ലഖ്നൗ: നാലുപേര്‍ചേര്‍ന്ന് മര്‍ദിച്ച് അവശനാക്കി ജീവനോടെ മണ്ണില്‍ കുഴിച്ചിട്ട യുവാവിനു രക്ഷകരായെത്തിയത് തെരുവുനായ്ക്കള്‍.
ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ ജൂലൈ 18-നാണ് സംഭവം. വസ്തുതര്‍ക്കത്തെത്തുടര്‍ന്ന് തന്നെ മര്‍ദിക്കുകയും മരിച്ചെന്നുകരുതി മണ്ണില്‍ കുഴിച്ചുമൂടുകയുമായിരുന്നെന്ന് രൂപ് കിഷോര്‍ (24) പറഞ്ഞു.
അവിടെയെത്തിയ തെരുവുനായ്ക്കൂട്ടം കുഴിച്ചിട്ട സ്ഥലം മാന്തിത്തുരന്നതാണ് രക്ഷയായതെന്ന് കിഷോര്‍ പറഞ്ഞു. നായ്ക്കള്‍ കടിച്ചതോടെ ബോധം തിരിച്ചുകിട്ടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരോട് സഹായം അഭ്യര്‍ഥിച്ച കിഷോറിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മകനെ വീട്ടില്‍നിന്ന് ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നെന്ന് കിഷോറിന്റെ അമ്മ പറഞ്ഞു.
നാലുപേര്‍ക്കെതിരേ പരാതിലഭിച്ചതായും സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും ആഗ്ര പോലീസ് പറഞ്ഞു.