ഗണേശ് കുമാര്‍ സിനിമയിലേ അഭിനയിക്കൂ; മനസിലുളളത് മൂടിവെച്ച് സംസാരിക്കാറില്ല: നിയമസഭ തെരഞ്ഞെടുപ്പില്‍ പത്തനാപുരത്ത് മത്സരിക്കുമെന്ന് തുറന്നുപറഞ്ഞ് ഗതാഗതമന്ത്രി; താനില്ലാതെ പത്തനാപുരത്തുകാര്‍ക്ക് പറ്റില്ലെന്നും ഗണേശ് കുമാര്‍; ഡബ്ബിള്‍ ബെല്ലടിച്ച് മത്സരംഗത്തേക്ക്

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി മോഹികളേറെയുണ്ടെങ്കിലും ഒരു മുന്നണിയിലും പാര്‍ട്ടിയിലുമുള്ളവര്‍ തങ്ങളുടെ മോഹം തുറന്നുപറയില്ല. എല്ലാം പാര്‍ട്ടി തീരുമാനിക്കട്ടെ എന്ന് വിവാഹത്തിനു മുന്‍പ് പെണ്‍കുട്ടി പറയും പോലെ പറയുന്നവരാണ് 99 ശതമാനം പേരും. എന്നാല്‍ താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കും എന്ന് ചങ്കൂറ്റത്തോടെ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴേക്കും സ്വയം പ്രഖ്യാപിക്കാന്‍ ഗണേശ്കുമാറിന് തണ്ടെല്ലുണ്ട്.
അതുകൊണ്ടു തന്നെ വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമെന്ന് ഗതാഗതമന്ത്രി കെ.ബി.ഗണേശ്കുമാര്‍ തറപ്പിച്ചുറപ്പിച്ചു പറഞ്ഞ് വ്യക്തമാക്കിയിട്ടുണ്ട്.
വളരെ രസകരമായാണ് താന്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് ഗണേശ്കുമാര്‍ പ്രഖ്യാപിച്ചത്.
ഞാന്‍ ഇല്ലാതെ പത്തനാപുരത്തുകാര്‍ക്ക് പറ്റില്ല, നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും, വന്‍ ഭൂരിപക്ഷത്തിലാകും വിജയിക്കുക – എന്നായിരുന്നു മന്ത്രി കെ.ബി.ഗണേശ് കുമാറിന്റെ വാക്കുകള്‍. എനിക്ക് പത്തനാപുരത്തിനെയും പത്തനാപുരത്തിന് എന്നെയും വിശ്വാസമാണ്. അവിടെ അല്ലാതെ വേറെ എവിടെ പോവാനാണ് എന്നും ഗണേശ്കുമാര്‍ പറഞ്ഞുവെക്കുന്നു.
ഇതാണ് ജാഡയില്ലാത്ത തുറന്നുപറച്ചില്‍. സ്ഥാനാര്‍ത്ഥിക്കുപ്പായം രഹസ്യമാക്കി തുന്നി പെട്ടിയില്‍ വെച്ച് എനിക്ക് പാര്‍ലമെന്ററി മോഹമൊന്നുമില്ലേ എന്ന് നടിക്കുന്ന നടികരുടെ കൂട്ടത്തില്‍ ഗണേശ് പെടില്ല. സ്ഥാനാര്‍ത്ഥിക്കുപ്പായം തുന്നിക്കഴിഞ്ഞെന്നും പത്തനാപുരത്ത് ഇനിയാരും ആ മോഹക്കുപ്പം തുന്നാന്‍ നില്‍ക്കേണ്ടെന്നുമാണ് ഗണേശ് കുമാര്‍ മുഴങ്ങള്‍ നീട്ടിയെറിഞ്ഞ ആ ഏറിന്റെ അന്തരാര്‍ത്ഥം. അതായത് നിയമസഭ തെരഞ്ഞെടുപ്പിലേക്ക് ഗതാഗതമന്ത്രി ഡബ്ബിള്‍ ബെല്‍ മുഴക്കി യാത്ര തുടങ്ങിയെന്നര്‍ത്ഥം.
പത്തനാപുരത്ത് തന്നെ മത്സരിക്കുമെന്നും വന്‍ ഭൂരിപക്ഷത്തിലാകും വിജയിക്കുമെന്നും ഗണേശ്കുമാര്‍ തറപ്പിച്ചു പറയുന്നു. കെഎസ്ആര്‍ടിസിയെ നല്ല നിലയിലേക്ക് വളര്‍ത്തിക്കൊണ്ടുവരുമ്പോള്‍ അഭിമാനം പത്തനാപുരത്തുകാര്‍ക്കെന്ന് മന്ത്രി പറഞ്ഞു. ഞാന്‍ അവരുടെ മന്ത്രിയാണ്, അവരുടെ എംഎല്‍എയാണ്. അവരാണ് മന്ത്രിയും എംഎല്‍എയുമാക്കിയത്. ആ ആളാണ് കെഎസ്ആര്‍ടിസിയെ നല്ല നിലയിലേക്ക് വളര്‍ത്തിക്കൊണ്ടുവരുമ്പോള്‍ അഭിമാനം തോന്നുകയെന്നും മന്ത്രി വ്യക്തമാക്കി.

ഈ സര്‍ക്കാര്‍ കെഎസ്ആര്‍ടിസിയെ രക്ഷപ്പെടുത്തിയിരിക്കും. 21 ഡ്രൈവിംഗ് സ്‌കൂളുകളില്‍ നിന്ന് ഇതുവരെ 4.26 കോടി രൂപ ലഭിച്ചിട്ടിട്ടുണ്ട്. വോള്‍വോ ലക്ഷ്വറി ബസുകള്‍ ഉടന്‍ എത്തും. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയാണ് ആദ്യ ഘട്ടത്തില്‍ ബസ് സര്‍വീസ് നടത്തുക.
പാന്‍ട്രി അടക്കമുള്ള സൗകര്യങ്ങള്‍ ബസില്‍ ഉണ്ടാവും. വിമാനത്തിനേക്കാള്‍ സൗകര്യങ്ങളാണ് ബസില്‍ ഒരുക്കിയിരിക്കുന്നത്. മോഹന്‍ലാല്‍ കെഎസ്ആര്‍ടിസിയുടെ ഗുഡ്വില്‍ അംബാസിഡറായി പ്രവൃത്തിക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇതിന് പ്രതിഫലമുണ്ടാകില്ലെന്നും താരം സമ്മതം അറിയിച്ചതായും ഗതാഗതമന്ത്രി പറഞ്ഞു.
ഗുഡ്വില്‍ അംബാസിഡര്‍ സ്ഥാനത്ത് മോഹന്‍ലാല്‍ എത്തുന്നതോടെ അദ്ദേഹത്തെ വെച്ച് കെഎസ്ആര്‍ടിസിയുടെ പരസ്യം എടുക്കാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കെഎസ്ആര്‍ടിസി റീബ്രാന്‍ഡിംഗിന്റെ ഭാഗമായി 2025 ല്‍ സംഘടിപ്പിച്ച പരിപാടിയില്‍ മോഹന്‍ലാല്‍ പങ്കെടുത്തിരുന്നു.
ഓര്‍മ എക്സ്പ്രസ് എന്ന പേരില്‍ ഒരുക്കിയ ബസില്‍ അദ്ദേഹം യാത്ര ചെയ്യുകയും ചെയ്തിരുന്നു. പുതിയ ബസുകള്‍ എത്തിയതിന് പിന്നാലെ കെഎസ്ആര്‍ടിസി സംഘടിപ്പിച്ച ട്രാന്‍സ്പോ 2025 ലും നിരവധി താരങ്ങള്‍ പങ്കെടുത്തിരുന്നു.






