ഇടുക്കി: തൊടുപുഴ നഗരസഭ ചെയര്‍മാന്‍ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ ലീഗിനെതിരെ പരസ്യ വെല്ലുവിളിയുമായി ജില്ല കോണ്‍ഗ്രസ് നേതൃത്വം. എല്‍ഡിഎഫിന് വോട്ട് ചെയ്ത മുസ്ലിം ലീഗ് വാറോല കാട്ടി കോണ്‍ഗ്രസിനെ പേടിപ്പിക്കേണ്ടെന്ന് ഡിസിസി അധ്യക്ഷന്‍ സി.പി. മാത്യു പറഞ്ഞു. തൊടുപുഴ നഗരസഭയിലേക്ക് വേണമെങ്കില്‍ ഒറ്റക്ക് മത്സരിക്കാന്‍ തയ്യാറെന്നും കോണ്‍ഗ്രസ് ജില്ലാ നേതൃത്വം വ്യക്തമാക്കി
അനുകൂല സാഹചര്യങ്ങളുണ്ടായിട്ടും നഗരസഭ ഭരണം പിടിക്കാമായിരുന്ന അവസരം തൊഴുത്തില്‍കുത്ത് കൊണ്ട് നഷ്ടപ്പെടുത്തിയതോടെയാണ് ഇടുക്കി ജില്ല യുഡിഎഫ് ഘടകത്തിലെ ഭിന്നത മറനീക്കി പുറത്തുവരുന്നത്. ലീഗ് ഉന്നയിക്കും പോലുള്ള ഒരു ധാരണയും ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലിയുണ്ടായിട്ടില്ല. ഭരണം കിട്ടിയാല്‍ കേരള കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പിന്നെ മുസ്ലീം ലീഗ് എന്നതായിരുന്നു തെരഞ്ഞെടുപ്പിന് മുന്നേയുള്ള ധാരണ. ഇടുക്കിയിലെ മുസ്ലീം ലീഗിനകത്തുള്ള പടലപ്പിണക്കമാണ് മുന്നണിക്കാകെ അവമതിപ്പുണ്ടാക്കുന്ന രീതിയില്‍ പ്രതിഫലിച്ചതെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. കോണ്‍ഗ്രസ് തിരുത്തിയാല്‍ സഹകരിക്കാമെന്ന ലീഗ് നിലപാടിനെ തള്ളിക്കളയുന്നു ഡിസിസി നേതൃത്വം
തിങ്കളാഴ്ച നടന്ന ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെങ്കില്‍ ഇടത് വോട്ടുകള്‍ ഉള്‍പ്പെടെ പിടിക്കാന്‍ ഡിസിസിക്ക് പദ്ധതിയുണ്ടായിരുന്നെന്നാണ് വിവരം. എന്നാല്‍ ഇത് ഉള്‍പ്പെടെ മുന്നണിയോഗത്തില്‍ വിശദീകരിച്ചിട്ടും ലീഗ് ഇടഞ്ഞുനിന്നെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. പരസ്യ വെല്ലുവിളിയുയര്‍ത്തി ലീഗ് നിസ്സഹകരണം പ്രഖ്യാപിച്ചതോടെ, സംസ്ഥാന നേതൃത്വം അനുനയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടെന്നാണ് വിവരം. രമ്യമായി പരിഹിക്കാവുന്ന പ്രശ്‌നം വഷളാക്കിയെന്നാരോപിച്ച് കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പും സ്വതന്ത്ര നിലപാടെടുക്കുകയാണ്. വരും ദിവസങ്ങളില്‍ യുഡിഎഫ് നേതൃത്വത്തിന് കൂടുതല്‍ തലവേദനയാവുകയാണ് തൊടുപുഴ നഗരസഭയെച്ചൊല്ലിയുള്ള തമ്മിലടി.