CrimeNEWS

അന്ന് സുഭദ്ര പറഞ്ഞത് ചോറ് പൊതിയാന്‍ ഇല വെട്ടാന്‍ വന്നതാണെന്ന്; എല്ലാത്തിനും തെളിവായി മൃതദേഹത്തിലെ ബാന്റേജ്

ആലപ്പുഴ: ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്തെ വീട്ടുവളപ്പില്‍ ഒരാളെ കൊന്ന് കുഴിച്ചുമൂടിയെന്ന വാര്‍ത്ത ഞെട്ടലോടെയാണ് കലവൂര്‍ കോര്‍ത്തുശ്ശേരിക്കാര്‍ കേട്ടത്. ആര്‍ക്കും ഇത് വിശ്വസിക്കാനായില്ല. കടവന്ത്ര സ്വദേശിനിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ആഴ്ചകളായി പ്രദേശത്ത് പൊലീസ് എത്തിയിരുന്നു. ഇതിനിടെ വാടകയ്ക്ക് താമസിച്ചിരുന്ന ദമ്പതികളെ കാണാനില്ലെന്ന വിവരവും പ്രചരിച്ചതോടെ നാടാകെ മുള്‍മുനയിലായി. ഇന്നലെ ഉച്ചയോടെയാണ് മണ്ണഞ്ചേരി 23ാം വാര്‍ഡില്‍ വില്‍സണ്‍ വാടകയ്ക്ക് നല്‍കിയിരുന്ന പഴമ്പാശ്ശേരി വീടിന് പിന്‍വശത്ത് കുളിമുറിയോട് ചേര്‍ന്ന ഭാഗത്ത് ആഴ്ച്ചകള്‍ പഴക്കമുള്ള മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. ആരുടെയും ശ്രദ്ധയില്‍പ്പെടാതെ അരുംകൊല നടത്തിയതും മൃതദേഹം കുഴിച്ചുമൂടിയതുമാണ് പൊലീസിനെപ്പോലും അമ്പരപ്പിക്കുന്നത്.

ആഗസ്റ്റ് ആറിനാണ് നിതിനും ശര്‍മ്മിളയും, ബന്ധുവായ റെയ്‌നോള്‍ഡും സുഭദ്രയ്‌ക്കൊപ്പം വീട്ടിലേക്ക് നടന്നുവരുന്നത് അയല്‍വാസികളായ എ.എക്‌സ്.വില്യമും ഭാര്യ മോളിയും കണ്ടത്. പിറ്റേ ദിവസം ആന്റിയെ തിരികെ കൊണ്ടുവിടാന്‍ പോവുകയാണെന്ന് സംഭാഷണത്തിനിടെ ശര്‍മ്മിള പറഞ്ഞു. രാത്രി തിരികെയെത്തും വഴി റോഡില്‍ വച്ച് കണ്ടപ്പോഴും കടവന്ത്രയില്‍ പോയിട്ട് വരികയാണെന്ന് ഇരുവരും പറഞ്ഞിരുന്നു. അന്ന് കലവൂര്‍ ഭാഗത്ത് ഒരു വാഹനാപകടം കണ്ടെന്നും, അത് കണ്ടപ്പോള്‍ തനിക്ക് തലകറക്കം അനുഭവപ്പെട്ടെന്നും ശര്‍മ്മിള വില്യമിനോട് പറഞ്ഞിരുന്നു.

Signature-ad

സുഭദ്രയെ ജൂലായ് മാസത്തിലും ശര്‍മ്മിളയുടെ വീട്ടില്‍ കണ്ടിട്ടുണ്ടെന്ന് സമീപത്തെ അങ്കണവാടിയിലെ വര്‍ക്കര്‍ പി.എം.മറിയാമ്മ പറഞ്ഞു. ഒരു മതില്‍ വ്യത്യാസത്തിലുള്ള അങ്കണവാടിയോട് ചേര്‍ന്ന ഭാഗത്തെ വാഴയില്‍ ഇല വെട്ടാന്‍ ശ്രമിക്കുന്നതിനിടെയാണ് മറിയാമ്മ സുഭദ്രയെ കണ്ടത്. താന്‍ മാത്യൂസിന്റെയും ശര്‍മ്മിളയുടെയും ആന്റിയാണെന്നും, ചോറ് പൊതിയാന്‍ ഇല വെട്ടാന്‍ വന്നതാണെന്നും സുഭദ്ര പറഞ്ഞു.

അതേസമയം, മൃതദേഹം സുഭദ്രയുടേത് തന്നെയെന്ന് മക്കള്‍ തിരിച്ചറിഞ്ഞു. സുഭദ്ര മുട്ടുവേദനയ്ക്ക് ധരിച്ചിരുന്ന ബാന്റേജാണ് മൃതദേഹം തിരിച്ചറിയാന്‍ സഹായിച്ചത്. മൃതദേഹം ഇപ്പോള്‍ വണ്ടാനം മെഡിക്കല്‍കോളേജിലാണ്.

ഇന്നലെ വൈകിട്ടാണ് കൊച്ചി കടവന്ത്രയില്‍ നിന്ന് കാണാതായ സുഭദ്രയുടെ (73) മൃതദേഹം കലവൂരില്‍ പരിചയക്കാരായ ദമ്പതികള്‍ താമസിച്ചിരുന്ന വീടിനു സമീപം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. ദമ്പതികള്‍ ഒളിവിലാണ്. മൃതദേഹം അഴുകിയ നിലയിലാണ് മണ്ണഞ്ചേരി തെക്ക് പഞ്ചായത്ത് 23 ാം വാര്‍ഡില്‍ വില്‍സന്റെ ഉടമസ്ഥതയിലുള്ള പഴമ്പാശ്ശേരി വീടിന് പിന്‍വശത്തെ പുരയിടത്തില്‍ കണ്ടെത്തിയത്. ഇവിടെ താമസിച്ചിരുന്ന കാട്ടൂര്‍ സ്വദേശി മാത്യൂസും (നിഥിന്‍), ഭാര്യ ഉഡുപ്പി സ്വദേശി ശര്‍മ്മിളയുമാണ് കൊലയ്ക്ക് പിന്നിലെന്നാണ് സംശയം. ഒളിവില്‍പ്പോയ ഇവര്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: