മുറിയുടെ മുറിവുകള്‍ ഉണങ്ങുന്നു; തര്‍ക്കപിണക്കങ്ങള്‍ക്കൊടുവില്‍ പ്രശാന്ത് മുറിയൊഴിയുന്നു; പുതിയ ഓഫീസ് മരുതുംകുഴിയില്‍; ശ്രീലേഖയ്ക്ക് ഇനി ശാസ്തമംഗലത്തെ കെട്ടിടം ഉപയോഗിക്കാം

തിരുവനന്തപുരം: മുറിയെ ചൊല്ലിയുള്ള മുറിവുകള്‍ ഉണങ്ങുന്നു. ആര്‍. ശ്രീലേഖയും വി.കെ.പ്രശാന്ത് എംഎല്‍എയും തമ്മിലുള്ള മുറിത്തര്‍ക്കം ഒത്തുതീരുമ്പോള്‍ ഒരു മഴ പെയ്‌തൊഴിഞ്ഞ ശാന്തത. ഓഫീസ് മുറിയെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്കൊടുവില്‍ പ്രശാന്ത് തന്റെ മുറിയില്‍ നിന്ന് മാറാന്‍ നിശ്ചയിച്ചതോടെയാണ് അശാന്തമായിരുന്ന അന്തരീക്ഷത്തിന് ശ്രീത്വം വെച്ചത്.
ബിജെപി നേതാവും കൗണ്‍സിലറുമായ ആര്‍. ശ്രീലേഖയുമായുള്ള തര്‍ക്കത്തിനൊടുവില്‍ വികെ പ്രശാന്ത് എംഎല്‍എ ഓഫീസ് ഒഴിയുമ്പോള്‍ രാഷ്ട്രീയതര്‍ക്കം കൂടിയാണ് തീരുന്നത്. ശാസ്തമംഗലത്തെ ഓഫീസാണ് എംഎല്‍എ ഒഴിയുന്നത്. പകരം മരുതംകുഴിയിലാണ് പുതിയ ഓഫീസ്. ഇവിടേക്ക് പ്രവര്‍ത്തനം മാറ്റാനാണ് തീരുമാനം. നേരത്തെ, ഇരുവരും തമ്മിലുള്ള ഓഫീസ് കെട്ടിട തര്‍ക്കം വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി അധികാരമേറ്റതിന് പിന്നാലെയായിരുന്നു ഓഫീസ് കെട്ടിടവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കം ഉടലെടുത്തത്.

ശാസ്തമംഗലത്തെ കോര്‍പ്പറേഷന്‍ കെട്ടിടത്തിലെ കൗണ്‍സിലര്‍ ഓഫീസും വികെ പ്രശാന്ത് എംഎല്‍എയുടെ ഓഫീസും ഒരേ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കൗണ്‍സിലര്‍ ഓഫീസിലെ സ്ഥലപരിമിതി ചൂണ്ടിക്കാണിച്ച് വികെ പ്രശാന്ത് എംഎല്‍എയോട് ഓഫീസ് ഒഴിയണമെന്ന് ആര്‍ ശ്രീലേഖ ആവശ്യപ്പെട്ടതോടെയാണ് വിവാദത്തിന് തുടക്കമായത്. കോര്‍പ്പറേഷന്‍ ആണ് കരാറിന്റെ അടിസ്ഥാനത്തില്‍ കെട്ടിടം തനിക്ക് വാടകക്ക് തന്നിരിക്കുന്നതെന്നും മാര്‍ച്ച് വരെ കാലാവധിയുണ്ടെന്നും ഒഴിയില്ലെന്നുമുള്ള ഉറച്ച നിലപാടാണ് വികെ പ്രശാന്ത് എംഎല്‍എ സ്വീകരിച്ചത്. എന്നാല്‍ സംഭവം വിവാദമായതോടെ മയപ്പെടുത്തി ശ്രീലേഖ രംഗത്തെത്തി. ഓഫീസ് ഒഴിയണമെന്ന് അഭ്യര്‍ത്ഥിക്കുക മാത്രമാണ് ചെയ്തതെന്നും തങ്ങള്‍ ഇരുവരും സുഹൃത്തുക്കളാണെന്നുമായിരുന്നു ആര്‍ ശ്രീലേഖയുടെ പ്രതികരണം.
എന്നാല്‍, പ്രശാന്ത് ഓഫീസ് ഒഴിയുന്നതുവരെ ചെറിയ സ്ഥലത്ത് തന്നെ ഓഫീസ് തുടരുമെന്ന സൂചന നല്‍കികൊണ്ട് ആര്‍ ശ്രീലേഖ വീണ്ടും ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതികരിച്ചു. കൗണ്‍സിലര്‍ ഓഫീസിലെ പരിമിതമായ സൗകര്യങ്ങളാണുള്ളതെന്ന് വ്യക്തമാക്കുന്ന വീഡിയോ അടക്കം ഫേസ്ബുക്ക് പോസ്റ്റില്‍ ആര്‍ ശ്രീലേഖ പങ്കുവെച്ചിരുന്നു. ഇവിടെ തന്നെ സേവനം തുടരുമെന്നും ഓഫീസിന്റെ ഒരു ഭാഗത്ത് നിറയെ മാലിന്യം കൂട്ടിയിട്ടിരിക്കുകയാണെന്നും വീഡിയോയില്‍ ശ്രീലേഖ പറഞ്ഞിരുന്നു.





