മുകേഷ് സിനിമയില്‍ സജീവമാകും; ഇക്കുറി മുകേഷിന് കൊല്ലത്ത് സീറ്റില്ല; സിപിഎം പകരക്കാരെ തേടുന്നു; ചിന്ത ജെറോമിനും എസ്.ജയമോഹനും സാധ്യത

കൊല്ലം: സിനിമയില്‍ സജീവമാകാന്‍ മുകേഷ് ഒരുങ്ങുന്നു. കാരണം ഇനി കൊല്ലത്ത് മുകേഷിന് മത്സരിക്കാന്‍ ഇത്തവണ സീറ്റു കൊടുക്കേണ്ടെന്നാണ് സിപിഎമ്മിന്റെ തീരുമാനം.
അതോടെയാണ് മുകേഷ് സിനിമയില്‍ സജീവമാകാന്‍ പോകുന്നത്.
പൊളിറ്റിക്കല്‍ ഗ്ലാമറിനു ശേഷം സിനിമയുടെ താര ഗ്ലാമറിലേക്ക് മുകേഷ് തിരിച്ചെത്തുമ്പോള്‍ കൊല്ലം സീറ്റില്‍ മത്സരിപ്പിക്കാന്‍ സിപിഎം സ്ഥാനാര്‍ത്ഥികളെ തേടുകയാണ്.
മുകേഷിന് പകരം ആരെന്ന ചര്‍ച്ച സജീവമായിരിക്കുകയാണ്. ഏവര്‍ക്കും സ്വീകാര്യനായ ഒരാളെ തന്നെ കൊല്ലത്ത് നിര്‍ത്തി മത്സരിപ്പിച്ച് ജയിപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. മുകേഷിന്റെ രണ്ടു ടേമും പൂര്‍ത്തിയായതും പുതിയ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ കാരണമായി.
തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി മറികടക്കണമെങ്കില്‍ പൊതു സ്വീകാര്യതയുള്ള സ്ഥാനാര്‍ത്ഥിയെ ഇടതുപക്ഷത്തിന് പരീക്ഷിച്ചേ മതിയാകൂ. കൊല്ലത്തെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ചര്‍ച്ചകള്‍ തുടരുകയാണ്.
സിപിഎം ജില്ലാ ആക്ടിങ് സെക്രട്ടറിയും സംസ്ഥാന സമിതി അംഗവുമായ എസ് ജയമോഹന്റെ പേര് കൊല്ലത്ത് പരിഗണിക്കുന്നുണ്ട്. തൊഴിലാളി നേതാവെന്ന നിലയില്‍ ജനങ്ങള്‍ക്കിടയിലുള്ള ബന്ധം ജയമോഹന് മുന്‍തൂക്കം നല്‍കുന്നു. സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോമും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപനും പരിഗണനയിലുണ്ട്.
2016 ല്‍ 17611വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മുകേഷ് നിയമസഭയുടെ പടികയറിയത്. 2021ല്‍ മുകേഷിനെ സിപിഎം വീണ്ടും കളത്തിലിറക്കി. അന്നും ജയിച്ചെങ്കിലും ഭൂരിപക്ഷം 2072 ആയി കുറഞ്ഞു. 2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കൊല്ലം പിടിക്കാന്‍ മുകേഷിനെ മത്സരിപ്പിച്ച പാര്‍ട്ടിക്ക് തെറ്റി. ഒന്നര ലക്ഷത്തിന് പുറത്ത് വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എന്‍ കെ പ്രേമചന്ദ്രന്‍ വിജയിച്ചു. വീണ്ടും ഒരു പരീക്ഷണത്തിന് പാര്‍ട്ടി മുതിരുന്നില്ല എന്നാണ് സൂചന.
മുകേഷിനെതിരായ ലൈംഗികാതിക്രമ കേസും അറസ്റ്റും സിപിഎമ്മിന് പൊതുസമൂഹത്തില്‍ കളങ്കം സൃഷ്ടിച്ചിട്ടുണ്ട്. സിറ്റിങ് സീറ്റ് നിലനിര്‍ത്താന്‍ പൊതുസ്വീകാര്യതയുള്ള സ്ഥാനാര്‍ത്ഥി ഇടതുമുന്നണിക്ക് അനിവാര്യമാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നഷ്ടമായെങ്കിലും മണ്ഡലത്തിലെ ആകെ വോട്ട് നില അനുകൂലമെന്നാണ് സിപിഎമ്മിന്റെ ആത്മവിശ്വാസം.






