാങ്ങാന്‍ 10,000 രൂപയും ഉപതിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് 10,000 രൂപയും വാങ്ങി. ചൂരല്‍മല ഫണ്ടിലേക്ക് അതിജീവിത 5000 രൂപ നല്‍കി. എം.എല്‍.എ ആയ ശേഷം പാലക്കാട് ഫ്‌ലാറ്റ് വാങ്ങാന്‍ 1.14 കോടി ആവശ്യപ്പെട്ടെന്നും അതിജീവിത മൊഴി നല്‍കി. വാച്ച്, ഷാംപു, കണ്ടിഷണര്‍, സണ്‍ സ്‌ക്രീന്‍ എന്നിവ വാങ്ങിപ്പിച്ചു എന്നാണ് യുവതിയുടെ മൊഴിയിലുള്ളത്. കൂടുതല്‍ സമയവും പുറത്ത് യാത്രചെയ്യുന്നത് കൊണ്ട് സണ്‍ സ്‌ക്രീന്‍ ഉപയോഗിക്കണമെന്നും ബ്രാന്‍ഡ് നിര്‍ദ്ദേശിക്കണമെന്നും യുവതിയോട് രാഹുല്‍ ആവശ്യപ്പെട്ടു. ഇത് വാങ്ങി നല്‍കാന്‍ ആവശ്യപ്പെട്ടതായും അതിജീവിതയുടെ മൊഴിയിലുണ്ട്. രാഹുല്‍ ആവശ്യപ്പെട്ടത് അനുസരിച്ച് ബ്ലൂകളര്‍ ഫോസില്‍ വാച്ച് വാങ്ങി നല്‍കിയെന്നും ഷാംപുവും കണ്ടിഷണറും സണ്‍ സ്‌ക്രീനും രാഹുലിന്റെ വീട്ടിലെ മേല്‍വിലാസത്തിലേക്ക് അയച്ചുകൊടുത്തു എന്നും യുവതി മൊഴി നല്‍കി.

 

Back to top button
error: