പുനര്‍ജനി പദ്ധതി: മണപ്പാട്ട് ഫൗണ്ടേഷനും സതീശനും തമ്മിലുള്ള ബന്ധം ദുരൂഹം; എന്‍ജിഒകള്‍ തമ്മില്‍ പണമിടപാട് നടത്തിയത് കരാര്‍ ഒപ്പിടാതെ; ഒമാന്‍ എയര്‍വേസ് ടിക്കറ്റിന്റെ നികുതി അടച്ചത് മണപ്പാട്ട് ഫൗണ്ടേഷനെന്നും വിജിലന്‍സ്; വെളുപ്പിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് എന്തുകിട്ടിയെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവ്

തിരുവനന്തപുരം: പുനര്‍ജനി പദ്ധതിക്കായി വിദേശത്ത് പണപ്പിരിവു നടത്തിയ വീഡിയോ പുറത്തുവന്നതിനുശേഷവും വിജിലന്‍സ് തനിക്കു ക്ലീന്‍ ചിറ്റ് നല്‍കിയെന്ന് ആവര്‍ത്തിക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മണപ്പാട്ട് ഫൗണ്ടേഷണും തമ്മിലുള്ള ബന്ധം ദുരൂഹമെന്ന് ആരോപണം. പുനര്‍ജ്ജനി പദ്ധതിക്കായി മണപ്പാട്ട് ഫൗണ്ടേഷന്‍ ഒരു ബാങ്ക് അക്കൗണ്ട് തുറക്കുകയും 27/11/2018 മുതല്‍ 8/3/2022 വരെ ആ അക്കൗണ്ടിലൂടെ വിനിമയം നടത്തുകയും ചെയ്തിട്ടുണ്ട്. ലഭ്യമായ രേഖകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ പുനര്‍ജ്ജനി പദ്ധതിക്കായി 1,27,33,545. 24 രൂപ പിരിച്ചെടുത്തു. ‘പുനര്‍ജ്ജനി’ സ്‌പെഷ്യല്‍ അക്കൗണ്ട് വഴിയും മണപ്പാട്ട് ഫൗണ്ടേഷന്റെ എഫ്സിആര്‍എ/കറന്റ് അക്കൗണ്ട് വഴിയും ആണ് പണം സ്വരൂപിച്ചതെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.
അതേസമയം യുകെയിലെ മലയാളികളില്‍ നിന്നും പണം സ്വരൂപിച്ച മിഡ്‌ലാന്‍ഡ്‌സ് ഇന്റര്‍നാഷണല്‍ എയ്ഡ് ട്രസ്റ്റും (എംഐഎടി) ആ പണം നാട്ടിലേക്കയച്ച മണപ്പാട്ട് ഫൗണ്ടേഷനും തമ്മില്‍ യാതൊരു വിധ എംഒയുവും ഒപ്പുവെച്ചിട്ടില്ല. സാധാരണഗതിയില്‍ എന്‍ജിഒകള്‍ തമ്മില്‍ ഇത്തരം ഇടപാടുകളില്‍ എംഒയു ഒപ്പുവെക്കാറുണ്ട്. ഒമാന്‍ എയര്‍വെയ്സ് നല്‍കിയ കോംപ്ലിമെന്ററി ടിക്കറ്റ് ഉപയോഗിച്ചാണ് വി.ഡി. സതീശന്‍ യുകെയിലേക്ക് പോയതും തിരികെ വന്നതും. മണപ്പാട്ട് ഫൌണ്ടേഷന്‍ ചെയര്‍മാന്‍ അമീര്‍ അഹമ്മദാണ് സതീശന് വേണ്ടി കോംപ്ലിമെന്ററി ടിക്കറ്റ് തരപ്പെടുത്തിയത്. ഈ ടിക്കറ്റിന് ടാക്‌സ് അടച്ചിരിക്കുന്നത് മണപ്പാട്ട് ഫൗണ്ടേഷനാണ്.
വി.ഡി. സതീശന്റെ യുകെയിലെ താമസ സൗകര്യവും മറ്റു ചെലവുകളും വഹിച്ചത് മണപ്പാട്ട് ഫൗണ്ടേഷനാണെന്ന് ചെയര്‍മാന്‍ അമീര്‍ അഹമ്മദ് വിജിലന്‍സിനോട് വ്യക്തമാക്കിയിട്ടുണ്ട്. യുകെ യാത്രയ്ക്ക് പിന്നില്‍ മണപ്പാട്ട് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അമീര്‍ അഹമ്മദും വി.ഡി. സതീശനും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടും ഗൂഢാലോചനയും നടന്നുവെന്നാണ് വിജിലന്‍സ് സംശയിക്കുന്നത്.
അതേസമയം, പ്രതിപക്ഷ നേതാവിനോട് മാധ്യമങ്ങള്‍ക്ക് ഇത്രയേറെ കരുതലുണ്ടെന്നു കരുതിയില്ലെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവുകൂടിയായ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ കുറിച്ചു. അദ്ദേഹത്തിന് അലോരസം ഉണ്ടാക്കുന്ന ഒരു ചോദ്യവും ചോദിക്കാതെ അവര്‍ അദ്ദേഹത്തെ സംരക്ഷിച്ചു. അദ്ദേഹം നിഷ്‌കളങ്കനും നിരപരാധിയുമാണെന്ന് ഭംഗ്യന്തരേണ സ്ഥാപിക്കാനും അവര്‍ ശ്രമിച്ചു. എത്ര നല്ല പി.ആര്‍. ജോലിയാണ് ഇവര്‍ ചെയ്യുന്നത്. തക്കതായ പ്രതിഫലം അവര്‍ക്ക് ലഭിക്കുന്നുണ്ടാകും എന്നു കരുതാം.
സതീശനെ കുറ്റവിമുക്തനാക്കിയാണ് വിജിലന്‍സ് റിപ്പോര്‍ട്ട് നല്ലിയത് എന്നും അവര്‍ പ്രചരിപ്പിച്ചു. സതീശന്‍ അഴിമതി നടത്തി എന്നല്ല അദ്ദേഹത്തിന് എതിരെയുള്ള ആക്ഷേപം. അദ്ദേഹം സന്ദര്‍ശക വിസയില്‍ വിദേശത്ത് പോയതിന് ശേഷം അവിടെ യോഗം വിളിച്ചു ചേര്‍ത്ത് പണപ്പിരിവ് നടത്തി എന്നാണ് ആരോപണം. ഇത് തെളിയിക്കാനാവശ്യമായ തെളിവുകളും സമര്‍പ്പിച്ചിട്ടുണ്ട്. ഒരു യോഗത്തെ അഭിസംബോധന ചെയ്തു കൊണ്ട് വെടിപ്പില്ലാത്ത ഇംഗ്ലീഷില്‍ സതീശന്‍ പണം ചോദിക്കുന്ന വീഡിയോ ഞാനും കണ്ടിട്ടുണ്ട്. ഇതാകട്ടെ സമ്പൂര്‍ണ്ണമായ നിയമലംഘനമാണ്.
നിലവിലുള്ള നിയമം അനുസരിച്ച് സന്ദര്‍ശക വിസയില്‍ വിദേശത്ത് പോയി പണം പിരിക്കാന്‍ ഒരു ഇന്ത്യന്‍ പൗരനും അവകാശമില്ല. ഇങ്ങനെ എത്രപണം, ആരില്‍ നിന്നെല്ലാം എന്ത് വ്യവസ്ഥയില്‍ പിരിച്ചു എന്നതിന്റെ കണക്കും അദ്ദേഹം ഒരിടത്തും ഹാജരാക്കിയിട്ടില്ല. പണം പിരിച്ചതിന് തെളിവുണ്ട്; പിരിച്ച പണം ആരില്‍ എത്തി എന്നതിന് തെളിവില്ല. ഇതാകട്ടെ വിദേശ നാണയ വിനിമയ ചട്ടങ്ങളുടെ നഗ്‌നമായ ലംഘനമാണ്. ഇക്കാര്യം അന്വേഷിക്കാന്‍ യോഗ്യമായ ഏജന്‍സി സി ബി ഐ ആയതു കൊണ്ടാണ് സിബിഐ അന്വേഷിക്കണം എന്ന് വിജിലന്‍സ് നിര്‍ദ്ദേശിച്ചത്.
സതീശന്‍ മറ്റൊരു വിചിത്രമായ വാദവും ഉന്നയിക്കുന്നു. തന്റെ പേരില്‍ താന്‍ ഒരു പൈസ പോലും സ്വീകരിച്ചിട്ടില്ല. ഈ പണം സ്വീകരിച്ചത് മണപ്പാട്ട് ഫൗണ്ടേഷന്‍ എന്ന എന്‍ ജി ഒ ആണ്. അവര്‍ക്ക് വിദേശത്ത് നിന്നും പണം കൈപ്പറ്റാന്‍ അവകാശമുണ്ട്. ഏതാണ് ഈ മണപ്പാട്ട് ഫൗണ്ടേഷന്‍? മണപ്പാട്ട് ഗ്രൂപ്പ് ഓഫ് കമ്പനികളുടെ സിഎസ്ആര്‍ ഫണ്ട് കൈകാര്യം ചെയ്യുന്ന സ്ഥാപനമാണ് മണപ്പാട്ട് ഫൗണ്ടേഷന്‍. അമീര്‍ അഹമ്മദ് ചെയര്‍മാനായ ഈ സ്ഥാപനം 1993 മെയ് 20 നാണ് സ്ഥാപിച്ചത്.
അനാഥരെ സേവിക്കുക, അഗതികള്‍ക്ക് ആഹാരം നല്‍കുക, വിദ്യാഭ്യാസ വികസനം, പണം പലിശക്ക് കൊടുക്കുന്ന മൈക്രോ ഫിനാന്‍സ് നടത്തുക എന്നിവയാണ് ലക്ഷ്യങ്ങള്‍. യു എ ഇ, ഒമാന്‍, യു കെ എന്നിങ്ങനെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്നും പണം കൈപ്പറ്റുന്നുണ്ട്. എറണാകുളം ബാനര്‍ജി റോഡിലാണ് ഫൗണ്ടേഷന്റെ ഓഫീസ്. യു കെയിലും മണപ്പാട്ട് ഫൗണ്ടേഷന്റെ ശാഖ പ്രവര്‍ത്തിക്കുന്നുണ്ട്. അലിഗഢ് മുസ്ലിം സര്‍വ്വകലാശാലയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. മിഷന്‍ 2040 എന്ന പദ്ധതി അവര്‍ നടപ്പിലാക്കുന്നുണ്ട്. കേരളത്തിലെ മുസ്ലീങ്ങള്‍ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ രംഗങ്ങളില്‍ കൈവരിച്ച ഉന്നമനത്തെ മാതൃകയാക്കി ഉത്തരപ്രദേശിലെ മുസ്ലീ ജനങ്ങള്‍ക്ക് ഉന്നതി ഉണ്ടാക്കലാണ് ഈ പദ്ധതിയുടെ ലക്ഷ്യം. അതു പ്രകാരം ഉത്തരദേശത്തെ 60 ഗ്രാമങ്ങള്‍ അവര്‍ ദത്ത് എടുത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.
ഈ സംഘടന ഒരിടത്തും വീടില്ലാത്തവര്‍ക്ക് വീട് നിര്‍മ്മിച്ച് കൊടുത്തതായി കേട്ടിട്ടില്ല. സതീശന്‍ വിദേശത്ത് നിന്നും പിരിച്ച പണം എന്തു വ്യവസ്ഥയിലാണ് മണപ്പാട്ട് ഫൗണ്ടേഷനെ ഏല്പിച്ചത്? മണപ്പാട്ട് ഫൗണ്ടേഷന് വേണ്ടി പണം പിരിക്കാന്‍ ഫൗണ്ടേഷന്‍ സതീശനെ ചുമതലപ്പെടുത്തിയിരുന്നോ? അങ്ങനെ ഫൗണ്ടേഷന്‍ സതീശനെ പണം പിരിക്കാന്‍ ചുമതല പ്പെടുത്തിയിട്ടില്ലെങ്കില്‍ എന്ത് അധികാരത്തിലാണ് സതീശന്‍ പണം പിരിച്ചത്? മെത്തം പിരിച്ച പണത്തില്‍ ബാങ്ക് വഴി എത്ര കിട്ടി? രൊക്കം പണമായി എത്ര പിരിച്ചു? മണപ്പാട്ട് ഫൗണ്ടേഷന് വേണ്ടി പണം പിരിക്കാനാണോ സതീശന്‍ വിദേശത്തു പോയത്? ഈ ആവശ്യത്തിലേക്കായി എത്ര രൂപയാണ് പിരിച്ചത്? ഇതിന്റെ കണക്ക് ലഭ്യമാണോ? ഇങ്ങനെ പിരിച്ചെടുത്ത പണം വീടുവെയ്ക്കാന്‍ മാത്രമാണോ ചെലവാക്കിയത്? എത്ര വീടുകള്‍ പണിത് നല്‍കി ? ഒരു വീടിന്റെ മതിപ്പ് ചെലവ് എത്ര? ഇതൊക്കെ സംബന്ധിച്ച കണക്കും രേഖകളും ലഭ്യമാണോ? വീടു വെക്കാനായി സതീശന്‍ പിരിച്ച പണം ഫൗണ്ടേഷന്‍ വകമാറ്റി ചെലവ് ചെയ്തിട്ടുണ്ടോ? വിദേശത്ത് നിന്നും പണം പിരിച്ചത് നിയമലംഘനമല്ലേ? ഇങ്ങനെയുള്ള ഒരു ചോദ്യവും മാധ്യമ പ്രവര്‍ത്തകര്‍ സതീശനോടു ചോദിച്ചില്ലെന്നും ഡോ. കെ.എസ്. രാധാകൃഷ്ണന്‍ പറഞ്ഞു.






