ചെന്നൈ: സഖ്യകക്ഷിയായ ഡിഎംകെക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചതിനു പിന്നാലെ തമിഴ്‌നാട് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നു കെ.ബാലകൃഷ്ണന്‍ ഒഴിവായി. പി.ഷണ്‍മുഖമാണു പുതിയ സംസ്ഥാന സെക്രട്ടറി. ഡിഎംകെയ്‌ക്കെതിരെ പരസ്യമായി രംഗത്തെത്തിയതു മുന്നണിക്കുള്ളില്‍ അസ്വസ്ഥത സൃഷ്ടിച്ചെന്നും മുന്നണി മര്യാദകളുടെ ലംഘനമാണിതെന്നും 81 അംഗ നിര്‍വാഹക സമിതിയിലെ മിക്ക അംഗങ്ങളും വിമര്‍ശിച്ചതോടെ ബാലകൃഷ്ണന്‍ സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിക്കുകയായിരുന്നു. അടുത്ത മാസം 72 വയസ്സ് തികയുമെന്നതിനാല്‍ മറ്റു ചുമതലകള്‍ ഏറ്റെടുക്കാനില്ലെന്നും 2018 മുതല്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന ബാലകൃഷ്ണന്‍ അറിയിച്ചു. തുടര്‍ന്ന്, സംസ്ഥാന സമിതി അത് അംഗീകരിച്ചു.
അതേസമയം, ഡിഎംകെ നേതാക്കള്‍ പരാമര്‍ശത്തില്‍ അസ്വസ്ഥത പ്രകടിപ്പിച്ചതോടെ ബാലകൃഷ്ണനെ സ്ഥാനത്തുനിന്നു നീക്കുകയായിരുന്നെന്നാണു സൂചന. ഡിഎംകെ മുഖപത്രമായ മുരശ്ശൊലിയും ബാലകൃഷ്ണനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ചിലരുടെ വക്താവായി ബാലകൃഷ്ണന്‍ മാറിയെന്നും യഥാര്‍ഥ അടിയന്തരാവസ്ഥ എന്താണെന്ന് അദ്ദേഹത്തിന് അറിയില്ലേ എന്ന ചോദ്യവുമാണു മുരശ്ശൊലിയിലെ ലേഖനത്തിലുള്ളത്.
വില്ലുപുരത്തു നടന്ന സംസ്ഥാന സമ്മേളനത്തിലെ പൊതുയോഗത്തിനിടെയാണ് ഡിഎംകെയ്ക്ക് എതിരെയും മുഖ്യമന്ത്രിക്കെതിരെയും ബാലകൃഷ്ണന്‍ പ്രസംഗിച്ചത്. ‘ജനാധിപത്യ രീതിയില്‍ പ്രതിഷേധിക്കാനുള്ള അവകാശം പൊലീസ് നിഷേധിക്കുകയാണ്. സംസ്ഥാനത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനില്‍ക്കുന്നുണ്ട്. മുഖ്യമന്ത്രി അതിനു മറുപടി നല്‍കണം’ എന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. സിപിഎം കേന്ദ്രകമ്മിറ്റി അംഗമാണു പുതിയ സെക്രട്ടറിയായ പി.ഷണ്‍മുഖം. വിദ്യാര്‍ഥി പ്രസ്ഥാനത്തില്‍ ഉള്‍പ്പെടെ അംഗമായിരുന്ന ഷണ്‍മുഖം മലയോര ജനതകളുടെ വിവിധ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ടിരുന്നു.