
ചെന്നൈ : ആവഡിക്കടുത്ത് തിരുമുല്ലവായലില്‍ അടച്ചിട്ടവീട്ടില്‍ അച്ഛന്റെയും മകളുടെയും അഴുകിയ മൃതദേഹം കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് അച്ഛനെ ചികിത്സിച്ചിരുന്ന ഡോക്ടറെ പോലീസ് അറസ്റ്റുചെയ്തു. വൃക്കരോഗിയായിരുന്ന അച്ഛന്‍ ചികിത്സക്കിടെ മരിച്ചതാണെന്നും അതിനെ ചോദ്യംചെയ്ത മകളെ ഡോക്ടര്‍ കൊന്നതാണെന്നും പോലീസ് പറയുന്നു.
സാമുവല്‍ എബനേസര്‍ എന്ന ഹോമിയോ ഡോക്ടറാണ് വെല്ലൂര്‍ സ്വദേശിയായ സാമുവല്‍ ശങ്കറി (70)നെ ചികിത്സിച്ചിരുന്നത്. സാമുവലിന്റെ മകള്‍ വിന്ധ്യ ഇന്‍സ്റ്റഗ്രാം വഴിയാണ് ഡോക്ടറെ പരിചയപ്പെട്ടത്. ചികിത്സക്കിടെ സാമുവല്‍ മരിച്ചു. ഇതേച്ചൊല്ലി വിന്ധ്യയും ഡോക്ടറും തമ്മില്‍ വഴക്കുണ്ടായി. കൈയാങ്കളിക്കിടെ പിടിച്ചു തള്ളുകയും അവര്‍ തലയടിച്ചു വീണ് മരിക്കുകയും ചെയ്തു. ഡോക്ടര്‍ വീടിന്റെ വാതില്‍പൂട്ടി സ്ഥലംവിട്ടു. ആഴ്ചകള്‍ക്കുശേഷം ദുര്‍ഗന്ധം ഉണ്ടായപ്പോഴാണ് നാട്ടുകാര്‍ വാതില്‍ പൊളിച്ച് അകത്തു കടന്നതും ജീര്‍ണിച്ച മൃതദേഹങ്ങള്‍ കണ്ടെടുത്തതും.
