തിരുവനന്തപുരം: തനിക്കെതിരായ ലൈംഗികാരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന സംശയവുമായി നടന്‍ നിവിന്‍ പോളി. സിനിമയില്‍ നിന്നുള്ളവര്‍ തന്നെയാണ് ഇതിന് പിന്നിലെന്ന് സംശയമുണ്ടെന്നും ക്രൈം ബ്രാഞ്ച് എഡിജിപിക്ക് നല്‍കിയ പരാതിയില്‍ നിവിന്‍ വ്യക്തമാക്കിയിട്ടുണ്ട്. ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് നേരിട്ടെത്തിയാണ് അദ്ദേഹം പരാതി നല്‍കിയത്.
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നടിമാരുള്‍പ്പെടെ നിരവധിപേര്‍ നടന്മാര്‍ക്കും സംവിധായകര്‍ക്കുമെതിരെ ലൈംഗികാരോപണവുമായി രംഗത്തെത്തിയിരുന്നു. അതിനൊപ്പമാണ് നിവിന്‍ പോളിയുടെ പേരും ഉയര്‍ന്നത്. അവസരം വാഗ്ദാനം ചെയ്ത് ദുബായിലെ ഹോട്ടല്‍ മുറിയില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു ആരോപണം. എന്നാല്‍, ആരോപണം ഉയര്‍ന്ന അന്നുതന്നെ ഇക്കാര്യം നിഷേധിച്ച് നിവിന്‍ പരാതിക്കാരിക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് അറിയിച്ചു.
പിന്നാലെ പരാതിയിലെ വാദങ്ങള്‍ തെറ്റാണെന്ന് പറഞ്ഞ് വിനീത് ശ്രീനിവാസന്‍, നിര്‍മാതാവ് വിശാഖ് സുബ്രഹ്‌മണ്യം, നടി പാര്‍വതി കൃഷ്ണ, നടന്‍ ഭഗത് മാനുവല്‍ തുടങ്ങിയവര്‍ തെളിവുമായി രംഗത്തെത്തി. ഇതിന് പിന്നാലെയാണ് നിവിന്‍ ഇപ്പോള്‍ നേരിട്ട് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
ക്രൈം ബ്രാഞ്ച് എഡിജിപി: എച്ച് വെങ്കിടേഷാണ് പ്രത്യേക അന്വേഷണ സംഘത്തലവന്‍. അദ്ദേഹത്തിന്റെ ഓഫീസിലെത്തിയാണ് നിവിന്‍ പരാതി നല്‍കിയത്. തനിക്കെതിരെയുള്ള പീഡന പരാതി ചതിയാണെന്നും സംഭവത്തില്‍ താന്‍ നിരപരാധിയാണെന്നും നിവിന്‍ പോളി ക്രൈം ബ്രാഞ്ച് എഡിജിപിക്ക് നല്‍കിയ പരാതിയിലുണ്ട്.