വിധി കേട്ടപ്പോള്‍ അവര്‍ പറഞ്ഞത് ഇതാണ്: ഗൂഢാലോചന നടത്തിയത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെന്ന് എം.വി.ഗോവിന്ദന്‍; കേസില്‍ നിന്ന് മോചിതനാകുമെന്ന് നടന് നേരത്തെ അറിയാമായിരുന്നുവെന്ന് നികേഷ്‌കുമാര്‍; അന്തിമവിധി ആയിട്ടില്ലല്ലോ നമുക്ക് കാത്തിരിക്കാമെന്ന് ഡോ.ബി.സന്ധ്യ: സര്‍ക്കാരെന്നും അതിജീവിതക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാന്‍; ദിലീപ് അഗ്നിശുദ്ധി വരുത്തി പുറത്തുവന്നതില്‍ സന്തോഷമെന്ന് നിര്‍മാതാവ് സുരേഷ്‌കുമാര്‍

തൃശൂര്‍: നടിയെ ആക്രമിച്ച കേസില്‍ ആറുപേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുകയും നടന്‍ ദിലീപ് അടക്കമുള്ളവരെ കുറ്റവിമുക്തരാക്കുകയും ചെയ്ത കോടതി വിധി കേട്ടപ്പോള്‍ കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ സിനിമാ മേഖലയിലുള്ളവര്‍ പ്രതികരിച്ചത് ഇങ്ങനെയൊക്കെയാണ് –
എം.വി.ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറി

നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചന നടത്തിയത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അതിജീവിക്കൊപ്പമാണ് സര്‍ക്കാര്‍. നീതി കിട്ടാന്‍ ഏതറ്റം വരെയും പോകാന്‍ തയ്യാറെന്നാണ് സിപിഎം നിലപാട്. ഗൂഢാലോചന തെളിയിക്കപ്പെടണമെന്നാണ് കേരള സമൂഹം ആഗ്രഹിക്കുന്നത്.
ഇത്തരം കേസുകളില്‍ തെളിവുകള്‍ ശേഖരിക്കുക എന്നത് പ്രയാസമുള്ള കാര്യമാണ്. പക്ഷേ അത് കൃത്യമായ രീതിയില്‍ തെളിയിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദിലീപിന്റെ പ്രതികരണത്തിന് പ്രസക്തിയില്ല. എല്ലാ ക്രിമിനലുകളേയും നേരിട്ട് കൊണ്ടാണ് പോലീസ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഈ കേസിന്റെ വിധിയില്‍ യഥാര്‍ത്ഥത്തില്‍ ഗൂഢാലോചന തെളിയിക്കപ്പെടുന്നതിന് അപ്പീല്‍ പോവും. സര്‍ക്കാരും അതിജീവിതയ്‌ക്കൊപ്പമാണ്. അതിജീവിത വിധിയില്‍ തൃപ്തിയില്ലെന്നാണ് പ്രതികരിച്ചത്. അവരുടെ തൃപ്തിയാണ് പ്രധാനം. പ്രോസിക്യൂഷന് വീഴ്ച്ചയുണ്ടോ എന്ന് പരിശോധിക്കണം.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം.വി. നികേഷ്‌കുമാര്‍

ദിലീപിന്റെ പ്രതികരണം മുന്‍കൂട്ടി തയ്യാറാക്കിയതാണെന്ന് വ്യക്തം. കേസില്‍ നിന്ന് മോചിതനാകുമെന്ന് നടന് നേരത്തെ അറിയാമായിരുന്നു എന്ന് വ്യക്തമാണ്. സര്‍ക്കാരിനും അതിജീവിതയ്ക്കും നേരത്തെയും വിചാരണക്കോടതിയില്‍ നിന്ന് നീതി ലഭിച്ചിട്ടില്ല.
വളരെ ശ്രദ്ധാപൂര്‍വ്വം നേരത്തെ തന്നെ തയ്യാറാക്കിയ പ്രതികരണമാണ് ദിലീപ് വിധിക്ക് ശേഷം മാധ്യമങ്ങള്‍ക്ക് നല്‍കിയത്. കാരണം ഈ കേസില്‍ നിന്ന് മോചിതനാകുമെന്ന് ദിലീപിന് വ്യക്തതയുണ്ടായിരുന്നു. എന്നാല്‍, നീതിന്യായ വ്യവസ്ഥയില്‍ അതിജീവിത ഇപ്പോഴും വിശ്വസിക്കുന്നുണ്ട്. അതുകൊണ്ടാണ് അവര്‍ പെട്ടെന്നൊരു പ്രതികരണത്തിലേക്ക് പോകാത്തത് എന്ന് വേണം കരുതാന്‍.
ഇവിടെ അതിജീവിതയ്ക്ക് മാത്രമല്ല സ്റ്റേറ്റിനും നീതി കിട്ടിയിട്ടില്ല. ഈ കേസില്‍ ആദ്യമായിട്ടില്ല ഇങ്ങനെ സംഭവിക്കുന്നത്. നേരത്തെ രണ്ട് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ ഈ കേസില്‍ നിന്നും രാജിവെച്ച് പോയത് നമ്മള്‍ ഓര്‍മിക്കണം. കോടതി മാറ്റണമെന്ന് രണ്ട് തവണ അതിജീവിത മേല്‍ക്കോടതികളോട് ആവശ്യപ്പെട്ടിരുന്നു. അന്ന് ആ ആവശ്യം അംഗീകരിക്കപ്പെട്ടില്ല.
അന്വേഷണ ഉദ്യോഗസ്ഥയായിരുന്ന ഡോ.ബി സന്ധ്യ

അന്തിമ വിധി വരുന്നത് വരെ അതിജീവിതയ്ക്കൊപ്പം അന്വേഷണ സംഘവും പ്രോസിക്യൂഷനും ഉണ്ടാകും. മേല്‍ക്കോടതികളില്‍ പോയി പോരാടും. ഈ കേസിലൂടെ കേരളത്തിലെ സിനിമാ മേഖലയില്‍ ഒരുപാട് മാറ്റങ്ങളുണ്ടായി. അന്തിമ വിധി വരെ കാത്തിരിക്കാം.
ഈ കേസിലൂടെ കേരളത്തിലെ സിനിമാ മേഖലയില്‍ ഒരുപാട് പോസിറ്റീവായ മാറ്റങ്ങള്‍ വന്നു എന്നാണ് വ്യക്തമാകുന്നത്. അന്തിമ വിധി വരെ അതിജീവിതയ്ക്കൊപ്പം അന്വേഷണസംഘവും പ്രോസിക്യൂഷനും ഉണ്ടാകും. മുന്നോട്ട് പോവുക തന്നെ ചെയ്യും. ഒരുപാട് വെല്ലുവിളികള്‍ നേരിട്ടിട്ടുണ്ട് വിചാരണാവേളയില്‍. അതുകൊണ്ടുതന്നെ മേല്‍ക്കോടതികളില്‍ നീതിക്കായി അന്വേഷണസംഘവും പ്രോസിക്യൂഷനും പോരാടുമെന്ന് കരുതുന്നു. അന്തിമവിധി ആയിട്ടില്ലല്ലോ നമുക്ക് കാത്തിരിക്കാം.
സാംസ്‌കാരിക വകുപ്പുമന്ത്രി സജി ചെറിയാന്‍

സര്‍ക്കാര്‍ എന്നും അതിജീവിതക്കൊപ്പമാണ്, കുറ്റം ചെയ്തത് ഏത് ഉന്നതനാണെങ്കിലും ശിക്ഷ ഉറപ്പാക്കും. അത് ഈ സര്‍ക്കാര്‍ നല്‍കുന്ന ഉറപ്പാണ്. കോടതി വിധിയിലെ പരാമര്‍ശങ്ങള്‍ മനസ്സിലാക്കിയ ശേഷം മാത്രമേ കൂടുതല്‍ പ്രതികരണംത നടത്തും. മേല്‍കോടതിയിലേക്ക് പോകുന്ന കാര്യത്തെ കുറിച്ച് ഇപ്പോള്‍ പ്രതികരിക്കാനാവില്ല. കോടതി നിരീക്ഷണം മനസ്സിലാക്കിയ ശേഷം മാത്രം പ്രതികരിക്കാന്‍ കഴിയുകയുള്ളു. പോലീസിന്റെയും പ്രോസിക്യൂഷന്റെയും ഭാഗത്തു നിന്ന് വീഴ്ച വന്നെന്ന ആരോപണം തെറ്റാണ്. അങ്ങിനെ വീഴ്ച വന്നിട്ടുണ്ടെങ്കില്‍ കേസിലെ ആറുപ്രതികളെ കോടതി കുറ്റക്കാരെന്ന് കണ്ടെത്തുമായിരുന്നോ? സര്‍ക്കാര്‍ അന്നും ഇന്നും എന്നും അതിജീവിതക്കൊപ്പമാണ്. വിധി വിശദമായി പഠിച്ചശേഷം തുടര്‍ നടപടി തീരുമാനിക്കും.
നടനും നിര്‍മാതാവും നടി കീര്‍ത്തി സുരേഷിന്റെ പിതാവും നടി മേനകയുടെ ഭര്‍ത്താവുമായ സുരേഷ്‌കുമാര്‍

സത്യമേവ ജയതേ, സത്യം ജയിക്കും എല്ലായ്‌പ്പോഴും, ഇത് കുറേ സിനിമാക്കാരും പോലീസുകാരും ഉള്‍പ്പെടെ ഒരാള്‍ക്കെതിരെ നടത്തിയ ഗൂഢാലോചനയാണ്. ദിലീപിനെ ജയിലില്‍ പോയി കണ്ടപ്പോഴും ഞാനിത് പറഞ്ഞതാണ്. ഇതിനൊക്കെ ആര് ഉത്തരം പറയും. ആ കുടുംബം അനുഭവിച്ച ട്രോമ ഞങ്ങള്‍ക്കറിയാം. ആ കുഞ്ഞിനെ വരെ വേട്ടയാടി. ആ കുട്ടിക്ക് സ്‌കൂളില്‍ പോകാന്‍ പറ്റാതെ അവളെ മദ്രാസില്‍ കൊണ്ടുപോയി താമസിപ്പിക്കേണ്ടി വന്നു. എന്തെങ്കിലും ഒരു തെളിവ് ഇവര്‍ക്ക് നിരത്താന്‍ കഴിഞ്ഞോ. ഏത് കോടതിയില്‍ പോയാലും കുഴപ്പമില്ല. പക്ഷെ കഴിഞ്ഞ എട്ടര വര്‍ഷം എന്തൊരു വലിയ ഹരാസ്‌മെന്റാണ് അദ്ദേഹം നേരിടേണ്ടി വന്നത്.
എത്ര കോടികളാണ് അദ്ദേഹത്തിന് ചെലവഴിക്കേണ്ടി വന്നത്. ഈ കാര്യത്തില്‍ വലിയൊരു ഗൂഢാലോചന നടന്നിട്ടുണ്ട്. അദ്ദേഹം അഗ്‌നിശുദ്ധി വരുത്തി പുറത്തുവന്നിരിക്കുകായണ് ഇപ്പോള്‍. വലിയ സന്തോഷമുള്ള കാര്യമാണ്. ഞാന്‍ അനിയനെ പോലെ കാണുന്ന ആളാണ്. എന്റെ സിനിമയിലൂടെയാണ് ആദ്യമായിട്ട് ദിലീപ് വരുന്നത്. വിഷ്ണുലോകം എന്ന സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. അന്ന് മുതല്‍ എനിക്ക് അറിയാവുന്നതാണ് ദിലീപിനെ. ഒരു തെറ്റും ചെയ്യാത്ത അദ്ദേഹം 85-90 ദിവസം ജയിലില്‍ ഇട്ടു.ഇതിനൊക്കെ ആര് നഷ്ടപരിഹാരം കൊടുക്കും. സര്‍ക്കാരും പോലീസും ഇതില്‍ ഉത്തരം പറയേണ്ടതുണ്ട്. നല്ല പോലീസുകാരുണ്ട്, പക്ഷെ പേര് കിട്ടാന്‍ വേണ്ടി വൃത്തികേട് കാണിക്കുന്നവരും ഉണ്ട്.






