KeralaNEWS

ഇഡി അന്വേഷണം നടക്കുന്ന സഹകരണ സംഘങ്ങള്‍ ഏതൊക്കെ?

കൊച്ചി: സംസ്ഥാനത്ത് സഹകരണ സംഘങ്ങള്‍ കേന്ദ്രീകരിച്ച് വലിയ തോതില്‍ കള്ളപ്പണ ഇടപാടെന്ന് ആവര്‍ത്തിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇഡി ഇക്കാര്യം വ്യക്തമാക്കുന്നത്. നിലവില്‍ 18 സഹകരണ സംഘങ്ങളില്‍ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുണ്ടെന്ന് ഇഡി വ്യക്തമാക്കി. 18 സഹകരണ സംഘങ്ങള്‍ക്കെതിരെയും ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തെന്നും ഇഡി അറിയിച്ചിട്ടുണ്ട്. കരുവന്നൂര്‍ അടക്കം സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ നടക്കുന്ന ക്രമക്കേടുമായി ബന്ധപ്പെട്ടു നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് സത്യവാങ്മൂലം നല്‍കിയത്.

അയ്യന്തോള്‍ സര്‍വീസ് സഹകരണ ബാങ്ക്, തുമ്പൂര്‍ സര്‍വീസ് സഹകരണ ബാങ്ക്, നടയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്ക്, മാവേലിക്കര സഹകരണ സൊസൈറ്റി ബാങ്ക്, മൂന്നിലവ് സര്‍വീസ് സഹകരണ ബാങ്ക്, കണ്ടള സര്‍വീസ് സഹകരണ ബാങ്ക്, മൈലപ്ര സര്‍വീസ് സഹകരണ ബാങ്ക്, ചാത്തന്നൂര്‍ റീജിയനല്‍ സര്‍വീസ് സഹകരണ ബാങ്ക്, ബിഎസ്എന്‍എല്‍ എന്‍ജിനീയറിങ് സഹകരണ സൊസൈറ്റി, കോന്നി റീജിയനല്‍ സഹകരണ ബാങ്ക്, മരിയമുട്ടം സഹകരണ സൊസൊറ്റി ലിമിറ്റഡ്, കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക്, എടമുളയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്ക്, കൊല്ലൂര്‍വിള സര്‍വീസ് സഹകരണ ബാങ്ക്, ആനക്കയം സര്‍വീസ് സഹകരണ ബാങ്ക്, മുഗു സര്‍വീസ് സഹകരണ ബാങ്ക്, തെന്നല സര്‍വീസ് സഹകരണ ബാങ്ക്, പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് എന്നിവിടങ്ങളിലാണ് നിലവില്‍ അന്വേഷണം നടക്കുന്നതെന്ന് ഇഡി വ്യക്തമാക്കി.

Signature-ad

ഒരു ഈടിന്മേല്‍ ഒന്നിലധികം വായ്പ നല്‍കുന്നു, തിരിച്ചടവ് മുടങ്ങിയവര്‍ക്കെതിരെ നടപടിയുണ്ടാകുന്നില്ല, സഹകരണ സംഘങ്ങളുടെ പരിധിക്കപ്പുറം നിയവിരുദ്ധ വായ്പ അനുവദിക്കല്‍ തുടങ്ങിയ കാര്യങ്ങളാണ് ഇ ഡി സത്യവാങ്മൂലത്തില്‍ പറയുന്നത്. വലിയ തോതിലുള്ള കള്ളപ്പണ ഇടപാടുകളാണ് ഈ സഹകരണ സംഘങ്ങള്‍ വഴി നടക്കുന്നതെന്ന് ഇവര്‍ക്കെതിരെ സ്വത്ത് പിടിച്ചെടുക്കലും കുറ്റവാളികളെ അറസ്റ്റ് ചെയ്യലും ഉള്‍പ്പെടെ നടത്തുന്നെന്ന് ഇഡി പറയുന്നു. പല സഹകരണ ബാങ്കുകളും വായ്പ തിരിച്ചുപിടിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നില്ല. നിക്ഷേപം തിരിച്ചുപിടിക്കാനുള്ള നിയമാനുസൃത നടപടികള്‍ സ്വീകരിക്കുമെന്നും ഇഡി സത്യവാങ്മൂലത്തില്‍ പറയുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: