വെനസ്വേല ജനത പ്രസിഡന്റ് ഇല്ലാതെ ബുദ്ധിമുട്ടരുത് : വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റായി സ്വയം അവരോധിച്ചുകൊണ്ടുള്ള ചിത്രം പങ്കുവെച്ച് ട്രംപ്

വാഷിംഗ്ടൺ : ന്യൂയോർക്ക് ജയിലിൽ കഴിയുന്ന വെനസ്വേലൻ പ്രസിഡന്റ് നിക്കൊളാസ് മഡൂറോയും ഭാര്യ സീലിയ ഫ്‌ലോറെസിനയും ഇതൊന്നും ഒരുപക്ഷേ അറിഞ്ഞു കാണില്ല.
ലാറ്റിൻ അമേരിക്കൻ രാജ്യമായ വെനസ്വേലയുടെ ‘ആക്ടിങ് പ്രസിഡന്റ്’ എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള ചിത്രം പങ്കുവെച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
തങ്ങളെ പിടിച്ചു കെട്ടി തടവിലിട്ട് ഇപ്പോൾ തങ്ങളുടെ രാജ്യത്തിന്റെ പ്രസിഡന്റായി സ്വയം പ്രഖ്യാപിക്കുന്ന അമേരിക്കൻ പ്രസിഡന്റിന്റെ നടപടികൾ നോക്കി നിൽക്കാൻ അല്ലാതെ നിക്കോളാസ് മഡൂറോയ്ക്ക് ഒക്കെ ഒന്നും ചെയ്യാൻ സാധിക്കില്ല.
വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റായി സ്വയം ‘അവരോധിച്ചു’കൊണ്ടുള്ള ചിത്രം ട്രംപ് പങ്കുവച്ചത് ലോകം മുഴുവൻ ചർച്ച ചെയ്യുകയാണ്.
തന്റെ സ്വന്തം സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലാണ് വിക്കിപീഡിയ പേജിലേത് എന്ന് തോന്നിക്കുംവിധം എഡിറ്റ് ചെയ്ത ചിത്രം അദ്ദേഹം പങ്കുവെച്ചത്.
ട്രംപിന്റെ ഫോട്ടോയുടെ താഴെ 2026 ജനുവരി മുതൽ വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റ് എന്ന് എഴുതിയിട്ടുള്ളതായി ചിത്രത്തിൽ കാണാം. യുഎസിന്റെ 45-ാമത്തെയും 47-ാമത്തെയും പ്രസിഡന്റ് എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
ജനുവരി മാസമാദ്യം വെനസ്വേലയ്‌ക്കെതിരേ യുഎസ് കടുത്ത നടപടികളുമായി രംഗത്തെത്തിയിരുന്നു. വെനസ്വേലൻ പ്രസിഡന്റ് നിക്കൊളാസ് മഡൂറോയെയും ഭാര്യ സീലിയ ഫ്‌ലോറെസിനയേയും ഇരുചെവിയറിയാതെ കടത്തിക്കൊണ്ടുവന്ന് ന്യൂയോർക്കിലെ ജയിലിലാക്കുകയും ചെയ്തിരുന്നു. വെനസ്വേലയിലെ പെട്രോളിയം അടക്കമുള്ള ഊർജസമ്പത്താണ് ട്രെംപിന്‍റെ ഈ നടപടികൾക്കു പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതിനിടെ, വെനസ്വേലൻ എണ്ണ വിറ്റുകിട്ടുന്ന പണം നിയമക്കുരുക്കിൽപ്പെടാതെ സംരക്ഷിക്കുന്നതിനായി ട്രംപ് എക്സിക്യുട്ടീവ് ഉത്തരവിറക്കിയിരുന്നു. എണ്ണയിൽനിന്നുള്ള വരുമാനം വെനസ്വേലയുടെ സ്വത്താണെന്നും ഭരണപരവും നയതന്ത്രപരവുമായ ലക്ഷ്യങ്ങളോടെ യുഎസ് അത് കൈകാര്യംചെയ്യുകയാണെന്നും ഉത്തരവിൽ പറയുന്നു. വെനസ്വേലയ്ക്കു വായ്പനൽകിയവർ ഈ പണത്തിൽ അവകാശമുന്നയിക്കാതിരിക്കുക, കടംവീട്ടുന്നതിനായി വെനസ്വേല ഇത് പിടിച്ചെടുക്കുകയോ നിയമപരമായ അവകാശമുന്നയിക്കുകയോ ചെയ്യാതിരിക്കുക എന്നിവയാണ് നിയമത്തിന്റെ ഉദ്ദേശ്യം.
യുഎസിന്റെ ഉപരോധം കാരണം വിൽക്കാൻകഴിയാതെ വെനസ്വേലയിൽ കെട്ടിക്കിടക്കുന്ന അഞ്ചുകോടിയോളം വീപ്പ പെട്രോളിയം യുഎസ് വിറ്റ് ആ പണം താൻ കൈകാര്യംചെയ്യുമെന്ന് ട്രംപ് പറഞ്ഞിരുന്നു. അതുകൂടാതെ, വെനസ്വേലയിൽ നിക്ഷേപിക്കാൻ എണ്ണക്കമ്പനിയുടമകളെ ട്രംപ് ക്ഷണിച്ചിരുന്നു.






