IndiaNEWS

മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും ബി.ജെ.പി സഖ്യത്തിന് മേല്‍ക്കൈയെന്ന് എക്‌സിറ്റ് പോള്‍

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും ബി.ജെ.പി നേതൃത്വം കൊടുക്കുന്ന സഖ്യങ്ങള്‍ക്ക് മേല്‍ക്കൈ ലഭിക്കുമെന്ന് വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നു. മഹാരാഷ്ട്രയില്‍ ബി.ജെ.പി- ശിവസേന (ഏക്‌നാഥ് ഷിന്‍ഡെ)- എന്‍.സി.പി (അജിത് പവാര്‍) പാര്‍ട്ടികളുടെ മഹായുതി സഖ്യം നേരിയ മാര്‍ജിനില്‍ ഭരണം നിലനിര്‍ത്തിയേക്കുമെന്നാണ് ഭൂരിഭാഗം എക്‌സിറ്റ് പോള്‍ ഫലങ്ങളും പ്രവചിക്കുന്നത്. പീപ്പിള്‍സ് പള്‍സ്, മെട്രിസ്, ചാണക്യ സ്റ്റാറ്റജീസ് തുടങ്ങിയവര്‍ എന്‍.ഡി.എ അധികാരത്തിലേറുമെന്ന് പറയുന്നു. പി മാര്‍ക്ക് ഉള്‍പ്പെടെയുള്ള മൂന്ന് സര്‍വേകള്‍ തൂക്കുമന്ത്രിസഭയ്ക്കുള്ള സാധ്യതയും പ്രവചിക്കുന്നുണ്ട്.

ഫലങ്ങള്‍ അനുസരിച്ച് ഝാര്‍ഖണ്ഡില്‍ ഭരണകക്ഷിയായ ജെ.എം.എമ്മിനെ അട്ടിമറിച്ച് എന്‍.ഡി.എ അധികാരത്തില്‍ തിരിച്ചെത്താനുള്ള സാധ്യതയാണ് ഏജന്‍സികള്‍ പ്രവചിക്കുന്നത്. പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ഭൂരിഭാഗവും എന്‍.ഡി.എ അധികാരത്തിലേറുമെന്ന് പറയുമ്പോള്‍ ആക്‌സിസ് മൈ ഇന്ത്യ ഇന്ത്യ സഖ്യം അധികാരത്തിലേറുമെന്ന് പ്രവചിക്കുന്നു.

Signature-ad

ബുധനാഴ്ചയോടെയാണ് ഇരുസംസ്ഥാനങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായത്. മഹാരാഷ്ട്രയില്‍ 288 അംഗ സഭയിലേക്ക് ജനങ്ങള്‍ വിധിയെഴുതി. രണ്ടായിരത്തിലേറെ സ്വതന്ത്രര്‍ ഉള്‍പ്പെടെ മുന്‍ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 28 ശതമാനത്തിലധികം സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. ഝാര്‍ഖണ്ഡിലെ രണ്ടാംഘട്ടത്തില്‍ 38 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. 528 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. 23-നാണ് വോട്ടെണ്ണല്‍.

 

Back to top button
error: