IndiaNEWS

ആമസോണില്‍നിന്ന് 55,000 രൂപയുടെ മൊബൈല്‍ ഓര്‍ഡര്‍ ചെയ്തു; കയ്യില്‍ കിട്ടിയത് ചായക്കപ്പുകള്‍

മുംബൈ: ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴി ഫോണും ടിവിയുമെല്ലാം ഓര്‍ഡര്‍ ചെയ്ത ശേഷം പണം നഷ്ടമായ നിരവധി സംഭവങ്ങള്‍ കേട്ടിട്ടുണ്ട്. ഫോണിനു പകരം സോപ്പും ടിവിക്കു പകരം ഇഷ്ടികയും മറ്റും ഉപഭോക്താവിന് ലഭിച്ച നിരവധി സംഭവങ്ങള്‍. ഈയിടെ മുംബൈ സ്വദേശിയായ എഞ്ചിനിയര്‍ക്കും അത്തരത്തിലൊരു അക്കിടി പറ്റി. പ്രമുഖ ഇ-കൊമേഴ്‌സ് സൈറ്റായ ആമസോണില്‍ നിന്നും മൊബൈല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്ത യുവാവിന് കിട്ടിയത് ചായക്കപ്പുകളായിരുന്നു.

ബൃഹന്‍മുംബൈ ഇലക്ട്രിക് സപ്ലൈ ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് (ബെസ്റ്റ്) സ്ഥാപനത്തിലെ ഡെപ്യൂട്ടി എഞ്ചിനീയറായ അമര്‍ ചവാന്‍ ജൂലൈ 13ന് ആമസോണില്‍ നിന്ന് ഒരു ടെക്നോ ഫാന്റം വി ഫോള്‍ഡ് മൊബൈല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്തിരുന്നു. ഓണ്‍ലൈനായി 54,999 രൂപയും അടച്ചു. രണ്ട് ദിവസത്തിനു ശേഷം പാഴ്‌സലെത്തിയപ്പോള്‍ അമര്‍ ഞെട്ടിപ്പോയി. ഫോണിന് പകരം ആറ് ചായക്കപ്പുകളാണ് ബോക്‌സിലുണ്ടായിരുന്നത്. ആമസോണുമായി ബന്ധപ്പെട്ടെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്ന് അമര്‍ പറഞ്ഞു. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും റീട്ടെയിലര്‍ക്കെതിരെ അന്വേഷണം നടക്കുകയാണെന്നും മാഹിം പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആമസോണ്‍ ഇന്ത്യ ഇതിനോട് പ്രതികരിച്ചിട്ടില്ല.

Signature-ad

ഈയിടെ ബെംഗളൂരുവിലും സമാന സംഭവമുണ്ടായിട്ടുണ്ട്. ആമസോണില്‍ നിന്നും എക്‌സ്‌ബോക്‌സ് കണ്‍ട്രോളര്‍ ഓര്‍ഡര്‍ ചെയ്ത സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാര്‍ക്ക് ലഭിച്ചത് ജീവനുള്ള മൂര്‍ഖന്‍ പാമ്പിനെയായിരുന്നു. പാമ്പ് പാക്കേജിംഗ് ടേപ്പില്‍ കുടുങ്ങിയതിനാല്‍ ദമ്പതികള്‍ കടിയേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി ദമ്പതികള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.

നേരത്തെ ആമസോണില്‍ നിന്നും 19,900 രൂപ വിലയുള്ള സോണി എക്‌സ്.ബി910എന്‍ വയര്‍ലെസ് ഹെഡ്ഫോണ്‍ ഓര്‍ഡര്‍ ചെയ്ത ഉപഭേക്താവിന് ലഭിച്ചത് കോള്‍ഗേറ്റിന്റെ ടൂത്ത് പേസ്റ്റായിരുന്നു. സംഭവത്തില്‍ ആമസോണിനെതിരെ വിമര്‍ശനം ശക്തമായതോടെ മാപ്പ് പറഞ്ഞ് കമ്പനി രം?ഗത്തെത്തിയിരുന്നു. ആമസോണില്‍ നിന്ന് സിഗ്മ 24-70 എഫ് 2.8 ലെന്‍സ് ഓര്‍ഡര്‍ യുവാവിന് ഒരു പായ്ക്കറ്റ് ക്വിനോവ വിത്തുകള്‍ ലഭിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.ആമസോണില്‍ ഓര്‍ഡര്‍ ചെയ്ത ആപ്പിള്‍ വാച്ചിന് പകരം വ്യാജ റിസ്റ്റ് വാച്ച് ലഭിച്ചതായി മറ്റൊരു ഉപഭോക്താവ് പരാതിപ്പെട്ടിരുന്നു.

 

Back to top button
error: