KeralaNEWS

പ്രമുഖ നടന്മാര്‍ കുടുങ്ങും? സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുക്കാം, ഹേമ കമ്മിറ്റി ശുപാര്‍ശ

തിരുവനന്തപുരം: കഴിഞ്ഞ ദിവസം പുറത്തുവന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നിയമനടപടിക്ക് ശുപാര്‍ശ ചെയ്യുന്നതായി വിവരം. സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുക്കാമെന്നാണ് പറയുന്നത്. സ്വകാര്യത പരിഗണിച്ച് പുറത്തുവിടാത്ത ഭാഗത്താണ് ശുപാര്‍ശയുള്ളത്.

ഒരുപാട് നടിമാര്‍ അവരുടെ വ്യക്തിപരമായ അനുഭവങ്ങള്‍ മൊഴിയായി നല്‍കിയിട്ടുണ്ട്. ഒരു സംവിധായകന്‍ തന്നോട് മോശമായി പെരുമാറിയെന്ന് സഹപ്രവര്‍ത്തകരോട് പറഞ്ഞപ്പോള്‍ സഹകരിച്ച് മുന്നോട്ടുപോകാനായിരുന്നു അവര്‍ നല്‍കിയ മറുപടിയെന്ന് ഒരു നടി കമ്മീഷന്‍ അംഗങ്ങളോട് പറഞ്ഞിട്ടുണ്ട്.

Signature-ad

തന്നെ ഉപദ്രവിച്ച നടന്റെ കൂടെ പിറ്റേന്ന് ഭാര്യയായി അഭിനയിക്കേണ്ടി വന്ന അനുഭവം മറ്റൊരു നടിയും പങ്കുവച്ചിട്ടുണ്ട്. ഇതൊക്കെ സാക്ഷി മൊഴികളായി മുന്നിലുണ്ട്. ഇതൊക്കെ പരിഗണിച്ച് ഐ പി സി 354 പ്രകാരം കേസെടുക്കാമെന്നാണ് പറയുന്നത്. കൂടാതെ വിദേശ ഷോകളുടെ പേരിലും നടിമാര്‍ക്കെതിരെ ലൈംഗിക ചൂഷണമുണ്ടായെന്നും നടിമാര്‍ മൊഴി നല്‍കിയിട്ടുണ്ട്. പ്രധാന നടന്മാരുടെ അടക്കം പേരുകള്‍ റിപ്പോര്‍ട്ടിലുണ്ടെന്നാണ് വിവരം. കേസെടുക്കുകയാണെങ്കില്‍ അവര്‍ക്ക് കുരുക്കായേക്കും.

അതിക്രമത്തെപ്പറ്റി ഒരു നടിയുടെയും പരാതി കിട്ടിയിട്ടില്ലെന്നും പരാതിയില്ലാതെ എങ്ങനെ കേസെടുക്കുമെന്നും സജി ചെറിയാന്‍ ഇന്നലെ പ്രതികരിച്ചിരുന്നു. താന്‍ മന്ത്രിയായി മൂന്നര വര്‍ഷമായിട്ടും ഒരു നടി പോലും പരാതി നല്‍കിയിട്ടില്ലെന്നും രണ്ട് മാസത്തിനകം കോണ്‍ക്ലേവ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: