KeralaNEWS

ശശിധരനെ മാറ്റിയത് അന്‍വറിന് വേണ്ടി; മലപ്പുറത്തെ അഴിച്ചു പണിയില്‍ അസ്വസ്ഥന്‍, അവധി അപേക്ഷ പിന്‍വലിച്ച് എ.ഡി.ജി.പി: അജിത് കുമാര്‍

തിരുവനന്തപുരം: പി.വി. അന്‍വര്‍ എം.എല്‍.എ ആരോപണമുന്നയിച്ച മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരനെ മാറ്റിയതുള്‍പ്പടെ സംസ്ഥാനപോലീസില്‍ അഴിച്ചുപണി വരുമ്പോള്‍ന നിര്‍ണ്ണായക നീക്കവുമായി എഡിജിപി അജിത് കുമാര്‍. ഓണക്കാലത്തെ അവധി പിന്‍വലിക്കാന്‍ അജിത് കുമാര്‍ അപേക്ഷ നല്‍കി. 14 മുതല്‍ നാലു ദിവസത്തേക്കായിരുന്നു അവധി എടുത്തത്. ഇത് വേണ്ടെന്നാണ് അജിത് കുമാര്‍ അറിയിക്കുന്നത്. ഇതോടെ വിട്ടുവീഴ്ചയ്ക്കില്ലെന്ന സന്ദേശം അജിത് കുമാറും നല്‍കുകാണ്.

മലപ്പുറം എസ് സ്ഥാനത്ത് നിന്നും വിജിലന്‍സ് എറണാകുളം റെയ്ഞ്ച് എസ്.പിയായിട്ടാണ് ശശിധരനെ മാറ്റിയത്. എ.ഐ.ജി: ആര്‍. വിശ്വനാഥിനെ മലപ്പുറം എസ്.പിയായി നിയമിച്ചു. മലപ്പുറത്തെ എട്ട് ഡിവൈ.എസ്.പിമാരെയും മാറ്റിയിരുന്നു. ഇവരെല്ലാം അജിത് കുമാര്‍ പക്ഷമാണെന്നായിരുന്നു അന്‍വറിന്റെ ആരോപണം. അജിത് കുമാറിന്റെ വിക്കറ്റും വീഴുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു. പോലീസ് മേധാവ് ഷെയ്ഖ് ദര്‍വേശ് സാഹിബുമായി ആലോചിച്ചായിരുന്നു സര്‍ക്കാര്‍ നീക്കങ്ങള്‍. അതിനിടെയാണ് അജിത് കുമാര്‍ അവധി വേണ്ടെന്ന നിലപാട് എടുക്കുന്നത്.

Signature-ad

ക്രമസമാധാന ചുമതലയില്‍ എഡിജിപി: എംആര്‍ അജിത് കുമാറിനെ മാറ്റാന്‍ മുഖ്യമന്ത്രിക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദം ഉണ്ട്. ആര്‍എസ്എസ് നേതാക്കളുമായുള്ള അജിത് കുമാറിന്റെ കൂടിക്കാഴ്ച വ്യക്തമാക്കണണെന്ന് എല്‍ഡിഎഫ് കണ്‍വീനറും കടുപ്പിച്ചു. നടപടി വേണമെന്ന നിലപാടിലാണ് സിപിഐ ദേശീയനേതൃത്വവും. അതിനിടെ തനിക്കെതിരായ ആരോപണങ്ങള്‍ തെറ്റെന്ന് തെളിഞ്ഞാല്‍ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ സര്‍ക്കാര്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് എഡിജിപി മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ഈ കത്തില്‍ നടപടിയുണ്ടായില്ലെങ്കില്‍ അജിത് കുമാര്‍ നിയമ പോരാട്ടത്തിന് ഇറങ്ങും.

ദത്താത്രേയ ഹൊസബലെ, റാം മാധവ്.ഈ ആര്‍എസ്എസ് നേതാക്കളെ ക്രമസമാധാന ചുമതലയുള്ള എഡിജിപി കണ്ടതില്‍ കടുത്ത അതൃപ്തിയാണ് സിപിഎമ്മിലും എല്‍ഡിഎഫിലും. സ്വകാര്യ സന്ദര്‍ശനമെന്ന അജിത് കുമാറിന്റെ വിശദീകരണം ഇടത് നേതാക്കള്‍ വിശ്വസിക്കുന്നില്ല. ഇതിനിടെയാണ് മലപ്പുറം പോലീസില്‍ അഴിച്ചു പണിയുണ്ടായത്. അന്‍വറിനെ പിന്തുണയ്ക്കും എന്ന സന്ദേശമാണ് ഇതിലൂടെ മുഖ്യമന്ത്രി നല്‍കുന്നത്. ഈ സാഹചര്യത്തിലാണ് അജിത് കുമാര്‍ അവധി അപേക്ഷയും പിന്‍വലിക്കുന്നത്.

അന്‍വറിനറെ പരാതിയില്‍ അജിത് കുമാറിനെ മാറ്റാന്‍ ഒരുഘട്ടത്തില്‍ ധാരണയായിരുന്നു. എന്നാല്‍, പി ശശിയെയും മാറ്റേണ്ടിവരുമെന്ന പ്രശ്നത്തിലാണ് അജിതിനെ നിലനിര്‍ത്തിയത്. ആര്‍എസ്എസ് കൂടിക്കാഴ്ച അജിത് കുമാര്‍ സമ്മതിച്ചു, അുപ്പോഴും നടപടി എടുക്കുന്നില്ല. ആര്‍എസ്.എസ്. കൂടിക്കാഴ്ചയില്‍ ആരോപണങ്ങള്‍ക്ക് മേല്‍ ആരോപണം വന്നിട്ടു പ്രത്യേകിച്ചൊരു അന്വേഷണ റിപ്പോര്‍ട്ടൊന്നും എഡിജിപിക്കതിരെ മുഖ്യമന്ത്രി ഇതേവരെ തേടിയിട്ടില്ല. ക്രമസമാധാന ചുതലയുള്ള എഡിജിപി തന്നെ ആരോപണത്തിന്റെ നിഴയിലായതോടെ ഓരോ ജില്ലയിലെയും പൊലീസ് പ്രവര്‍ത്തനങ്ങളുടെ അവലോകനം ഉള്‍പ്പെടെ താളം തെറ്റിയെന്നും വാദമുണ്ട്.

ക്രൈംബ്രാഞ്ച് ഐ.ജി. സി.എച്ച്. നാഗരാജുവിനെ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറായി നിയമിച്ചിട്ടുണ്ട്. എ. അക്ബര്‍ ചുമതലയേറ്റെടുക്കാത്തതിനെത്തുടര്‍ന്നാണിത്. അക്ബറിനെ എറണാകുളം ക്രൈംബ്രാഞ്ച് ഐ.ജിയാക്കി. കൊച്ചി കമ്മിഷണര്‍ എസ്. ശ്യാംസുന്ദറിനെ ദക്ഷിണഖേലാ ഐ.ജിയാക്കി. കേരള പോലീസ് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് എം.ഡിയുടെ അധികചുമതലയും അദ്ദേഹം വഹിക്കും.

ജെ. ജയനാഥാണ് പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ് ഡി.ഐ.ജി. ഭീകരവിരുദ്ധ സ്‌ക്വാഡ് ഡി.ഐ.ജി. പുട്ട വിമലാദിത്യയെ കൊച്ചി സിറ്റി പോലീസ് കമ്മിഷണറാക്കി. ഭീകരവിരുദ്ധ സ്‌ക്വാഡ് ഡി.ഐ.ജി.യുടെ ചുമതലയുമുണ്ടാകും. തൃശ്ശൂര്‍ റെയ്ഞ്ച് ഡി.ഐ.ജി. തോംസണ്‍ ജോസിന് എറണാകുളം റെയ്ഞ്ച് ഡി.ഐ.ജിയുടെ ചുമതലകൂടി നല്‍കി. സൈബര്‍ ഓപ്പറേഷന്‍സ് എസ്.പി. ഹരിശങ്കര്‍ പോലീസ് ആസ്ഥാനത്ത് എ.ഐ.ജി.(പേഴ്‌സണല്‍)യുടെ അധികചുമതല വഹിക്കും. വിജിലന്‍സ് എറണാകുളം റെയ്ഞ്ച് എസ്.പി. ജെ. ഹിമേന്ദ്രനാഥിനെ കോട്ടയം ക്രൈംബ്രാഞ്ച് എസ്.പി.യാക്കി.

എക്സൈസ് വിജിലന്‍സ് ഓഫീസര്‍ കെ.വി. സന്തോഷിനെ മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പിയായും കോട്ടയം എസ്.പി: കെ.എല്‍. ജോണ്‍കുട്ടിയെ വിജിലന്‍സ് തിരുവനന്തപുരം സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് ഒന്ന് എസ്.പിയായും നിയമിച്ചു. പി.വി. അന്‍വര്‍ എം.എല്‍.എ ആരോപണം ഉന്നയിച്ച എല്ലാ ഉദ്യോഗസ്ഥരേയും മാറ്റിയെങ്കിലും എ.ഡി.ജി.പി: അജിത് കുമാര്‍ തത്സ്ഥാനത്ത് തന്നെ തുടരുകയാണ്.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: