കണ്ണൂര്‍: എ.ഡി.എം. ആയിരുന്ന കെ.നവീന്‍ ബാബുവിന്റെ മരണം സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഭാര്യയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. എസ്ഐടിയുടെ അന്വേഷണം കണ്ണൂര്‍ റേഞ്ച് ഡിഐജിയുടെ മേല്‍നോട്ടത്തിലാകണം. റേഞ്ച് ഡിഐജിയുടെ അനുമതിയോടെ മാത്രമേ കേസിന്റെ കുറ്റപത്രം സമര്‍പ്പിക്കാന്‍ പാടുള്ളൂ എന്നീ നിര്‍ദേശങ്ങളോടെയാണ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യം കോടതി തള്ളിയത്. നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ ഹര്‍ജിയില്‍ ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് വിധി പറഞ്ഞത്. ഹൈക്കോടതി വിധി തൃപ്തികരമല്ലെന്ന് അറിയിച്ച മഞ്ജുഷ, അപ്പീല്‍ നല്‍കുമെന്നും വ്യക്തമാക്കി.
ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്റും സി.പി.എം. ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന പി.പി.ദിവ്യയാണ് ആത്മഹത്യാപ്രേരണക്കേസിലെ പ്രതി. പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം കിട്ടിയ നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ അദ്ദേഹത്തെ അഴിമതിക്കാരനായി ചിത്രീകരിച്ച് ദിവ്യ പ്രസംഗിച്ചിരുന്നു. പിറ്റേന്ന്, ഒക്ടോബര്‍ 15-ന് പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സിലാണ് നവീന്‍ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മരണത്തില്‍ തുടക്കം മുതലേ ദുരൂഹത ആരോപിച്ചിരുന്ന നവീന്‍ ബാബുവിന്റെ കുടുംബം, മരണം കൊലപാതകമാണെന്ന സംശയമാണ് ഹര്‍ജിയില്‍ ഉന്നയിച്ചത്. ദിവ്യയുടെ രാഷ്ട്രീയസ്വാധീനം കാരണം പോലീസ് ശരിയായ അന്വേഷണം നടത്തില്ലെന്നാണ് ആരോപണം. തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തിലെ രക്തക്കറ പോലീസ് അവഗണിച്ചതും ഇന്‍ക്വസ്റ്റ് തിടുക്കത്തില്‍ നടത്തിയതും സംശയകരമാണെന്ന വാദവും ഹര്‍ജിയിലുണ്ട്. കോടതി നിര്‍ദേശിച്ചാല്‍ അന്വേഷണം ഏറ്റെടുക്കാമെന്ന് സി.ബി.ഐ. വ്യക്തമാക്കിയിരുന്നു. ആരോപണത്തിനപ്പുറം തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ലെന്നാണ് ഹര്‍ജിയെ എതിര്‍ത്തുള്ള സര്‍ക്കാര്‍വാദം.