കൊച്ചി: റിലീസ് ആയി രണ്ട് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ മികച്ച ബോക്‌സ് ഓഫീസ് പ്രകടനവുമായി മുന്നേറുകയാണ് ഉണ്ണി മുകുന്ദന്‍ നായകനായ ‘മാര്‍ക്കോ’. പ്രഖ്യാപനം എത്തിയത് മുതല്‍ വലിയ ചര്‍ച്ചയായ ചിത്രമായിരുന്നു ഹനീഫ് അദേനി സംവിധാനം നിര്‍വഹിച്ച ഈ ആക്ഷന്‍ ത്രില്ലര്‍ ചിത്രം. മലയാളത്തിലെ മോസ്റ്റ് വയലന്റ് ഫിലിം എന്ന ലേബലിനോട് നൂറ് ശതമാനം കൂറ് പുലര്‍ത്തുന്നതാണ് ചിത്രമെന്നായിരുന്നു ‘മാര്‍ക്കോ’ യെ പറ്റി പ്രേക്ഷകര്‍ പറഞ്ഞത്. ആദ്യ ദിനം മുതല്‍ മികച്ച പ്രതികരണം ലഭിച്ചതോടെ മോളിവുഡില്‍ നിന്നും മറ്റൊരു ചിത്രം കൂടി ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റിലേക്ക് കുതിക്കുകയാണ്. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായിരിക്കും ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.
മലയാളത്തില്‍ ഇന്നുവരെ പുറത്തിറങ്ങിയതില്‍വെച്ച് ഏറ്റവും വയലന്‍സ് ഉള്ള ചിത്രമാണ് ‘മാര്‍ക്കോ’ എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഉണ്ണി മുകുന്ദന്‍ ചിത്രം ആദ്യ തിങ്കളാഴ്ചയും വന്‍ നേട്ടമുണ്ടാക്കിയിരിക്കുകയാണ്. തിങ്കളാഴ്ച കേരളത്തില്‍ മാത്രം നാല് കോടി രൂപയിലധികം മാര്‍ക്കോ നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിനകം 31 കോടി നേടിയ ചിത്രം മാര്‍ക്കോ അതിവേഗം മുന്നേറുകയും 50 കോടി എന്ന സംഖ്യയിലേക്ക് എത്തുകയാണ് എന്നുമാണ് റിപ്പോര്‍ട്ട്. ഉണ്ണി മുകുന്ദന്റെ ആദ്യ 100 കോടി ക്ലബ് മാര്‍ക്കോ ആകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം മോഹന്‍ലാലിന്റെ ‘ബാറോസ്’ നാളെ തീയേറ്ററുകളില്‍ എത്തും. വമ്പന്‍ ഹൈപ്പോടെയെത്തുന്ന ചിത്രം ‘മാര്‍ക്കോ’ യുമായി കടുത്ത മത്സരത്തിനൊരുങ്ങുകയാണ്. ആരാവും ക്രിസ്മസ് അവധിക്കാലത്തെ ബോക്‌സ് ഓഫീസ് ഭരിക്കുകയെന്ന് ആരാധകര്‍ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത് .
ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ്, ഉണ്ണി മുകുന്ദന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ ഷെരീഫ് മുഹമ്മദ് ആണ് മാര്‍ക്കോ നിര്‍മിക്കുന്നത്. കെജിഎഫ്, സലാര്‍ അടക്കമുള്ള ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുടെ സംഗീത സംവിധായകന്‍ രവി ബസ്‌റൂര്‍ ആണ് മാര്‍ക്കോയിലെയും ഈണങ്ങള്‍ ഒരുക്കുന്നത്. സിദ്ദിഖ്, ജഗദീഷ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍സിംഗ്, അഭിമന്യു തിലകന്‍, മാത്യു വര്‍ഗീസ്, അര്‍ജുന്‍ നന്ദകുമാര്‍, ബീറ്റോ ഡേവിസ്, ദിനേശ് പ്രഭാകര്‍, ശ്രീജിത്ത് രവി, ലിഷോയ് തുടങ്ങി നിരവധി താരങ്ങളും ഈ ബിഗ് ബജറ്റ് ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.