കോഴിക്കോട്: ജില്ലാ മെഡിക്കല്‍ ഓഫീസില്‍ കസേര കളി തുടരുന്നു. മെഡിക്കല്‍ ഓഫീസറുടെ കസേരയില്‍ ഒരേ സമയം രണ്ട് ഡിഎംഒമാര്‍ എത്തിയതാണ് ഇന്നലെ പ്രശ്നമായത്. ഇന്നു വീണ്ടും രണ്ടു ഡിഎംഒമാരും ഓഫിസിലെത്തി. ഇതോടെ ഡിഎംഒ ഓഫീസിലെ ജീവനക്കാര്‍ പ്രതിസന്ധിയിലായി. കോടതി ഉത്തരവ് തനിക്ക് അനുകൂലമാണെന്ന് ഡോ. ആശാദേവിയും നിയമപരമായി തനാണ് ഡിഎംഒ എന്ന് ഡോ.എന്‍.രാജേന്ദ്രനും ഉറച്ചുനിന്നു.
ഡിഎംഒയുടെ കസേരിയില്‍ ആദ്യം കയറി ഇരുന്ന എന്‍. രാജേന്ദ്രന് മാറാന്‍ തയാറായില്ല. എതിര്‍വശത്തുള്ള കസേരയില്‍ ആശാദേവിയും ഇരിപ്പുറപ്പിച്ചു. ഇതോടെ രണ്ടുപേരും മുഖത്തോട് മുഖം നോക്കിയിരുന്ന അവസ്ഥയായി. ആരാണ് യഥാര്‍ഥ ഡിഎംഒ എന്നറിയാത്തതിനാല്‍ ഫയലുകള്‍ ആര്‍ക്കാണ് കൈമാറേണ്ടതെന്നറിയാതെ ഓഫിസ് ജീവനക്കാര്‍ വട്ടം ചുറ്റി. ഇന്നലെയും സമാന അവസ്ഥയായിരുന്നു. ഓഫിസ് സമയം കഴിയുന്നത് വരെ രണ്ടു പേരും ഓഫിസില്‍ ഇരുന്നു.
ഈ മാസം 9ന് ഇറങ്ങിയ സര്‍ക്കാര്‍ ഉത്തരവുപ്രകാരം കോഴിക്കോട്, എറണാകുളം, കൊല്ലം, കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരെയും 3 ആരോഗ്യ വകുപ്പ് അഡീഷനല്‍ ഡയറക്ടര്‍മാരെയും സ്ഥലം മാറ്റി നിയമിച്ചിരുന്നു. ഇതു പ്രകാരം 10ന് കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസറായി ഡോ. രാജേന്ദ്രനില്‍ നിന്ന് ഡോ.ആശാദേവി ചുമതലയേറ്റെടുത്തു. പിന്നീട് സ്ഥലംമാറ്റ ഉത്തരവിനെതിരെ ഡോ.രാജേന്ദ്രന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് 12ന് സ്റ്റേ ഉത്തരവ് നേടി. ആശാ ദേവി തിരുവനന്തപുരത്ത് പോയ 13ന് രാജേന്ദ്രന് ഓഫീസിലെത്തി വീണ്ടും ഡിഎംഒ ആയി ചുമതലയേറ്റു. ഇതേ തുടര്‍ന്ന് ആശാദേവി അവധിയില്‍ പ്രവേശിച്ചു.
സ്റ്റേ ഉത്തരവിനെതിരെ ആശാദേവി ട്രൈബ്യൂണലിനെ സമീപച്ചു. അടിസ്ഥാന അവകാശങ്ങള്‍ ലംഘിക്കാതെ ഒരു മാസത്തിനുള്ളില്‍ പുതിയ ഉത്തരവ് ഇറക്കണമെന്ന് ആരോഗ്യവ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ട്രൈബ്യൂണല്‍ നിര്‍ദേശം നല്കി. ഇതേ തുടര്‍ന്നാണ് ട്രൈബ്യൂണലില്‍ നിന്ന് തനിക്ക് അനുകൂല ഉത്തരവുണ്ടെന്നറിയിച്ച് ആശാദേവി ഇന്നലെ ഓഫീസിലെത്തിയ്ത്. എന്നാല്‍ നിയമപരമായി താനാണ് ഡിഎംഒ എന്ന നിലപാടിലാണ് ഡോ.രാജേന്ദ്രന്.