ആധുനിക ലോകത്ത് വായനയുടെ പങ്കും പ്രാധാന്യവും വ്യക്തമാക്കി മറ്റൊരു വായനാദിനം കൂടി വന്നെത്തിയിരിക്കുകയാണ്. എല്ലാ വര്‍ഷവും ജൂണ്‍ 19 ദേശീയ വായനാദിനമായി ആചരിക്കുന്നത്. കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന പി എന്‍ പണിക്കരുടെ ചരമവാര്‍ഷിക ദിനമാണ് ദേശീയ വായനാദിനമായി ആചരിക്കുന്നത്.
വ്യക്തിപരവും സാമൂഹികവുമായ വളര്‍ച്ചയ്ക്കുള്ള ഒരു ഉപാധിയായി വായനയെ പ്രോത്സാഹിപ്പിച്ച പി.എന്‍ പണിക്കരോടുള്ള ആദര സൂചകമായാണ് അദ്ദേഹത്തിന്റെ ചരമദിനം വായനാദിനമായി ആചരിക്കുന്നത്. ഒപ്പം ഇന്ത്യയിലെ സാക്ഷരതാ പ്രസ്ഥാനത്തിന് പി എന്‍ പണിക്കര്‍ നല്‍കിയ സംഭാവനകള്‍ക്കുള്ള സ്മരണ കൂടിയാണ് ഈ ദിവസം. കേരളത്തിലെ വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ ജൂണ്‍ 19 മുതല്‍ 25 വരെ സ്‌കൂളുകളില്‍ വായനവാരം ആഘോഷിക്കുന്നുണ്ട്.
അധ്യാപകനായ പിഎന്‍ പണിക്കരാണ് സനാതന ധര്‍മ ലൈബ്രറിയുടെ സ്ഥാപകന്‍. 1945 ലാണ് പിഎന്‍ പണിക്കരുടെ നേതൃത്വത്തില്‍ തിരുവിതാംകൂര്‍ ഗ്രന്ഥശാലാ സംഘത്തിന് തുടക്കമിട്ടു. പില്‍ക്കാലത്ത് അത് കേരള ഗ്രന്ഥശാലാ സംഘം (കെജിഎസ്) ആയി മാറി. 47 ഓളം പ്രാദേശിക ഗ്രന്ഥശാലകള്‍ ഉള്‍പ്പെട്ട ഈ കൂട്ടായ്മ സമൂഹത്തിന്റെ താഴെത്തട്ടില്‍ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിച്ചത്. 1956-ല്‍ കേരള സംസ്ഥാന രൂപീകരണത്തിനുശേഷം പണിക്കര്‍ കെജിഎസ് ശൃംഖല വിപുലീകരിച്ച് ഏകദേശം 6,000 ലൈബ്രറികള്‍ കൂടി ഇതിനൊപ്പം ഉള്‍പ്പെടുത്തി.
1977-ല്‍ സംഘടനയുടെ നടത്തിപ്പ് കേരള സര്‍ക്കാര്‍ ഏറ്റെടുക്കുന്നതുവരെ കെജിഎസ്സിന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു പണിക്കര്‍. പണിക്കരുടെ നേതൃത്വത്തിന് കീഴില്‍ 1975-ല്‍ കെജിഎസിന് യുനെസ്‌കോ കൃപ്സകായ പുരസ്‌കാരം ലഭിച്ചിരുന്നു. ഗ്രാമീണ മേഖലയിലെ സാക്ഷരതാ നിരക്കും വിദ്യാഭ്യാസ അവബോധവും വര്‍ധിപ്പിക്കുന്നതിനായി കേരള അസോസിയേഷന്‍ ഫോര്‍ നോണ്‍ ഫോര്‍മല്‍ എജ്യുക്കേഷന്‍ ആന്‍ഡ് ഡെവലപ്മെന്റും (കാന്‍ഫെഡ്) പണിക്കര്‍ സ്ഥാപിച്ചു. 1995 ജൂണ്‍ 19 നാണ് അദ്ദേഹം അന്തരിച്ചത്.