CrimeNEWS

പോക്കറ്റിലെ സ്വര്‍ണാഭരണങ്ങള്‍ കണ്ടു; സൗഹൃദം സ്ഥാപിച്ച് കുടിപ്പിച്ച് അബോധാവസ്ഥയിലാക്കി മോഷണം; കൊല്ലത്ത് യുവാവ് പിടിയില്‍

കൊല്ലം: കരുനാഗപ്പള്ളിയില്‍ ബാറില്‍ മദ്യപിക്കാനെത്തിയാളുമായി സൗഹൃദം സ്ഥാപിച്ച ശേഷം കബളിപ്പിച്ച് സ്വര്‍ണാഭരണം മോഷ്ടിച്ച യുവാവ് പിടിയില്‍. വള്ളികുന്നം സ്വദേശി രാജീവാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയിലേക്ക് എത്തിയത്.

തിങ്കളാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. കരുനാഗപള്ളി അരമത്തുമഠത്തിലുള്ള ബാറില്‍ മദ്യപിക്കാനെത്തിയ 52 കാരനായ ഡേവിഡ് ചാക്കോയെ കബളിപ്പിച്ചാണ് സ്വര്‍ണാഭരണം കവര്‍ന്നത്. മദ്യം വാങ്ങാന്‍ പോക്കറ്റില്‍ നിന്നും പണം എടുക്കുന്നതിനിടയില്‍ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ അടങ്ങിയ പൊതി രാജീവിന്റെ ശ്രദ്ധയില്‍പ്പെട്ടു.

Signature-ad

ആഭരണം എങ്ങനെയും കൈക്കലാക്കണമെന്ന് പദ്ധതിയിട്ട രാജീവ്, ഡേവിഡ് ചാക്കോയുമായി സൗഹൃദം സ്ഥാപിച്ച ശേഷം കബളിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സൗഹൃദം സ്ഥാപിച്ച ശേഷം ഡേവിഡിന് കൂടുതല്‍ മദ്യം വാങ്ങി നല്‍കി അബോധാവസ്ഥയിലാക്കി. ഇതിന് പിന്നാലെ വീണ്ടും മദ്യം വാങ്ങുന്നതിനായി ഡേവിഡിന്റെ പോക്കറ്റില്‍ നിന്ന് പണം എടുക്കുകയാണെന്ന വ്യാജേന ആഭരണങ്ങള്‍ അടങ്ങിയ പൊതി പ്രതി മോഷ്ടിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. ശേഷം ബാറില്‍ നിന്ന് കടന്നുകളഞ്ഞു.

ഡേവിഡ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കരുനാഗപ്പള്ളി പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. ബാറിലെയും സമീപത്തെയും സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രാജീവിനെ പിടികൂടിയത്. ഇയാള്‍ കൂടുതല്‍ മോഷണങ്ങള്‍ നടത്തിയിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: