തിരുവനന്തപുരം: കുടുംബ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടുളള വഴക്കിനിടെ മകന്റെ അടിയേറ്റ് നിലത്തുവീണ് പരിക്കേറ്റ അച്ഛന്‍ മരിച്ച സംഭവത്തില്‍ മകനെതിരെ വിഴിഞ്ഞം പോലീസ് കുറ്റകരമായ നരഹത്യയ്ക്ക് കേസെടുത്തു. കോട്ടുകാല്‍ ചൊവ്വര പ്ലാവിള തെക്കോകോണത്ത് വരുണ്‍ സജീവിനെ(20) ആണ് വിഴിഞ്ഞം പോലീസ് വ്യാഴാഴ്ച രാത്രി അറസ്റ്റുചെയ്തത്. ഇയാളുടെ അച്ഛനും കെട്ടിടനിര്‍മ്മാണ തൊഴിലാളിയുമായ സജീവ് (42) ആണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി 9.30-നായിരുന്നു അച്ഛനും മകനും തമ്മില്‍ വീട്ടില്‍വെച്ച് വഴക്കിന് തുടക്കമിട്ടതെന്ന് വിഴിഞ്ഞം പോലീസ് പറഞ്ഞു. ദിവസവും കുടുംബ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സജീവ് വീട്ടില്‍ ഭാര്യ അജിതയുമായി വഴക്കുണ്ടാക്കുമായിരുന്നു. വ്യാഴാഴ്ചയും ഇത്തരത്തില്‍ വീട്ടില്‍ ബഹളം വെച്ചതിനെ മകന്‍ വരുണ്‍ ചോദ്യം ചെയ്തിരുന്നു. രാത്രി 10.30-ഓടെ ഇരുവരും തമ്മില്‍ പിടിവലിയും ഉന്തുംതളളുമായി.
ഇതിനിടയില്‍ വരുണ്‍ അച്ഛന്‍ സജീവിന്റെ മുഖത്ത് ആഞ്ഞടിച്ചു. ഇതോടെ സജീവ് തറയില്‍ വീണു. അബോധാവസ്ഥയിലായ സജീവിനെ രാത്രി 11- ഓടെ വിഴിഞ്ഞം ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചുവെന്ന് ഡോക്ടര്‍ അറിയിച്ചു. തുടര്‍ന്ന് മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവസ്ഥലത്ത് ഫൊന്‍സിക് വിഭാഗമെത്തി പരിശോധന നടത്തി.
വെളളിയാഴ്ച നടത്തിയ പോസ്റ്റുമാര്‍ട്ടത്തില്‍ തലയുടെ പിന്‍ഭാഗത്ത് മുറിവുകളുണ്ടായിരുന്നതമായി കണ്ടെത്തിയിരുന്നു. സജീവിന് വിവിധ ജീവിത ശൈലി രോഗങ്ങളും ഹൃദയത്തില്‍ മുഴകളും ഉണ്ടായിരുന്നു. തറയില്‍ വീണതിന്റെ ആഘാതത്തില്‍ ഹൃദയസ്തംഭനമുണ്ടായാണ് മരിച്ചതെന്നുമാണ് പോസ്റ്റുമാര്‍ട്ടത്തില്‍ തെളിഞ്ഞതെന്ന് വിഴിഞ്ഞം പോലീസ് പറഞ്ഞു.
ഇതേ തുടര്‍ന്നാണ് മകനെതിരെ കുറ്റകരമായ നരഹത്യയ്ക്ക് കേസെടുത്തതെന്നും എസ്.എച്ച്.ഒ. ആര്‍.പ്രകാശ് പറഞ്ഞു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനാണ് വരുണ്‍.