കൊല്ലം മയ്യനാട് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇടിച്ച് പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ചു. ചാത്തന്നൂർ കോയിപ്പാട് വിളയിൽ വീട്ടിൽ അജി–ലീജ ദമ്പതികളുടെ മകൾ എ.ദേവനന്ദ (17) ആണ് മരിച്ചത്. മയ്യനാട് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. ഇന്നലെ വൈകിട്ട് നാലരയോടെ സ്കൂൾ വിട്ടു വീട്ടിലേക്കു പോകുംവഴിയാണ് അപകടമുണ്ടായത്. റെയിൽവേ സ്റ്റേഷനിൽ പാളം മുറിച്ചു കടന്ന് പ്ലാറ്റ്‌ഫോമിലേക്ക് കയറാനുള്ള ശ്രമത്തിനിടെയാണ് ട്രെയിനിടിച്ചത്.
സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‍ഫോമിൽ നിർത്തി ഇട്ടിരുന്ന നാഗർകോവിൽ- കോട്ടയം പാസഞ്ചർ ട്രെയിൻ്റെ എൻജിനു മുന്നിലൂടെ പാളം കടന്ന് രണ്ടാം പ്ലാറ്റ്‌ഫോമിലേക്ക് കയറുമ്പോഴാണ് മുംബൈ- തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് എത്തിയത്. സഹപാഠിക്കൊപ്പമാണ് ദേവനന്ദ പാളത്തിലേക്കു കടന്നത്. കൂട്ടുകാരികൾ ദേവനന്ദയെ പ്ലാറ്റ്‌ഫോമിലേക്ക് വലിച്ചു കയറ്റാൻ ശ്രമിച്ചപ്പോഴേക്കും ട്രെയിൻ ഇടിച്ചു വീഴ്‌ത്തുകയായിരുന്നു.
ചാത്തന്നൂർ ഭാഗത്തേക്കു പോകുന്ന കുട്ടികൾ സാധാരണ മയ്യനാട് ചന്തമുക്കിൽ നിന്നാണ് ബസ് കയറുന്നത്. പാളത്തിന് അരികിലൂടെ ബസിൽ കയറാൻ ചന്തമുക്കിലേക്ക് എത്തുമ്പോഴായിരുന്നു അപകടം നടന്നത്. കുട്ടികൾ ട്രെയിനിനു മുന്നിൽപെട്ടതറിഞ്ഞ് പാസഞ്ചർ ട്രെയിൻ ലോക്കോ പൈലറ്റ് നിർത്താതെ ഹോൺ അടിച്ചെങ്കിലും ഫലമുണ്ടായില്ല. ഈ ഹോണിനൊപ്പം എതിർ വശത്തു നിന്നു ട്രെയിൻ പാഞ്ഞെത്തിയപ്പോൾ ഭയപ്പെട്ടതാണത്രേ അപകട കാരണം.
മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. അമ്മ ലീജ വിദേശത്താണ്. സഹോദരി: ദേവപ്രിയ. അമ്മ നാട്ടിൽ എത്തുന്ന മുറയ്ക്ക് സംസ്കാരം നടത്തുമെന്നു ബന്ധുക്കൾ അറിയിച്ചു.