KeralaNEWS

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 131.70 അടി; സുരക്ഷ വീണ്ടും ചര്‍ച്ചയില്‍

ഇടുക്കി: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയെപ്പറ്റി സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച സജീവമായി. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തു കനത്ത മഴ പെയ്തപ്പോള്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ മഴപ്രദേശത്തു താരതമ്യേന മഴ കുറവായിരുന്നു. ജലനിരപ്പ് ഇതുവരെ ആശങ്കാജനകമായ വിധത്തില്‍ ഉയര്‍ന്നിട്ടില്ല. 131.70 അടി വെള്ളമാണ് ഇപ്പോള്‍ അണക്കെട്ടിലുള്ളത്. ഇത് 136 അടിയില്‍ എത്തിയാലേ സ്പില്‍വേ ഷട്ടറുകളുടെ ലെവലിലേക്ക് വെള്ളം എത്തുകയുള്ളൂ. അണക്കെട്ടിലെ അനുവദനീയ സംഭരണശേഷി 142 അടിയാണ്.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വിശദമായ പഠനം നടത്താന്‍ സുപ്രീം കോടതി 2010ല്‍ നിയോഗിച്ച ജസ്റ്റിസ് എ.എസ്.ആനന്ദ് കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് 2014ല്‍ അണക്കെട്ടിലെ ജലനിരപ്പ് 136ല്‍ നിന്ന് 142 അടിയാക്കി ഉയര്‍ത്തിയത്. അണക്കെട്ടിനു ബലക്ഷയമുണ്ടെന്ന കേരളത്തിന്റെ വാദം കോടതി അംഗീകരിച്ചില്ല. അണക്കെട്ടിന്റെ സുരക്ഷ കൃത്യമായ ഇടവേളകളില്‍ പരിശോധിക്കാന്‍ മേല്‍നോട്ട സമിതിക്കും സുപ്രീം കോടതി രൂപം നല്‍കി. അഞ്ചംഗങ്ങളുള്ള ഈ സമിതിയെ സഹായിക്കാന്‍ അഞ്ചംഗങ്ങളുള്ള ഉപസമിതിയും രൂപീകരിച്ചിട്ടുണ്ട്.

Signature-ad

ഈ സമിതികളുടെ പരിശോധനകള്‍ ഇടയ്ക്കു നടക്കാറുണ്ടെങ്കിലും ജനങ്ങളുടെ ആശങ്കയകറ്റാന്‍ ഇതു പര്യാപ്തമാകാറില്ല. മുല്ലപ്പെരിയാറില്‍ നിന്നു വെള്ളം കൊണ്ടുപോകുന്ന തമിഴ്‌നാട്ടിലെ വൈഗ ഡാമില്‍ 56 അടി വെള്ളമാണുള്ളത്. 71 അടിയാണ് സംഭരണശേഷി. മുല്ലപ്പെരിയാറിലേക്ക് സെക്കന്‍ഡില്‍ 2484 ഘനയടി വെള്ളം ഒഴുകിയെത്തുമ്പോള്‍ 1400 ഘനയടി വെള്ളം തമിഴ്‌നാട് കൊണ്ടുപോകുന്നുണ്ട്.

അതേസമയം, മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിനുള്ള കേരളത്തിന്റെ നീക്കത്തെ തമിഴ്‌നാട് സര്‍ക്കാര്‍ എതിര്‍ക്കുകയാണെങ്കിലും കേരളം ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. പുതിയ അണക്കെട്ട് എന്ന ആവശ്യം ഉന്നയിച്ചു കേരള നിയമസഭ പ്രമേയം പാസാക്കിയിട്ടുണ്ട്. പുതിയ അണക്കെട്ടിനുള്ള നടപടികള്‍ക്കായി പരിസ്ഥിതി അനുമതി തേടിയുള്ള കേരളത്തിന്റെ അപേക്ഷ പരിഗണിക്കാനിരുന്ന യോഗം കാരണം വ്യക്തമാക്കാതെ പരിസ്ഥിതി മന്ത്രാലയം കഴിഞ്ഞ മേയ് 28ന് ഉപേക്ഷിച്ചിരുന്നു.

എക്‌സ്‌പേര്‍ട്ട് അപ്രൈസല്‍ കമ്മിറ്റിയില്‍ (ഇഎസി) കേരളത്തിന്റെ അപേക്ഷ പരിഗണിക്കാന്‍ നേരത്തേ തീരുമാനിച്ചിരുന്നെങ്കിലും തമിഴ്‌നാട് എതിര്‍പ്പറിയിച്ചിരുന്നു. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള പ്രോജക്ട് റിപ്പോര്‍ട്ട് (ഡിപിആര്‍) കേരളം പൂര്‍ത്തിയാക്കുകയാണ്. നിലവിലുള്ള അണക്കെട്ട് പൊളിക്കുന്നതിന്റെ പാരിസ്ഥിതിക ആഘാത പഠനത്തിനാണ് കേരളം കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു കത്തു നല്‍കിയത്.

 

 

 

Back to top button
error: